| Saturday, 7th January 2023, 3:45 pm

അവനെ ടീമിലെത്തിക്കാനുള്ള പൈസയൊന്നും ഞങ്ങളുടെ കയ്യിലുണ്ടാവില്ല; ഗംഭീറിനെക്കൊണ്ട് ഇങ്ങനെ പറയിച്ച മുതല്‍ ഏതാണ്

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പര ആവേശകരമായ അന്ത്യത്തിലേക്കടുക്കുകയാണ്. രണ്ട് മത്സരത്തില്‍ ഓരോന്ന് വീതം വിജയിച്ച ഇന്ത്യയും ശ്രീലങ്കയും 2023ലെ ആദ്യ പരമ്പര വിജയം തന്നെയാണ് ലക്ഷ്യമിടുന്നത്.

ആദ്യ മത്സരത്തില്‍ വിജയത്തിന് തൊട്ടടുത്തെത്തിയാണ് ലങ്ക പരാജയപ്പെട്ടതെങ്കില്‍ രണ്ടാം മത്സരത്തില്‍ വ്യക്തമായ ആധിപത്യം നേടിയായിരുന്നു വിജയം പിടിച്ചടക്കിയത്. ആദ്യ മത്സരത്തില്‍ കേവലം രണ്ട് റണ്‍സിന് മാത്രം പരാജയം രുചിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ 16 റണ്‍സിന്റെ വിജയം മരതക ദ്വീപിന്റെ സിംഹങ്ങള്‍ സ്വന്തമാക്കി.

ഈ രണ്ട് മത്സരത്തിലും ശ്രീലങ്കന്‍ നിരയില്‍ നിര്‍ണായകമായ ഒരാളുണ്ടായിരുന്നു. ലങ്കയുടെ നായകന്‍ ദാസുന്‍ ഷണക. ചില്ലറക്കാരനല്ല ഇവന്‍, 12 പേര്‍ക്ക് ശേഷം ലങ്ക കണ്ടെത്തിയ മരതക ദ്വീപിന്റെ മാണിക്യമാണയാള്‍.

ടി-20യില്‍ മികച്ച സ്റ്റാറ്റ്‌സുണ്ടായിട്ടും കഴിഞ്ഞ ഡിസംബറില്‍ കൊച്ചിയില്‍ വെച്ച് നടന്ന ഐ.പി.എല്‍ താരലേലത്തില്‍ ഒരാള്‍ പോലും ഷണകയെ സ്വന്തമാക്കാന്‍ വന്നിരുന്നില്ല. 50 ലക്ഷം മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ സ്വന്തമാക്കാന്‍ ആരും താത്പര്യപ്പെട്ടിരുന്നില്ല.

എന്നാല്‍ സകല ഐ.പി.എല്‍ ടീമുകളെയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു ലേലത്തിന് ശേഷമുള്ള ആദ്യ മത്സരത്തില്‍ തന്നെ ഷണക കൊടുങ്കാറ്റായത്. ഒരു ക്യാപ്റ്റന്‍ എങ്ങനെയാകണമെന്ന് മാത്രമല്ല, ഫിനിഷറുടെ റോളിലിറങ്ങിയാല്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്നും അവന്‍ ഐ.പി.എല്‍ ടീമുകള്‍ക്ക് കാണിച്ചുകൊടുത്തിരുന്നു.

ഇന്ത്യ-ശ്രീലങ്ക പരമ്പരക്ക് ശേഷമാണ് ഐ.പി.എല്‍ ലേലം നടക്കുന്നതെങ്കില്‍ അവനെ ടീമിലെത്തിക്കാന്‍ മാത്രം പൈസയൊന്നും ഒരു ഫ്രാഞ്ചൈസിയുടെ പക്കലും ഉണ്ടാകില്ലെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ഇന്ത്യയുടെ ലോകകപ്പ് ഹീറോയുമായ ഗൗതം ഗംഭീര്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ മാച്ച് പോയിന്റിലായിരുന്നു ഗംഭീര്‍ ഇക്കാര്യം പറഞ്ഞത്.

‘എന്റെ പക്കല്‍ അതിനുള്ള പൈസയൊന്നും കാണില്ല, അവന്‍ അത്രത്തോളം വിലയേറിയവനാണ്. അവന്‍ ബാറ്റ് ചെയ്ത രീതി അത്രത്തോളം മികച്ചതായിരുന്നു. ഒരുപക്ഷേ ലേലത്തിന് മുമ്പായിരുന്നു ഈ സീരീസ് നടന്നിരുന്നതെങ്കില്‍ അവനെ സ്വന്തമാക്കാന്‍ ഒരു ടീമിന്റെ പക്കലും പണമുണ്ടാകില്ലായിരുന്നു,’ ഗംഭീര്‍ പറയുന്നു.

ഗംഭീറിന്റെ വാക്കുകള്‍ അക്ഷരംപ്രതി ശരിയാണ്. നിലവിലെ ഏറ്റവും മികച്ച ടി-20 ബാറ്റര്‍ ഇയാളാണോ എന്ന് തോന്നിപ്പോകും വിധമായിരുന്നു ഷണക ബാറ്റ് ചെയ്തത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ 27 പന്ത് നേരിട്ട് 45 റണ്‍സായിരുന്നു ഷണക നേടിയത്. മൂന്ന് സിക്‌സറും മൂന്ന് ഫോറും പിറന്ന ബാറ്റില്‍ നിന്നും 166.67 എന്ന സ്‌ട്രൈക്ക് റേറ്റും പിറന്നിരുന്നു.

രണ്ടാം മത്സരത്തില്‍ ഷണക ഒന്നുകൂടി ആളിക്കത്തിയിരുന്നു. 22 പന്തില്‍ നിന്നും പുറത്താകാതെ 56 റണ്‍സ്, ഒറ്റ വാക്കില്‍ ക്ലാസ് എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന തകര്‍പ്പന്‍ ഇന്നിങ്‌സ്. ആറ് സിക്‌സറും രണ്ട് ബൗണ്ടറിയുമുള്‍പ്പെടെ 254.55 എന്ന സ്‌ട്രൈക്ക് റേറ്റായിരുന്നു ഇത്തവണ ഷണകയുടേത്.

ഇതിനൊപ്പം തന്നെ ടി-20 ചരിത്രത്തിലെ തന്നെ റെയറസ്റ്റ് ഓഫ് റെയര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു റെക്കോഡും ഷണക സ്വന്തമാക്കിയിരുന്നു. ഡെത്ത് ഓവറില്‍ മള്‍ട്ടിപ്പിള്‍ ഹാഫ് സെഞ്ച്വറിയുള്ള ഏക താരം എന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്. 2022ല്‍ ഓസീസിനെതിരെയായിരുന്നു ഷണക നേരത്തെ ഡെത്ത് ഓവറില്‍ ഫിഫ്റ്റിയടിച്ചത്.

പരമ്പരയിലെ മൂന്നാം മത്സരം അവസാനിക്കുമ്പോള്‍ ഒരുപക്ഷേ പരമ്പരയുടെ താരവും ഷണക തന്നെയായിരിക്കാം. തന്നെ വേണ്ടാ എന്ന് വെച്ചവരുടെ മുമ്പില്‍ ചെന്ന് തലയുയര്‍ത്തിയുള്ള മാസ് പ്രകടനം. ഷണക… യു ആര്‍ ദി റിയല്‍ ഹീറോ

Content Highlight: Gautam Gambhir about Dasun Shanaka

We use cookies to give you the best possible experience. Learn more