മുംബൈ: ഗൗരിലങ്കേഷ് വധക്കേസിലെ പ്രതികളിലൊരാളായ ശ്രീകാന്ത് പംഗാര്‍ക്കര്‍ എന്‍.ഡി.എ സഖ്യകക്ഷിയായ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ ചേര്‍ന്നു. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ശ്രീകാന്ത്, ഷിന്‍ഡെ വിഭാഗം ശിവസേനയില്‍ ചേര്‍ന്നത്.
കഴിഞ്ഞമാസമാണ് ഇയാള്‍ക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വെള്ളിയാഴ്ചയാണ് ശിവസേന നേതാവും മഹാരാഷ്ട്രയിലെ മുന്‍ മന്ത്രിയുമായ അര്‍ജുന്‍ ഖോട്കറുടെ നേതൃത്വത്തില്‍ ശ്രീകാന്തിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ജല്‍ന അസംബ്ലിം മണ്ഡലത്തിലെ പ്രചരണ ചുമതല ശ്രീകാന്തിനെ ഏല്‍പ്പിച്ചതായും അര്‍ജുന്‍ ഖോട്കര്‍ അറിയിച്ചു. നിലവിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം അര്‍ജുന്‍ ഖോട്കറയാരിക്കും ജല്‍നയിലെ മഹായൂതി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി.
ഗൗരി ലങ്കേഷ് വധക്കേസിന് പുറമെ 2018ലെ നല്ലസോപാര ആയുധക്കേസിലും ശ്രീകാന്ത് പംഗാര്‍ക്കര്‍ പ്രതിയാണ്. ഈ കേസിലും ജാമ്യത്തിലിരിക്കെയാണ് ഇയാള്‍ ശിവസേനയില്‍ ചേര്‍ന്നിരിക്കുന്നത്.
നേരത്തെ അവിഭക്ത ശിവസേനയുടെ ഭാഗമായിരുന്ന ശ്രീകാന്ത് പംഗാര്‍ക്കര്‍ 2001-2006 കാലളവില്‍ ജല്‍ന മുനിസിപ്പല്‍ കൗണ്‍സിലറായിരുന്നു. എന്നാല്‍ 2011ല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ശ്രീകാന്ത് പംഗാര്‍ക്കര്‍ ഹിന്ദു ജന്‍ജാഗൃതി സമിതിയില്‍ ചേര്‍ന്നു.
2024 സെപ്തംബര്‍ നാലിനാണ് ശ്രീകാന്ത് പംഗാര്‍ക്കറിന് ഗൗരിലങ്കേഷ് വധക്കേസില്‍ കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഗൗരി ലങ്കേഷിനെ വധിക്കാനുപയോഗിച്ച തോക്കുകള്‍ സംഘടിപ്പിച്ചെന്നും ആയുധപരിശീലന ക്യാമ്പില്‍ പങ്കെടുത്തു എന്നുമായിരുന്നു ശ്രീകാന്ത് പംഗാര്‍ക്കര്‍ക്കെതിരെ ചുമത്തിയിരുന്ന കുറ്റങ്ങള്‍.
കുറ്റകൃത്യം നടന്ന സ്ഥലത്ത് പംഗാര്‍ക്കര്‍ ഉണ്ടായിരുന്നില്ലെങ്കിലും ഇയാള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ട് എന്ന് കണ്ടെത്തിയിരുന്നു. ഗൗരി ലങ്കേഷിനെ വധിക്കാനുപയോഗിച്ച തോക്കുകള്‍ക്ക് പുറമെ പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങള്‍ സംഘടിപ്പിച്ചതും ശ്രീകാന്ത് പംഗാര്‍ക്കറായിരുന്നു.
2017 സെപ്തംബര്‍ 5നാണ് മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് ബെംഗളൂരുവിലെ വസതിക്ക് മുന്നില്‍ വെച്ച് വെടിയേറ്റ് കൊല്ലപ്പെടുന്നത്. കൊലപാതകത്തില്‍ സനാഥന്‍ സന്‍സ്തയും മറ്റു സംഘടനകളുമായും ബന്ധമുള്ള 17 പേരെയാണ് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്.
ഇതില്‍ 11 പേര്‍ക്ക് വിചാരണകാലയളവില്‍ തന്നെ ജാമ്യം ലഭിച്ചു. 2024 ഒക്ടോബര്‍ ആദ്യ വാരത്തില്‍ ഈ കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ചില പ്രതികള്‍ക്ക് ജയിലിന് പുറത്ത് ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുകയും ചെയ്തിരുന്നു.
2018 ഓഗസ്റ്റില്‍ മഹാരാഷ്ട്രയിലെ നല്ലസോപാരയില്‍ ആയുധങ്ങള്‍ പിടിച്ചെടുത്ത കേസിലും ശ്രീകാന്ത് പംഗാര്‍ക്കര്‍ പ്രതിയാണ്. ശ്രീകാന്തിന് പുറമെ മറ്റു 11 പേരും ഈ കേസില്‍ പ്രതികളായിരുന്നു. പിസ്റ്റളുകള്‍, എയര്‍ഗണ്‍, ക്രൂഡ് ബോംബുകള്‍ എന്നിവയായിരുന്നു ഇവിടെ നിന്നും പിടിച്ചെടുത്തിരുന്നത്.
2017ഡിസംബംറില്‍ പൂനെയില്‍ നടന്ന ഒരു സംഗീതോത്സവം അലങ്കോലപ്പെടുത്താന്‍ ഈ സംഘം ഗൂഢാലോചന നടത്തിയിരുന്നു എന്നും ഈ കേസിന്റെ അന്വേഷണത്തിനിടയില്‍ കണ്ടെത്തിയിരുന്നു. ഇതിനായിട്ടാണ് ആയുധങ്ങള്‍ സൂക്ഷിച്ചത് എന്നും പൊലീസ് കണ്ടെത്തിയിരുന്നു.
സംഗീത പരിപാടി ഹൈന്ദവ സംസ്‌കാരത്തിന് വിരുദ്ധമായതിനാലാണ് അലങ്കോലപ്പെടുത്താന്‍ പദ്ധതിയിട്ടത് എന്നായിരുന്നു പ്രതികള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞത്. ഈ കേസില്‍ 2018 ഡിസബറില്‍ തന്നെ പൊലീസ് പംഗാര്‍ക്കര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. യു.എ.പി.എ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ പ്രകാരമായിരുന്നു പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ ഈ കേസിലും 2024 ജൂലൈയില്‍ പംഗാര്‍ക്കറിന് ജാമ്യം ലഭിച്ചു.
content highlights; Gaurilankesh murder case accused joins Shinde faction Shiv Sena