ഏകദിന ലോകകപ്പില്‍ സൗത്ത് ആഫ്രിക്ക ഒരു വിക്കറ്റിന് പാകിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. ഈ തോല്‍വിക്ക് പിന്നാലെ പാക് നായകന്‍ ബാബര്‍ അസമിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ഗൗതം ഗംഭീര്‍.
ബാബര്‍ തന്റെ കരിയറില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ റെക്കോഡുകളും റാങ്കിങ്ങുമെല്ലാം അമിതമായി വിലയിരുത്തപ്പെട്ടതാണെന്നുമാണ് ഗംഭീര്‍ പറഞ്ഞത്.
‘ബാബര്‍ അസം ഫലപ്രദമായ ഇന്നിങ്സുകള്‍ ഒന്നും കളിച്ചിട്ടില്ല. അദ്ദേഹത്തിന്റെ റെക്കോഡുകളും, റാങ്കിങ്ങും അമിതമായി വിലയിരുത്തപ്പെടുന്നു. മത്സരങ്ങള്‍ വിജയിക്കുന്നയാളാണ് യഥാര്‍ത്ഥത്തില്‍ ഒന്നാം നമ്പര്‍,’ ഗംഭീര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.
ലോകകപ്പില്‍ മൂന്ന് അര്‍ധസെഞ്ച്വറികള്‍ മാത്രമാണ് ബാബറിന് നേടാന്‍ സാധിച്ചത്.
സൗത്ത് ആഫ്രിക്കക്കെതിരെയുള്ള മത്സരത്തില്‍ 65 പന്തില്‍ 50 റണ്‍സാണ് ബാബര്‍ നേടിയത്.
അഫ്ഗാനിസ്ഥാനെതിരെ 74 റണ്‍സും ഇന്ത്യക്കെതിരെ 50 റണ്‍സുമാണ് പാക് നായകന്‍ സ്വന്തമാക്കിയത്. ആറ് മത്സരങ്ങളില്‍ നിന്നും 34.50 ശരാശരിയില്‍ 207 റണ്‍സാണ് ബാബര്‍ നേടിയത്. നിലവിലെ ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ് പാക് നായകന്‍. എന്നാല്‍ താരത്തിന് റാങ്കിങ്ങിനൊത്ത പ്രകടനം കാഴ്ചവെക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 46.4 ഓവറില്‍ 270 റണ്‍സിന് പാകിസ്ഥാന്‍ പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക 47.2 ഓവറില്‍ ഒരു വിക്കറ്റ് ബാക്കി നില്‍ക്കേ ആവേശകരമായ ജയം സ്വന്തമാക്കുകയായിരുന്നു. തുടര്‍ച്ചയായ നാലാം തോല്‍വിയോടെ പാകിസ്ഥാന്റെ സെമിഫൈനല്‍ സ്വപ്നങ്ങള്‍ക്കും മങ്ങലേറ്റു.
ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ് എന്നീ ടീമുകള്‍ക്കെതിരെയാണ് പാകിസ്ഥാന്റെ വരാനിരിക്കുന്ന മത്സരങ്ങള്‍.
Content Highlight: Gautam Gambhir criticize Babar Asam poor performance.