|

സഞ്ജുവിനെ പോലുള്ള താരങ്ങള്‍ വേണം, ടീം പ്ലാനിങ്ങില്‍ വ്യക്തത ഉണ്ടായിരിക്കണം: ഗൗതം ഗംഭീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

2023ലെ ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള മുന്നൊരുക്കത്തിലാണ് ടീമുകള്‍. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ഏകദിന ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണ്. 2013ന് ശേഷം ഐ.സി.സി ട്രോഫി നേടാത്ത ഇന്ത്യക്ക് സ്വന്തം തട്ടകത്തില്‍ നടക്കുന്ന ഏകദിന ലോകകപ്പ് എന്ത് വിലകൊടുത്തും നേടേണ്ടതായുണ്ട്.

ഇന്ത്യയുടെ ടി-20 ടീമില്‍ വരുത്തുന്ന നിര്‍ണ്ണായക മാറ്റങ്ങളെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ഭയം കൂടാതെ കളിക്കുന്ന സമീപനമാണ് ഇന്ത്യയില്‍ നിന്നും വേണ്ടതെന്നും അതിനായി സഞ്ജു സാംസണ്‍, പൃഥ്വി ഷാ, രാഹുല്‍ ത്രിപാഠി അടക്കമുള്ളവരെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു.

അതേസമയം വിരാട് കോഹ്ലി, കെ.എല്‍ രാഹുല്‍ എന്നിവരെ പോലുള്ള സീനിയേഴ്‌സിനെ പൂര്‍ണമായി ഒഴിവാക്കി പുതിയൊരു ടി-20 ടീമിനെ വാര്‍ത്തെടുക്കുന്നത് ഒരു മോശം നീക്കമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യ ആദ്യം തീരുമാനിക്കേണ്ടത് ടീം കൂട്ടുകെട്ട് എങ്ങനെ വേണമെന്നതാണ്. നമ്മള്‍ തുടര്‍ച്ചയായി ടീമില്‍ മാറ്റങ്ങള്‍ വരുത്തുകയാണ്. ഒന്നിലധികം തവണ മാറ്റങ്ങള്‍ വരുത്തി. പ്രധാനപ്പെട്ട കാര്യം ഇടവേളയെടുക്കുന്നത് കുറക്കണമെന്നതാണ്. ഏകദിന ലോകകപ്പ് അടുത്തുനില്‍ക്കെ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍ എന്നിവരെല്ലാം ഒന്നിച്ച് കളിക്കേണ്ടതായുണ്ട്. ഇടവേളയെടുക്കുന്നത് ടീമിന് ഗുണം ചെയ്യില്ല.

ടീം പ്ലാനിനെ കുറിച്ച് വ്യക്തത ഉണ്ടായിരിക്കേണ്ടതുണ്ട്. സെലക്ടര്‍മാരും കളിക്കാരും തമ്മില്‍ നല്ല ആശയവിനിമയം ഉണ്ടായിരിക്കണം. സെലക്ടര്‍മാര്‍ കളിക്കാരെ ഒഴിവാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അവര്‍ ആ തീരുമാനവുമായി മുമ്പോട്ട് പോകട്ടെ. ഒരുപാട് രാജ്യങ്ങള്‍ അങ്ങനെ ചെയ്തിട്ടുണ്ട്.

സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവര്‍ ആ കൂട്ടത്തില്‍ വേണം. ഹാര്‍ദിക്ക് പാണ്ഡ്യ അവിടെയുണ്ട്. പൃഥ്വി ഷാ, സഞ്ജു സാംസണ്‍, രാഹുല്‍ ത്രിപാഠി എന്നിവരും ആ ടീമില്‍ വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ക്ക് നിര്‍ഭയമായി ക്രിക്കറ്റ് കളിക്കാന്‍ കഴിയും’ ഗൗതം ഗംഭീര്‍ വ്യക്തമാക്കി.

ഇന്ത്യയുടെ ശ്രീലങ്കന്‍ ടി-20 പരമ്പരക്കുള്ള ടീം

ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ് (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്ക്, ശിവം മാവി, മുകേഷ് കുമാര്‍.

Content Highlights: Gautam Gambhir about Indian Team

Video Stories