വിരാട് കോഹ്‌ലിയുടെ നിരന്തര വിമര്‍ശകരില്‍ പ്രധാനിയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. വിരാട് കോഹ്‌ലി മികച്ച രീതിയില്‍ കളിക്കുകയും ഇന്ത്യയെ ജയിപ്പിക്കുകയും ചെയ്യുന്ന മത്സരത്തെ കുറിച്ചൊന്നും പറയാതെ അദ്ദേഹം പരാജയപ്പെടുന്ന മത്സരങ്ങളെ ഉയര്‍ത്തിക്കാണിച്ച് വിമര്‍ശനങ്ങളുന്നയിക്കാന്‍ ഗംഭീര്‍ എന്നും മുമ്പില്‍ തന്നെയുണ്ടായിരുന്നു.
ഗൗതം ഗംഭീറിന് വിരാട് കോഹ്‌ലിയോട് അസൂയയാണെന്നാണ് ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചര്‍ച്ചകളിലൊന്ന്. തനിക്ക് എത്തിപ്പിടിക്കാന്‍ സാധിക്കാത്ത പലതും മറ്റൊരാള്‍ നേടുമ്പോഴുള്ള സ്വാഭാവിക പ്രതികരണമാണ് ഗംഭീര്‍ നടത്തുന്നതെന്നും സോഷ്യല്‍ മീഡിയ പറയുന്നു.
ബംഗ്ലാദേശിനെതിരായ മത്സരത്തിന് ശേഷവും ഗംഭീര്‍ വിരാടിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. ഒരു ബൗണ്‍സര്‍ നോ ബോള്‍ വിളിക്കാന്‍ അമ്പയറിനോട് ആവശ്യപ്പെട്ടതും അതിന് പിന്നാലെ ബംഗ്ലാ നായകന്‍ ഷാകിബ് അല്‍ ഹസന്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചതിനും പിന്നാലെയാണ് വിമര്‍ശനവുമായി ഗംഭീര്‍ രംഗത്തെത്തിയത്.
വിരാട് ക്രിക്കറ്റില്‍ മാത്രം ശ്രദ്ധിക്കണമെന്നും അമ്പയറോട് നിര്‍ദേശം വെക്കാന്‍ പാടില്ലെന്നുമാണ് ഗംഭീര്‍ പറയുന്നത്.
പ്രമുഖ കായിക മാധ്യമമായ ക്രിക് ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘ഒരു ബാറ്റര്‍ ഒരിക്കലും അമ്പയറുടെ ജോലി ചെയ്യരുത്. നോ ബോള്‍ വിളിക്കേണ്ടത് അമ്പയറാണ്. ബാറ്റ് ഉപയോഗിച്ച് കളിക്കുന്നതില്‍ മാത്രമാകണം അവന്‍ ശ്രദ്ധിക്കേണ്ടത്,’ ഗംഭീര്‍ പറയുന്നു.
അതേസമയം, 44 പന്തില്‍ നിന്നും 64 റണ്‍സ് നേടി ഇന്ത്യയുടെ വിജയത്തിന് നിര്‍ണായകമായ കോഹ്‌ലിയെ തന്നെയാണ് കളിയിലെ താരമായി തെരഞ്ഞെടുത്തത്.
.@imVkohli bagged the Player of the Match award as #TeamIndia beat Bangladesh in Adelaide. 👌 👌
ലോകകപ്പില്‍ വീണ്ടുമൊരു ലാസ്റ്റ് ഓവര്‍ ക്ലൈമാക്സിനായിരുന്നു അഡ്‌ലെയ്ഡ് സാക്ഷ്യം വഹിച്ചത്. മഴമൂലം സ്‌കോര്‍ പുനര്‍നിശ്ചയിച്ച മത്സരത്തില്‍ കടുവകളുടെ കൂട്ടക്കുരുതി നടത്തിയാണ് വിജയത്തോടെ ഇന്ത്യ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്സില്‍ ഒന്നാമതെത്തിയത്. അഞ്ച് റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.
മുന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ അപരാജിത ഇന്നിങ്സായിരുന്നു ഇന്ത്യക്ക് തുണയായത്. 44 പന്തില്‍ നിന്നും 64 റണ്‍സ് നേടിയ കോഹ്ലിയും അര്‍ധ സെഞ്ച്വറി നേടിയ കെ.എല്‍. രാഹുലും കട്ടക്ക് കൂടെ നിന്ന സൂര്യകുമാര്‍ യാദവും ചേര്‍ന്നപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 184ലെത്തിയിരുന്നു. ആറ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ഇന്ത്യ വിജയലക്ഷ്യം കുറിച്ചത്.
ടൂര്‍ണമെന്റില്‍ കെ.എല്‍. രാഹുലിന്റെ ആദ്യത്തെ മികച്ച പ്രകടനമായിരുന്നു അഡ്‌ലെയ്ഡില്‍കണ്ടത്. 32 പന്തില്‍ നിന്നും 50 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഇവര്‍ക്ക് പുറമെ 16 പന്തില്‍ നിന്നും 30 റണ്‍സുമായി മികച്ച ഇന്നിങ്‌സ് പുറത്തെടുത്ത സൂര്യകുമാര്‍ യാദവിന്റെ ഇന്നിങ്‌സും ഇന്ത്യക്ക് തുണയായി.
ബംഗ്ലാദേശിനെതിരായ വിജയത്തിന് പിന്നാലെ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതെത്താനും ഇന്ത്യക്കായി.