| Wednesday, 30th March 2016, 2:43 pm

വിളിച്ചുവരുത്തി സീറ്റ് തരാതെ സി.പി.ഐ.എം വഞ്ചിച്ചു: ബി.ജെ.പി ക്ഷണം സ്വാഗതം ചെയ്യുന്നതായി ഗൗരിയമ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വിളിച്ചു വരുത്തി സീറ്റു നല്‍കാതെ സി.പി.ഐ.എം വഞ്ചിച്ചെന്ന് ജെ.എസ്.എസ് നേതാവ് കെ.ആര്‍.ഗൗരിയമ്മ.

സീറ്റു നല്‍കാതിരുന്ന നടപടിയില്‍ കനത്ത പ്രതിഷേധമുണ്ട്. കിടന്നവനെ വിളിച്ചുണര്‍ത്തി ഊണില്ല എന്നു പറഞ്ഞപോലെയാണ് അവസ്ഥയെന്നും ഗൗരിയമ്മ പറയുന്നു.

ജെ.എസ്.എസ് ആരെയും വഞ്ചിച്ചിട്ടില്ല. സി.പി.ഐ.എം കെട്ടിപ്പെടുക്കുന്നതില്‍ തന്റെ പങ്ക് ആര്‍ക്കും നിഷേധിക്കാനാകില്ല. ബിജെപിയുമായുള്ള ബന്ധത്തില്‍ പിന്നീട് നിലപാട് വ്യക്തമാക്കും. പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് അടുത്ത മാസം ഒന്‍പതിന് പ്രഖ്യാപിക്കുമെന്നും ഗൗരിയമ്മ അറിയിച്ചു.

ബിജെപിയുടെ വര്‍ഗീയതയെയാണ് എതിര്‍ക്കുന്നത്. ബി.ജെ.പിയേക്കാളും തീവ്രമായ നിലപാട് സ്വീകരിക്കുന്ന സംഘടനകള്‍ ഇവിടെയുണ്ടെന്നും ബി.ജെ.പിയിലേക്ക് ക്ഷണിച്ച കുമ്മനം രാജശേഖരന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായും ഗൗരിയമ്മ പറഞ്ഞു.

സ്ഥാനാര്‍ത്ഥികളെ നോക്കി വോട്ട് ചെയ്യാനും ഗൗരിയമ്മ പ്രവര്‍ത്തകരോട് പറഞ്ഞു.

സി.പി.ഐ.എം സീറ്റ് നിഷേധിച്ച സാഹചര്യത്തില്‍ ചേര്‍ന്ന ജെ.എസ്.എസ് അടിയന്തിര സംസ്ഥന സമിതി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു ഗൗരിയമ്മ.

നിയമസഭാ തിരഞ്ഞെടുപ്പില്‍ നാല് സീറ്റുകള്‍ വേണമെന്നായിരുന്നു ജെഎസ്എസിന്റെ ആവശ്യം. അരൂര്‍, ചേര്‍ത്തല, കരുനാഗപ്പള്ളി, കായംകുളം സീറ്റുകളാണ് അവര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ ആവശ്യം സി.പി.ഐ.എം അംഗീകരിച്ചിരുന്നില്ല.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഭാഗമായിരുന്ന ജെ.എസ്.എസിന് 4 സീറ്റുകള്‍ വരെ ലഭിച്ചിരുന്നു. യു.ഡി.എഫില്‍ നിന്നും അവഗണന നേരിടുന്നതായി വ്യക്തമാക്കിയായിരുന്നു ജെ.എസ്.എസ് മുന്നണി വിട്ട് എല്‍.ഡി.എഫിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു വന്നിരുന്നത്.

്്
അടുത്തിടെ എ.കെ.ജി സെന്ററില്‍ എത്തിയ ഗൗരിയമ്മ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more