'ഓര്‍മ്മ മതിലി'ല്‍ ഗൗരി ലങ്കേഷ്; മാധ്യമ സ്വാതന്ത്ര്യം ആക്രമിക്കപ്പെടുന്നതിനെതിരെ ആഗോള മാധ്യമ സ്വാതന്ത്ര്യ സമ്മേളനം- വീഡിയോ
World News
'ഓര്‍മ്മ മതിലി'ല്‍ ഗൗരി ലങ്കേഷ്; മാധ്യമ സ്വാതന്ത്ര്യം ആക്രമിക്കപ്പെടുന്നതിനെതിരെ ആഗോള മാധ്യമ സ്വാതന്ത്ര്യ സമ്മേളനം- വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jul 11, 02:53 pm
Thursday, 11th July 2019, 8:23 pm

ലണ്ടന്‍: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ അനുസ്മരിച്ച് ലണ്ടനില്‍ നടന്ന ആഗോള മാധ്യമ സ്വാതന്ത്ര്യ കോണ്‍ഫറന്‍സ്. ‘ഗൗരി ലങ്കേഷ്, മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടത്: 05-സെപ്റ്റംബര്‍-2017’ എന്ന് സമ്മേളനവേദിയിലെ ‘ഓര്‍മ്മ മതിലി’ല്‍ കറുത്ത കാര്‍ഡില്‍ ആലേഖനം ചെയ്തിരിക്കുന്നതിന്റെ വീഡിയോദൃശ്യം കാരവന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ. ജോസാണ് ട്വീറ്റ് ചെയ്തത്.

ലോകത്തെ വിവിധയിടങ്ങളില്‍ നിന്നെത്തിയ മാധ്യമപ്രവര്‍ത്തരാണു സമ്മേളനത്തിന്റെ ഭാഗമായത്. മാധ്യമ സ്വാതന്ത്ര്യവും മാധ്യമങ്ങളും ആക്രമിക്കപ്പെടുന്നതിനെതിരെയാണ് സമ്മേളനം.

ബ്രിട്ടീഷ്, കനേഡിയന്‍ സര്‍ക്കാരുകള്‍ സമ്മേളനത്തെ പിന്തുണയ്ക്കുന്നുണ്ട്.

ഗൗരിയെക്കൂടാതെ, ഓര്‍മ്മ മതിലില്‍ ആക്രമണങ്ങള്‍ക്കിരയായ മറ്റു മാധ്യമപ്രവര്‍ത്തകരുടെ പേരുകളും എഴുതിച്ചേര്‍ത്തിട്ടുണ്ട്.

സംഘപരിവാറിന്റെ തീവ്രഹിന്ദുത്വ നിലപാടുകളുടെ നിരന്തര വിമര്‍ശകയായിരുന്നു ഗൗരി ലങ്കേഷ്. 2017 സെപ്റ്റംബര്‍ അഞ്ചിന് രാജരാജേശ്വരി നഗറിലെ വസതിക്കു മുന്നിലാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്.

വൈകിട്ട് ജോലി കഴിഞ്ഞു വീട്ടിലെത്തിയ ഗൗരിക്കു നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തലയിലും കഴുത്തിലും നെഞ്ചിലും വെടിയേറ്റ ഗൗരി തത്ക്ഷണം തന്നെ മരിക്കുകയായിരുന്നു.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ നടന്ന തിരിമറികളെക്കുറിച്ച് വെളിപ്പെടുത്താനിരിക്കെയാണ് പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്ന് യു.എസ് ഹാക്കറായ സയ്ദ് ഷുജ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

‘ഇ.വി.എമ്മുകളില്‍ നടന്ന തട്ടിപ്പിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനിരിക്കുകയായിരുന്നു ഗൗരി ലങ്കേഷ്. ഇ.വി.എമ്മുകളില്‍ ഉപയോഗിക്കുന്ന കേബിളുകള്‍ ആരാണ് നിര്‍മ്മിക്കുന്നതിന് അറിയാനായി വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുത്ത് അതിനായി കാത്തിരിക്കുകയായിരുന്നു അവര്‍. എന്നാല്‍ അതിനു മുന്‍പ് അവര്‍ കൊല്ലപ്പെട്ടു.” സയ്ദ് പറയുന്നു.

2008 മുതല്‍ രാജ്യത്ത് നടന്ന പല സ്ഫോടനങ്ങള്‍ക്കും നരേന്ദ്ര ദബോല്‍ക്കര്‍, കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, ഗൗരി ലങ്കേഷ് കൊലകള്‍ക്കും പിന്നിലെ മുഖ്യ സൂത്രധാരന്‍ ഒളിവില്‍ക്കഴിയുന്ന വലതുപക്ഷ തീവ്രവാദിയായ എം.ഡി മുര്‍ളിയാണെന്ന് രണ്ടുമാസം മുന്‍പ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് വെളിപ്പെടുത്തിയിരുന്നു.

സനാതന്‍ സന്‍സ്ത അനുകൂലികളായ ശരത് കലാസ്‌കര്‍, സുധന്‍വ ഗോന്ധാലേക്കര്‍, ശ്രീകാന്ത് പാങ്കാര്‍കര്‍, അവിനാഷ് പവാര്‍ എന്നിവര്‍ക്കു ദബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി, ഗൗരി എന്നിവരുടെ കൊലകളുമായി ബന്ധമുണ്ടെന്ന് എ.ടി.എസ് വ്യക്തമാക്കിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഇവരുടെ പക്കല്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു.