2023 ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ പരാജയപ്പെട്ടത് ലോകമെമ്പാടുമുള്ള ഇന്ത്യക്കാരെ നിരാശപ്പെടുത്തിയിരുന്നു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നവംബര്‍ 19ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഇന്ത്യന്‍ ബാറ്റര്‍മാരെ വലിഞ്ഞു മുറുക്കി കൊണ്ട് ഓസീസ് ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് 43 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്ന് തങ്ങളുടെ ആറാം ലോകകിരീടം സ്വന്തമാക്കുകയായിരുന്നു.
രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തില്‍ ഇന്ത്യ ഫൈനല്‍ വരെ തുടര്‍ച്ചയായ വിജയമാണ് കൈവരിച്ചിരുന്നത്. ഫൈനലിന് മുമ്പ് രാഹുല്‍ ദ്രാവിഡിന് വേണ്ടി ലോകകപ്പ് നേടണമെന്ന് രോഹിത് പറഞ്ഞിരുന്നു. എന്നാല്‍ ഈ പരാമര്‍ശത്തില്‍ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ സംസാരിക്കുകയാണ്. രോഹിത് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു എന്നാണ് ഗംഭീര്‍ അഭിപ്രായപ്പെട്ടത്. 2011ലെ ലോകകപ്പ് ഉദാഹരിച്ചാണ് ഗംഭീര്‍ ഇങ്ങനെ പറഞ്ഞത്. അന്ന് സച്ചിന്‍ തെണ്ടുല്‍ക്കറിന് വേണ്ടി ലോകകപ്പ് സ്വന്തമാക്കുമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
‘എല്ലാ പരിശീലകന്റെയും കളിക്കാരുടെയും ആഗ്രഹം ലോകകപ്പ് വിജയിക്കുക എന്നതാണ്. എനിക്ക് മനസിലാകാത്തത് 2011ലും ഇങ്ങനെ ഉണ്ടായിരുന്നു. ഏതെങ്കിലും ഒരു വ്യക്തിക്ക് വേണ്ടി ലോകകപ്പ് നേടണമെന്ന് പറയുന്നത് ശരിയല്ല, ആ വ്യക്തി ആരായാലും നിങ്ങള്‍ രാജ്യത്തിന് വേണ്ടിയാണ് ലോകകപ്പ് നേടാന്‍ ശ്രമിക്കേണ്ടത്. എന്നാല്‍ മറ്റൊരു തരത്തിലുള്ള വികാരമാണ് നിങ്ങള്‍ പങ്കിടാന്‍ ശ്രമിക്കുന്നതെങ്കില്‍ അത് നിങ്ങള്‍ സ്വയം സൂക്ഷിക്കുകയാണ് വേണ്ടത് മാധ്യമങ്ങളോട് പറയുകയുകയല്ല,’ അദ്ദേഹം പറഞ്ഞു.
‘എല്ലാ സത്യസന്ധതയിലും രാജ്യത്തിനുവേണ്ടി ഒരു ലോകകപ്പ് നേടുക എന്നത് മറ്റെന്തിനേക്കാളും പ്രധാനമാണ്. 2011ല്‍ ഇതേ ചോദ്യം എന്നോട് ചോദിച്ചപ്പോള്‍ പലരും വിശ്വസിച്ചത് ഒരു വ്യക്തിക്ക് വേണ്ടി ലോകകപ്പ് നേടാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്ന്. എന്നിരുന്നാലും എന്റെ രാജ്യത്തിനായി കപ്പ് നേടുക എന്നതാണ് എന്റെ ലക്ഷ്യം എന്ന് ഞാന്‍ വ്യക്തമാക്കിയിരുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Gautam Gambhir against Rohit’s remark that he wants to win the World Cup for Rahul Dravid