ഈ സീസണിലെ മോശം ഫോമിനെ തുടര്‍ന്ന് ടെസ്റ്റ് ടീമിലെ പ്ലേയിങ് ഇലവനില്‍ നിന്ന് കെ.എല്‍ രാഹുല്‍ പുറത്തായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മുമ്പ് രാഹുലിന് ശക്തമായ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍.
ഐ.പി.എല്ലിനെ ഗൗരവത്തോടെ രാഹുല്‍ കാണണമെന്നും തന്റെ ഫോം വീണ്ടെടുക്കാനുള്ള പ്ലാറ്റ്‌ഫോമായി ടൂര്‍ണമെന്റിനെ സമീപിക്കണമെന്നും ഗംഭീര്‍ പറഞ്ഞു.
രാഹുലിന് ഇനിയും അവസരമുണ്ടെന്നും തുടക്കം മുതല്‍ ഒരേ ഫോമില്‍ തുടര്‍ന്ന താരങ്ങള്‍ ക്രിക്കറ്റില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌പോര്‍ട്‌സ് ടോക്കിനോട് സംസാരിക്കുകയായിരുന്നു ഗംഭീര്‍.
‘ഒന്നെങ്കില്‍ വെറുമൊരു ടൂര്‍ണമെന്റ് ആയോ അല്ലെങ്കില്‍ കളി മെച്ചപ്പെടുത്താനുള്ള പ്ലാറ്റ് ഫോം ആയോ രാഹുല്‍ ഐ.പി.എല്ലിനെ കാണണം. ടീം ആവശ്യപ്പെടുന്ന രീതിയിലോ രാജ്യം ആഗ്രഹിക്കുന്ന രീതിയിലോ ബാറ്റ് ചെയ്യാന്‍ സാധിക്കുമോയെന്ന് നിങ്ങള്‍ സ്വയം ചോദിച്ച് നോക്കുക.
അല്ലാതെ ഐ.പി.എല്ലില്‍ 600 റണ്‍സടിച്ചിട്ട് കാര്യമില്ല. 400-500 റണ്‍സ് മാത്രമെ അടിക്കുന്നുള്ളൂവെങ്കിലും അത് ടീമിനെ ജയിപ്പിക്കുന്നുണ്ടോ എന്നതാണ് പ്രധാനം.
എല്ലാ താരങ്ങളും കരിയറില്‍ ഇത്തരം ദുര്‍ഘടം നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോവുക. തുടക്കം മുതല്‍ കരിയര്‍ അവസാനിക്കുന്നതുവരെ ഒരേ ഫോമില്‍ തുടരുന്ന താരത്തെ ചൂണ്ടിക്കാണിക്കാനാവില്ല.
പലപ്പോഴും ഇത്തരം മോശം അവസ്ഥയിലൂടെ കടന്നു പോകുന്നത് നല്ലതാണ്. ആളുകള്‍ പലതും പറഞ്ഞ് നിരുത്സാഹപ്പെടുത്താന്‍ ശ്രമിക്കുമെങ്കിലും ഇതിനെയൊരു ഊര്‍ജമായി കാണണം. ഇപ്പോള്‍ മോശം ഫോമിലാണെങ്കിലും മികവ് പുലര്‍ത്തി തിരിച്ചുവരാനുള്ള അവസരം രാഹുലിന് ഇനിയുമുണ്ട്,’ ഗംഭീര്‍ പറഞ്ഞു.
ഓസ്‌ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിലും നിറം മങ്ങിയതിനെത്തുടര്‍ന്ന് രാഹുലിന് ഇന്‍ഡോര്‍ ടെസ്റ്റില്‍ പ്ലേയിങ് ഇലവനില്‍ അവസരം നഷ്ടമാവുകയായിരുന്നു. ഐ.പി.എല്ലില്‍ ലഖ്‌നൗ ടീമിന്റെ നായകന്‍ കൂടിയാണ് രാഹുല്‍.
Content Highlights: Gautam Gambhir advices KL Rahul