| Wednesday, 8th March 2023, 5:02 pm

അവന്‍ കളിക്കുമ്പോള്‍ താന്‍ വാട്ടര്‍ ബോയ് ആയല്ലോ എന്നോര്‍ത്ത് രാഹുലിന്റെ ഹൃദയം തകരുന്നുണ്ടാവും: ഗംഭീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ശുഭ്മന്‍ ഗില്‍ തനിക്ക് പകരം ടീമില്‍ ഇടം നേടിയത് കെ.എല്‍. രാഹുലിനെ നിരാശപ്പെടുത്തിയിട്ടുണ്ടാകുമെന്ന് മുന്‍ ഇന്ത്യന്‍ താരം കെ.എല്‍. രാഹുല്‍.

പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലെയും മോശം പ്രകടനത്തിന് പിന്നാലെ മൂന്നാം മത്സരത്തില്‍ നിന്നും രാഹുലിനെ ഒഴിവാക്കിയിരുന്നു. ശുഭ്മന്‍ ഗില്ലായിരുന്നു പകരക്കാരനായി ടീമിലെത്തിയത്. ഈ പശ്ചാതലത്തിലാണ് ഗംഭീറിന്റെ പരാമര്‍ശം.

ഇത് എല്ലാ ക്രിക്കറ്റര്‍മാരുടെ കരിയറിലും ഉണ്ടാകുന്നതാണെന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടു. രാഹുല്‍ ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റനാണെന്നും അവന് ഒന്നും തെളിയിക്കേണ്ട ആവശ്യമില്ലെന്നും ഗംഭീര്‍ പറഞ്ഞു.

വരാനിരിക്കുന്ന മത്സരങ്ങള്‍ കെ.എല്‍. രാഹുല്‍ ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടു. സ്‌പോര്‍ട്‌സ് തക്കിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗംഭീര്‍ ഇക്കാര്യം പറഞ്ഞത്.

‘എല്ലാ താരങ്ങളും കരിയറില്‍ മോശം അവസ്ഥയിലൂടെ കടന്നുപോകും. കരിയറിലുടനീളം തുടര്‍ച്ചയായി റണ്ണടിച്ചുകൂട്ടുകയോ മികച്ച പ്രകടനം പുറത്തെടുക്കുകയോ ചെയ്ത ആരും ഉണ്ടാകില്ല.

അവന് പകരം ശുഭ്മന്‍ ഗില്‍ കളിക്കുകയും രാഹുല്‍ ഡ്രിങ്ക്‌സ് കൊണ്ടുകൊടുക്കേണ്ടിയും വരുന്നത് ഒരുപക്ഷേ അവനെ (രാഹുലിനെ) വളരെയധികം വേദനിപ്പിച്ചിട്ടുണ്ടാകണം. അവന്‍ ഒരു ഫ്രാഞ്ചൈസിയുടെ നായകനാണ്, അവനൊന്നും ആര്‍ക്ക് മുമ്പിലും തെളിയിക്കേണ്ട ആവശ്യമില്ല.

അവന്‍ ഐ.പി.എല്ലില്‍ നാലോ അഞ്ചോ സെഞ്ച്വറി നേടിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കുന്നില്ല എങ്കില്‍ അവന്‍ ബാറ്റിങ്ങില്‍ കാര്യമായി വര്‍ക് ചെയ്യണം,’ ഗംഭീര്‍ പറഞ്ഞു.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ നാലമത്തേയും അവസാനത്തേയും ടെസ്റ്റ് മത്സരം. ഈ ടെസ്റ്റിലും രാഹുലിന് അവസരം ലഭിക്കാന്‍ സാധ്യതയില്ല.

പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തില്‍ ഇന്ത്യയും ഇന്‍ഡോറില്‍ വെച്ച് നടന്ന മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയുമായിരുന്നു വിജയിച്ചത്.

ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന നാലാം ടെസ്റ്റില്‍ വിജയിച്ച് പരമ്പര സമനിലയാക്കാന്‍ ഓസീസും, വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കാന്‍ ഇന്ത്യയും ഇറങ്ങുമ്പോള്‍ മത്സരം തീ പാറും.

Content Highlight: Gautam Gambhir about KL Rahul

We use cookies to give you the best possible experience. Learn more