ന്യൂദല്‍ഹി: ഇന്ത്യന്‍ നായകന്‍ വിരാട് കോഹാ ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും വിദേശരാജ്യത്ത് വച്ച് വിവാഹിതരായതിനെതിരെ ബി.ജെ.പി എം.എല്‍.എ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. രാജ്യത്തോട് സ്‌നേഹമില്ലാത്തതിനാണ് വിവാഹം വിദേശത്താക്കിയതെന്നായിരുന്നു മധ്യപ്രദേശ് ബി.ജെ.പി എം.എല്‍.എ പന്നാ ലാല്‍ ഷാക്യയുടെ പ്രസ്താവന. സോഷ്യല്‍ മീഡിയയിലടക്കം നിരവധി പേരാണ് എം.എല്‍.എയ്ക്കെതിരെ രംഗത്തെത്തിയത്.
അതേസമയം, എം.എല്‍.എയ്ക്ക് പിന്തുണയുമായി സംഘപരിവാര്‍ ഗ്രൂപ്പുകളും സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. അത്തരക്കാര്‍ക്കെല്ലാം ചുട്ട മറുപടി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. വിവാഹം കഴിക്കുന്നത് വിവാഹ വേദി തെരഞ്ഞെടുക്കുന്നത് വധു-വരന്മാരുടെ വ്യക്തിപരമായി കാര്യമാണെന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം.
“വിവാഹം കഴിക്കുന്നതും വിവാഹ വേദി തെരഞ്ഞെടുക്കുന്നതും അവരുടെ വ്യക്തിപരമായ കാര്യമാണ്. അതില്‍ അഭിപ്രായം പറയാന്‍ ഒരാള്‍ക്കും അവകാശമില്ല. ഇതുപോലുള്ള പ്രസ്താവനകള്‍ നടത്തുമ്പോള്‍ രാഷ്ട്രീയക്കാര്‍ വളരെയധികം സൂക്ഷിക്കേണ്ടതുണ്ട്.” എന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം.
കോഹ്ലി ഇവിടെ നിന്ന് പണമുണ്ടാക്കി ബില്ല്യണ്‍ കണക്കിന് ഇറ്റലിയില്‍ ചിലവഴിക്കുകയാണ് ചെയ്തത്. ഇതിനര്‍ത്ഥം രാജ്യത്തെ കോഹ്ലി ബഹുമാനിക്കുന്നില്ലെന്നാണ്. ഇത് തെളിയിക്കുന്നത് അദ്ദേഹമൊരു രാജ്യ സ്നേഹിയല്ലെന്നായിരുന്നു കഴിഞ്ഞദിവസം പന്ന ലാല്‍ ഷാക്യ പറഞ്ഞത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബി.ജെ.പി തനി നിറം പുറത്തെടുത്തെന്നും ഇത് തെണ്ടിത്തരമാണെന്നുമാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.
“വിരാട് ഇന്ത്യയില്‍ നിന്നാണ് പണം ഉണ്ടാക്കിയത്. പക്ഷെ വിവാഹം നടത്താന്‍ രാജ്യത്ത് എവിടെയും അദ്ദേഹത്തിന് സ്ഥലം കിട്ടിയില്ല. ഹിന്ദുസ്ഥാന്‍ എന്താണ് തൊട്ടുകൂടായ്മയുണ്ടോ ? ശ്രീരാമനും ശ്രീകൃഷ്ണനും വിക്രമാദിത്യനും യുധിഷ്ഠിരനുമെല്ലാം ഈ മണ്ണില്‍ നിന്നാണ് വിവാഹം ചെയ്തത്. നിങ്ങളെല്ലാവരും ഇവിടെ വെച്ച് വിവാഹിതരാകേണം. ഞങ്ങളാരും തന്നെ കല്ല്യാണം കഴിക്കാന്‍ വിദേശത്തേക്ക് പോകുന്നില്ല.” എന്നും എം.എല്‍.എ പറഞ്ഞിരുന്നു.
ഇറ്റലിയില്‍ നിന്നുള്ള നൃത്തകര്‍ ഇന്ത്യയില്‍ വന്ന് കോടിപതികളാകുന്നുണ്ടെന്നും ബി.ജെ.പി എം.എല്‍.എ പറഞ്ഞിരുന്നു. ഇറ്റലിയില്‍ വെച്ചായിരുന്നു അനുഷ്‌ക- കോഹ്‌ലി വിവാഹം. അനുഷ്‌കയുടെയും കോഹ്‌ലിയുടെയും വിവാഹം ഇറ്റലിയിലെ ടസ്‌കാനിയിലെ ബോര്‍ഗോ ഫിനോച്ചീറ്റോ എന്ന റിസോര്‍ട്ടിലായിരുന്നു നടന്നിരുന്നത്. ലോകത്തെ ഏറ്റവും ചിലവേറിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.