സംഘപരിവാര്‍രാഷ്ട്രീയത്തിനെതിരെ കടുത്ത നിലപാടെടുത്ത മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് “അജ്ഞാതരുടെ” വെടിയേറ്റ് കൊല്ലപ്പെട്ടിരിക്കുകയാണ്. കര്‍ണാടകയില്‍ രണ്ടു വര്‍ഷം മുമ്പ് എം.എം കല്‍ബുര്‍ഗി കൊല്ലപ്പെട്ട അതേ രീതിയിലാണ് ഗൗരി ലങ്കേഷും കൊല്ലപ്പെട്ടിരിക്കുന്നത്. കല്‍ബുര്‍ഗിയെ പോലെ തന്നെ സാമൂഹിക പ്രവര്‍ത്തകയും ബി.ജെ.പി ആര്‍.എസ്.എസ് എന്നിവയ്‌ക്കെതിരെ നിരന്തരം ലേഖനങ്ങള്‍ എഴുതുകയും ചെയ്ത വ്യക്തിയാണ് ഗൗരി ലങ്കേഷ്.
ഭരണകൂട ഭീകരതയ്‌ക്കെതിരെയടക്കം തന്റെ മാധ്യമമായ “ഗൗരി ലങ്കേഷ് പത്രിക” ടാബ്ലോയ്ഡിലൂടെ ശക്തമായ വിമര്‍ശനങ്ങളാണ് അവര്‍ ഉന്നയിച്ചിരുന്നത്. ഹിന്ദുത്വ വിമര്‍ശനത്തിന്റെ പേരില്‍ തനിക്ക് നേരെ സംഘപരിവാര്‍ ഭീഷണി മുഴക്കിയിരുന്നതായി ലങ്കേഷ് പറഞ്ഞിരുന്നു.
• മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടു
ബി.ജെ.പി നേതാക്കള്‍ക്കെതിരെ നല്‍കിയ റിപ്പോര്‍ട്ടിന്റെ പേരില്‍ ലൗരി ലങ്കേഷ് അപകീര്‍ത്തിക്കേസ് നേരിടേണ്ടി വന്നിരുന്നു. മറ്റു പത്രങ്ങളിലും റിപ്പോര്‍ട്ട് വന്നിരുന്നെങ്കിലും കേസില്‍ തന്നെ മാത്രം ലക്ഷ്യമിട്ടതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നെന്ന് ലങ്കേഷ് പറഞ്ഞിരുന്നു.
കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗൗരി ലങ്കേഷ് പറഞ്ഞിരുന്നത് ഇങ്ങനെയാണ്.
ഹിന്ദുത്വ രാഷ്ട്രീയത്തിനും ജാതിവ്യവസ്ഥയ്ക്കുമെതിരായ പോരാട്ടം എനിക്ക് “ഹിന്ദു വിരോധി” എന്ന പേര് ചാര്‍ത്തിത്തന്നിരിക്കുകയാണ്. പക്ഷെ ഈ പോരാട്ടം ഭരണഘടനയോടുള്ള എന്റെ ബാധ്യതയാണ്. ബസവണ്ണയെയും അംബേദ്കറെയും പിന്‍പറ്റി എന്റേതായ രീതിയില്‍ സ്ഥിതിസമത്വപൂര്‍ണമായ സമൂഹത്തിനായാണ് എന്റെ പോരാട്ടം.
സ്വന്തം ആശയത്തെയും തങ്ങളുടെ നേതാവായ മോദിയെയും എതിര്‍ക്കുന്നവരുടെ കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഹിന്ദുത്വ ബ്രിഗേഡുകളുടേയും മോദി ഭക്തരുടെയും സമയത്താണ് കര്‍ണാടകയില്‍ ഞങ്ങള്‍ ജീവിക്കുന്നത്. എങ്ങനെയെങ്കിലും എന്റെ വായ അടപ്പിക്കാനുള്ള ശ്രമങ്ങളിലാണ് അവര്‍. എന്നെ ജയിലിലടയ്ക്കാനുള്ള തീരുമാനം അവര്‍ക്ക് സന്തോഷം നല്‍കുന്നതായിരിക്കും.
പരസ്യം പോലുമില്ലാതെയാണ് സ്വന്തം മാധ്യമസ്ഥാപനം ഗൗരി ലങ്കേഷ് നടത്തിയിരുന്നത്. രാജ്യത്ത് മാധ്യമസ്വാതന്ത്ര്യം അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞിരുന്ന ഗൗരി ഇതിനെ കുറിച്ച് ദ വയറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നത് “Mock Hinduism and die a dog’s death” എന്നായിരുന്നു.