നിയുക്ത തിരുവന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് അഭിനന്ദവുമായി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. ട്വിറ്ററിലൂടെയാണ് ആര്യയെ ഗൗതം അദാനി അഭിനന്ദിച്ചത്.
‘ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങള്‍. തികച്ചും അതിശയകരമാണിത്. ഇത്തരത്തിലാണ് യുവനേതാക്കള്‍ പുതിയ വഴികള്‍ വെട്ടേണ്ടതും മറ്റുള്ളവര്‍ക്ക് മാതൃകയാവേണ്ടതും. ഇതാണ് അവിശ്വസനീയമായ ഇന്ത്യ’. ഗൗതം അദാനി ട്വീറ്റ് ചെയ്തു.
വെള്ളിയാഴ്ചയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് ആര്യ രാജേന്ദ്രനെ സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയേറ്റ് നിര്‍ദേശിച്ചത്.
ജമീല ശ്രീധരനായിരുന്നു തെരഞ്ഞെടുപ്പ് സമയത്ത് മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായാണ് ആര്യ രാജേന്ദ്രനെ മേയറാക്കാന്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിക്കുന്നത്.
നഗരത്തില്‍ പൊതുസമ്മതിയുള്ള വ്യക്തി മേയറായി വരുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ആര്യയെ മേയര്‍ സ്ഥാനത്തേക്ക് പാര്‍ട്ടി പരിഗണിച്ചത്. നേരത്തെ വി.കെ പ്രശാന്തിന്റെ കീഴില്‍ മികച്ച പ്രവര്‍ത്തനമായിരുന്നു തിരുവനന്തപുരത്ത് നടത്തിയത്. അത്തരമൊരു പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ച കൂടി ആഗ്രഹിച്ചാണ് ആര്യയെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരിക്കുന്നത്.
21വയസുകാരിയായ ആര്യ രാജേന്ദ്രന്‍ ബാലസംഘം സംസ്ഥാന പ്രസിഡന്റാണ്. നേരത്തേ ആര്യയെ അഭിനന്ദിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, നടന്‍ മോഹന്‍ലാല്‍ എന്നിവര്‍ രംഗത്തു വന്നിരുന്നു. നഗരത്തെ കൂടുതല്‍ നന്നായും സുന്ദരമായും നയിക്കാന്‍ ആര്യയ്ക്ക് കഴിയട്ടെയെന്നും തിരുവനന്തപുരത്തെത്തുമ്പോള്‍ നേരിട്ട് കാണാമെന്നുമാണ് മോഹന്‍ലാല്‍ ആര്യയോട് പറഞ്ഞത്.
Congratulations to Thiruvananthapuram’s and India’s youngest Mayor, Arya Rajendran. Absolutely stunning and India’s demographic dividend at its best. This is how young political leaders shape paths and inspire others to follow. This is Incredible India!https://t.co/a0NI2gGbZI