ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിന് മുമ്പ് ഓണ്‍ലൈന്‍ സെലക്ടര്‍മാരെയും ക്രിക്കറ്റ് എക്‌സ്‌പേര്‍ട്ടുകളെയും വിമര്‍ശിച്ച് പരിശീലകന്‍ ഗൗതം ഗംഭീര്‍. സോഷ്യല്‍ മീഡിയയല്ല പ്ലെയിങ് ഇലവനെ തീരുമാനിക്കുന്നതെന്നും കെ.എല്‍. രാഹുലിനെ പിന്തുണയ്ക്കാന്‍ തന്നെയാണ് മാനേജ്‌മെന്റിന്റെ തീരുമാനമെന്നും ഗംഭീര്‍ പറഞ്ഞു.
‘സോഷ്യല്‍ മീഡിയ അല്ല ഇന്ത്യയുടെ പ്ലെയിങ് ഇലവനെ തീരുമാനിക്കുന്നത്. സോഷ്യല്‍ മീഡിയയോ ക്രിക്കറ്റ് വിദഗ്ധരോ എന്ത് ചിന്തിക്കുന്നു എന്നത് ഒട്ടും പ്രാധാന്യമര്‍ഹിക്കുന്നില്ല. ടീം മാനേജ്‌മെന്റ് എന്ത് ചിന്തിക്കുന്നു, എന്ത് തീരുമാനിക്കുന്നു എന്നത് മാത്രമാണ് പ്രധാനം.
കാണ്‍പൂര്‍ പിച്ചില്‍ മോശമല്ലാത്ത പ്രകടനമാണ് രാഹുല്‍ പുറത്തെടുത്തത്. അതെ, അവന്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്. മാനേജ്‌മെന്റ് അവനെ പിന്തുണയ്ക്കാന്‍ തന്നെയാണ് ഒരുങ്ങുന്നത്,’റേവ് സ്‌പോര്‍ട്‌സിലൂടെ ഗംഭീര്‍ പറഞ്ഞു.
ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ രാഹുല്‍ പരാജയപ്പെട്ടതിന് പിന്നാലെ താരത്തിനെതിരെ വിമര്‍ശനങ്ങളുടെ കൂരമ്പുകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയര്‍ന്നത്.
ആദ്യ ഇന്നിങ്‌സില്‍ ആറ് പന്ത് നേരിട്ട് പൂജ്യത്തിന് പുറത്തായ താരം രണ്ടാം ഇന്നിങ്‌സില്‍ 16 പന്ത് നേരിട്ട് 12 റണ്‍സ് കൂട്ടിച്ചേര്‍ത്ത് പുറത്തായി.
മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വെങ്കട്പതി രാജുവും രാഹുലിനെ രണ്ടാം മത്സരത്തിന്റെ ഭാഗമാക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. കേവലം ഒറ്റ മത്സരം കൊണ്ട് രാഹുലിനെ വിലയിരുത്തരുതെന്നാണ് രാജു പറഞ്ഞത്.
‘പ്ലെയിങ് ഇലവനില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഞാനാണ് ക്യാപ്റ്റനെങ്കില്‍ അതേ ടീമിനെ തന്നെ രണ്ടാം മത്സരത്തിലും കളത്തിലിറക്കും. അനുഭവ സമ്പത്തുള്ള താരങ്ങള്‍ എല്ലായ്‌പ്പോഴും ടീമിലുണ്ടാകണം.
വെറും ഒരു മത്സരത്തിന് ശേഷം നിങ്ങള്‍ക്കൊരിക്കലും കെ.എല്‍. രാഹുലിനെ ബെഞ്ചിലിരുത്താന്‍ സാധിക്കില്ല. അവന്‍ ഏറെ അനുഭവ സമ്പത്തുള്ള താരമാണ്, അടുത്ത മത്സരത്തില്‍ അവന്‍ ഉറപ്പായും ടീമിലുണ്ടായിരക്കണം.
നിലവില്‍ പേടിക്കേണ്ട സാഹചര്യങ്ങള്‍ ഒന്നും തന്നെയില്ല. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്റ്റാന്‍ഡിങ്സില്‍ ഇന്ത്യ തന്നെയാണ് ഇപ്പോഴും ഒന്നാമതുള്ളത്.
രോഹിത് ഒരു പോസിറ്റീവ് ക്യാപ്റ്റനാണ്. അദ്ദേഹമെല്ലായ്‌പ്പോഴും പോസിറ്റീവ് അപ്രോച്ചുമായാണ് മുമ്പോട്ട് പോവാറുള്ളത്. കഴിഞ്ഞതെന്തോ, അത് കഴിഞ്ഞു എന്ന് ബോധ്യമുള്ള ക്യാപ്റ്റനാണ് രോഹിത്. പരമ്പരയില്‍ സമനില പിടിക്കാനുള്ള അവസരമാണ് ഇനിയുള്ളത്. അവനത് നേടുമെന്ന് എനിക്കുറപ്പാണ്,’ വെങ്കട്പതി രാജു പറഞ്ഞു.
‘ഓസ്ട്രേലിയയില്‍ കളിക്കുന്ന അഞ്ച് മത്സരങ്ങളെ കുറിച്ചായിരിക്കണം ഇന്ത്യ ചിന്തിക്കേണ്ടത്. രാഹുലിനെ രണ്ടാം ടെസ്റ്റില്‍ കളിപ്പിക്കൂ, അവന് ഒരു അവസരം കൂടി നല്‍കൂ. അവന്‍ തിരിച്ചുവരും. അവന്‍ അനുഭവസമ്പത്തുള്ള താരമാണ്. ഇന്ത്യ അതിന് തയ്യാറായി ഇരിക്കണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒന്നാം ഇന്നിങ്‌സിലേറ്റ തിരിച്ചടികള്‍ക്ക് പിന്നാലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ നടത്തിയ ഗംഭീര തിരിച്ചുവരവിന് പിന്നാലെ മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.