| Thursday, 22nd April 2021, 10:01 pm

'ഞാന്‍ നൂറ് സ്ട്രിപ്പ് വാങ്ങി നല്‍കുന്നതാണോ ഫാബിഫ്‌ളൂവിന് ക്ഷാമം നേരിടാന്‍ കാരണം'; പൂഴ്ത്തിവെപ്പ് ആരോപണത്തില്‍ ഗംഭീര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തനിക്കെതിരായ മരുന്ന് പൂഴ്ത്തിവെപ്പ് ആരോപണത്തില്‍ പ്രതികരണവുമായി ബി.ജെ.പി എം.പിയും മുന്‍ ക്രിക്കറ്ററുമായ ഗൗതം ഗംഭീര്‍. നൂറ് സ്ട്രിപ്പ് മരുന്ന് ആളുകള്‍ക്ക് വാങ്ങിച്ചു കൊടുക്കുന്നതാണോ പൂഴ്ത്തിവെപ്പ് എന്നാണ് ഗംഭീര്‍ ചോദിച്ചത്.

‘ഒരു വിതരണക്കാരനില്‍ നിന്ന് നൂറ് സ്ട്രിപ്പ് മരുന്ന് വാങ്ങി സൗജന്യമായി നല്‍കുന്നതാണോ പൂഴ്ത്തിവെപ്പ്? ഞാന്‍ വാങ്ങുന്ന കുറച്ച് സട്രിപ്പ് മരുന്നാണോ ഇവിടെ ഫാബിഫ്‌ളൂവിന് ക്ഷാമം നേരിടാന്‍ കാരണമാകുന്നത്? ഞാന്‍ ചെയ്യുന്നത് തെറ്റാണെന്ന് ചിലപ്പോള്‍ നിങ്ങള്‍ പറഞ്ഞേക്കും. പക്ഷേ, ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഞാന്‍ ഇത് ചെയ്യും,’ ഗംഭീര്‍ എ.എന്‍.ഐയോട് പറഞ്ഞു.

എം.പി ഓഫീസില്‍ നിന്നും കിഴക്കന്‍ ദല്‍ഹി നിവാസികള്‍ക്ക് സൗജന്യമായി ഫാബിഫ്ളൂ നല്‍കുന്നുണ്ടെന്നും ആധാര്‍ കാര്‍ഡും ഡോക്ടറുടെ കുറിപ്പുമായെത്തി വാങ്ങാമെന്നുമാണ് ഗംഭീര്‍ ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് ഗംഭീറിനും ബി.ജെ.പിയ്ക്കുമെതിരെ വലിയ വിമര്‍ശനമുയര്‍ന്നത്.

‘ഇതുകൊണ്ടാണ് റെംഡിസിവറും ഫാബി ഫ്ളുവും മറ്റു മരുന്നുകളുമൊന്നും മാര്‍ക്കറ്റിലില്ലാത്തത്. ബി.ജെ.പി നേതാക്കള്‍ ഇതെല്ലാം പൂഴ്ത്തിവെച്ചിരിക്കുകയാണ്. ഗുജറാത്തിലും ഇത് തന്നെയാണ് നമ്മള്‍ കണ്ടത്. ഇത്തരം നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണം,’ ആം ആദ്മി നേതാവ് രാജേഷ് ശര്‍മ പറഞ്ഞു.

സമാനമായ ചോദ്യങ്ങളുമായി കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയും രംഗത്തെത്തിയിരുന്നു. എത്ര ഡോസ് ഫാബിഫ്ളുവാണ് കൈയ്യിലുള്ളതെന്നും ഇത്രയും മരുന്ന് എങ്ങനെ ലഭിച്ചുവെന്നും വ്യക്തമാക്കണമെന്ന് പവന്‍ ഖേര ഗംഭീറിനോട് ആവശ്യപ്പെട്ടു. ഇത്തരത്തില്‍ മരുന്ന് വിതരണം ചെയ്യുന്നത് നിയമപരമാണോയെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.

കൊവിഡ് രണ്ടാം തരംഗം തീവ്രമായി പടര്‍ന്നുപ്പിടിക്കുന്ന ദല്‍ഹിയില്‍ ഓക്സിജനും മരുന്നിനും വലിയ ക്ഷാമമാണ് നേരിടുന്നത്. റെംഡിസിവര്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയും രംഗത്തുവന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Gautam Gambhir about the allegation against him on Fabiflu

We use cookies to give you the best possible experience. Learn more