കളിക്കളത്തിലെ താരങ്ങളുടെ സുഹൃദ്ബന്ധത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗഭീര്‍. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗംഭീര്‍ ഇക്കാര്യം പറഞ്ഞത്. ഫ്രണ്ടഷിപ്പ് ഗ്രൗണ്ടിന് പുറത്തായിരിക്കണമെന്നും കളിക്കളത്തിലിറങ്ങുമ്പോള്‍ നിങ്ങള്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നവരാണെന്ന കാര്യം ഓര്‍ക്കണെന്നും ഗംഭീര്‍ പറഞ്ഞു.
തന്റെ കരിയറില്‍ ഗ്രൗണ്ടില്‍ വെച്ച് എതിരാളികളുമായി ഫ്രണ്ട്ഷിപ്പ് മൊമെന്റുകളൊന്നും ഉണ്ടായിട്ടില്ലെന്നും ഗംഭീര്‍ പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ മിഡ് ഗെയിം ഷോയിലായിരുന്നു ഗംഭീര്‍ ഇക്കാര്യം പറഞ്ഞത്.
‘ഇപ്പോള്‍ കളിക്കളത്തില്‍ താരങ്ങള്‍ തമ്മില്‍ ഫ്രണ്ട്‌ലി പഞ്ചുകള്‍ നല്‍കുകയാണ്. അവന്‍ പഞ്ച് ചെയ്യുന്നു, തിരിച്ച് പഞ്ച് ചെയ്യുന്നു. ഇതൊന്നും ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ഫ്രാഞ്ചൈസി ക്രിക്കറ്റുകള്‍ കാരണമാണ് ഇത് സംഭവിക്കുന്നത്. ഇതോടെ ഗ്രൗണ്ടില്‍ അഗ്രഷന്‍ ഇല്ലാതെയായി.
ഞാന്‍ കളിക്കുമ്പോഴൊന്നും എതിരാളികളുമായി ഇത്തരത്തിലുള്ള ഒരു സംഭവങ്ങളും ഉണ്ടായിട്ടില്ല. ഗ്രൗണ്ടില്‍ സൗഹാര്‍ദപരമായി സംസാരിക്കുന്നതിന് ഞാനെതിരല്ല, പക്ഷേ അപ്പോഴും നിങ്ങള്‍ രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നത് എന്നും അപ്പോള്‍ അവര്‍ ഒരിക്കലും നിങ്ങളുടെ സുഹൃത്തുക്കളല്ല എന്നതും മറക്കരുത്. ഇത് മത്സരമാണ്, സുഹൃദ്ബന്ധങ്ങളെല്ലാം പുറത്ത് നിര്‍ത്തണം.
മത്സരം അവസാനിച്ചതിന് ശേഷമായിരിക്കണം അവര്‍ ഫ്രണ്ട്ഷിപ്പ് പ്രകടിപ്പിക്കേണ്ടത്. ക്രിക്കറ്റിലെ ആ ആറോ ഏഴോ മണിക്കൂറുകള്‍ അത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നതാണ്, കാരണം നിങ്ങള്‍ നിങ്ങളുടെ രാജ്യത്തെ ഓരോ ആളുകളെയുമാണ് പ്രതിനിധീകരിക്കുന്നത്.
മുന്‍കാലങ്ങളിലൊന്നും ഇത്തരത്തിലൊന്ന് സംഭവിച്ചിരുന്നില്ല, എന്നാലിപ്പോള്‍ ഇരു ടീമിലെയും താരങ്ങള്‍ പരസ്പരം തമാശ പറയുകയാണ്. ഇത്തരത്തില്‍ നിങ്ങള്‍ ഒരു ഫ്രണ്ട്‌ലി മാച്ചാണ് കളിക്കുന്നത്,’ ഗംഭീര്‍ പറഞ്ഞു.
Gambhir is very clear about the basics of game and how cricket should be played. Stop giving smooches to opponents. I think those playing for their images should stay only in #Pakistan Dugout during #AsiaCup2023
That’s why
#Gautamgambhir>>>>>Kohli+Rohit#PAKvIND #AsiaCup #kohli pic.twitter.com/FRynKBFKAr— ck (@Ck2903Ck) September 2, 2023
പാക് താരം കമ്രാന്‍ അക്മലിനൊപ്പമുള്ള തന്റെ ബന്ധത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
‘ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഒരിക്കല്‍ ഞാന്‍ അവന് എന്റെ ബാറ്റ് നല്‍കിയിരുന്നു. അവന്റെ ബാറ്റുപയോഗിച്ച് ഞാനും കളിച്ചിരുന്നു. ഒരു ഫുള്‍ സെഷന്‍ ആ ബാറ്റുപയോഗിച്ച് കളിച്ചിരുന്നു. ഞങ്ങള്‍ കുറച്ച് മുമ്പ് ഏറെ നേരം സംസാരിക്കുകയും ചെയ്തിരുന്നു,’ ഗംഭീര്‍ പറഞ്ഞു.
കളിക്കളത്തില്‍ സ്ലെഡ്ജ് ചെയ്യുന്നത് കുഴപ്പമില്ലെന്നും എന്നാല്‍ അത് ഒരിക്കലും അതിരുവിട്ട് പോകരുതെന്നും അദ്ദേഹം പറഞ്ഞു.
ഗംഭീറിന്റെ ഈ പരാര്‍ശത്തിന് പിന്നാലെ മുന്‍ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകള്‍ എത്തുന്നുണ്ട്. ഗംഭീര്‍ പറഞ്ഞത് ശരിയാണെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ കളിക്കളത്തിലെ മ്യൂച്ചല്‍ റെസ്‌പെക്ടിനെ കുറിച്ചും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനെ കുറിച്ചും ആരാധകര്‍ ഓര്‍മിപ്പിക്കുന്നുണ്ട്. രണ്ട് ടീമിന് വേണ്ടിയാണ് കളിക്കുന്നതെങ്കില്‍ കൂടിയും കളിക്കളത്തില്‍ പരസ്പരം സഹായിക്കുന്നതടക്കം സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ ഭാഗമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കഴിഞ്ഞ ദിവസം ഏഷ്യാ കപ്പില്‍ നടന്ന ഇന്ത്യ – പാകിസ്ഥാന്‍ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. മഴ കാരണം പാകിസ്ഥാന്‍ ടീമിന് ഒരു ബോള്‍ പോലും ഫേസ് ചെയ്യാന്‍ സാധിക്കാതെ വന്നതോടെയാണ് മത്സരം ഉപേക്ഷിച്ചത്. ഇതിന് പിന്നാലെ ഇരുവരും പോയിന്റ് പങ്കുവെക്കുകയായിരുന്നു.
Content Highlight: Gautham Gambhir criticize friendship of opponents in stadium