| Thursday, 23rd November 2023, 10:21 pm

ഫൈനലില്‍ ഇന്ത്യ ആക്രമിച്ച് തന്നെ കളിക്കണമായിരുന്നു; വിമര്‍ശനവുമായി ഗൗതം ഗംഭീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

2023 ഐ.സി.സി ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ മൂന്നാം കിരീട സ്വപ്നം നഷ്ടമായി. ഇന്ത്യ ഉയര്‍ത്തിയ 240 റണ്‍സ് 43 ഓവറില്‍ ആറ് വിക്കറ്റ് ബാക്കിനില്‍ക്കെ ഓസ്‌ട്രേലിയ മറികടക്കുകയായിരുന്നു.

ലോകകപ്പ് നഷ്ടമായതിന് പുറമേ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പ്രകടനത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഇന്ത്യ കൂടുതല്‍ ആക്രമണ സമീപനം കാണിക്കണമായിരുന്നെന്നാണ് ഗംഭീര്‍ പറയുന്നത്. മധ്യ ഓവറുകളില്‍ റിസ്‌ക് എടുക്കേണ്ടതിന്റെ പ്രാധാന്യം ഗംഭീര്‍ ഊന്നി പറഞ്ഞു. കെ.എല്‍. രാഹുലിനെ പോലുള്ള ബാറ്റര്‍ ക്രീസില്‍ ഉള്ളപ്പോള്‍ കൂടുതല്‍ ബൗണ്ടറികളും റണ്‍സും നേടിത്തരുന്നത് മത്സരഫലത്തെ മാറ്റിമറിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 11 മുതല്‍ 40 വരെയുള്ള ഓവറുകളില്‍ ആക്രമണനിരക്ക് വളരെ കുറവായത് ഗംഭീര്‍ ചൂണ്ടിക്കാട്ടി.

‘ഇരുവശവും മൂര്‍ച്ചയുള്ള വാള്‍ പോലെയാണിത്. ഏറ്റവും ധൈര്യമുള്ള ടീം ലോകകപ്പ് സ്വന്തമാക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു കൂട്ടുകെട്ട് ഉയര്‍ത്താന്‍ സമയമെടുക്കുമെന്ന് ഞാന്‍ മനസ്സിലാക്കുന്നുണ്ട്, എന്നാല്‍ 11ാം ഓവര്‍ മുതല്‍ 40ാം ഓവര്‍ വരെ സമയമെടുക്കുന്നത് കുറച്ച് കടന്നതാണ്. ആരെങ്കിലും ആ അവസരം മുതലാക്കണമായിരുന്നു.

150 റണ്‍സ് നേടിയാല്‍ പോലും ഇന്ത്യ ആക്രമണരീതിയില്‍ കളിച്ചു പുറത്താക്കണമെന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ഫൈനലില്‍ 240 റണ്‍സ് പ്രതിരോധിക്കുന്നത് ശരിയായ സമീപനം അല്ല. സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ ധീരമായ നിലപാട് സ്വീകരിക്കാത്തതിനാലാണ് ഇന്ത്യയ്ക്ക് ഐ.സി.സി ടൂര്‍ണമെന്റ് ഫൈനല്‍ നഷ്ടമായത്. പുറത്തായെങ്കിലും രോഹിത് ആക്രമണ സ്വഭാവം സ്വീകരിച്ചിരുന്നു,’ അദ്ദേഹം സ്‌പോര്‍ട്‌സ് കീഡയില്‍ പറഞ്ഞു.

രാഹുലും വിരാട് കോഹ്‌ലിയും തമ്മിലുള്ള കൂട്ടുകെട്ട് ഗംഭീര്‍ എടുത്തു പറഞ്ഞിരുന്നു പുറമേ മറ്റുള്ളവരും ആക്രമിച്ച് കളിക്കേണ്ടതായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘കോഹ്‌ലി ഇന്നിങ്‌സ് കെട്ടിപ്പുക്കുമ്പോള്‍ മറ്റുള്ളവരും ആക്രമിച്ച് കളിക്കണമായിരുന്നു. കെ. എല്‍ രാഹുല്‍ റിസ്‌ക് എടുക്കണമായിരുന്നു. ധൈര്യം കാണിച്ചിരുന്നെങ്കില്‍ ലോകകപ്പ് ചാമ്പ്യരാകാന്‍ 310 റണ്‍സെങ്കിലും എടുക്കാമായിരുന്നു. ഇത് 1990കളല്ല, ഞങ്ങള്‍ക്ക് 300 റണ്‍സിന് മുകളില്‍ വേണമായിരുന്നു. അതിലെത്താന്‍ ഇന്ത്യയ്ക്ക് ധൈര്യം ഇല്ലായിരുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യക്ക് വേണ്ടി രാഹുല്‍ 107 പന്തില്‍ ഒരു ബൗണ്ടറി മാത്രം നേടി 66 റണ്‍സാണ് നേടിയത്. കോഹ്‌ലി 63 പന്തില്‍ നാല് ബൗണ്ടറികളടക്കം 54 റണ്‍സാണ് നേടിയത്. രോഹിത് ശര്‍മ 31 പന്തില്‍ നാല് സിക്‌സറുകളും നാല് ബൗണ്ടറികളുമുള്‍പ്പെടെ 47 റണ്‍സും നേടിയിരുന്നു.

Content Highlight: Gautam Gambhir criticized that India should have attacked and played in the final

We use cookies to give you the best possible experience. Learn more