| Thursday, 9th May 2019, 11:49 am

അഭിനവ് ഭാരത് രാജ്യത്ത് വിവിധയിടങ്ങളില്‍ ബോംബ് നിര്‍മ്മാണ ക്യാമ്പുകള്‍ സംഘടിപ്പിച്ചു; മലയാളിയായ സുരേഷ് നായരും പങ്കെടുത്തു: കര്‍ണാടക പൊലീസ് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: തീവ്രവാദ സംഘടനയായ അഭിനവ് ഭാരതിന്റെ ഒളിവില്‍ കഴിയുന്ന നാല് പ്രവര്‍ത്തകര്‍ ഇന്ത്യയില്‍ വിവിധയിടങ്ങളിലായി സനാതന്‍ സന്‍സ്ത പ്രവര്‍ത്തകര്‍ക്ക് വേണ്ടി 2011നും 2016നും ഇടയില്‍ ബോംബ് നിര്‍മ്മാണ ക്യാമ്പുകള്‍ നടത്തിയെന്ന് കര്‍ണാടക പൊലീസ്. ഗൗരി ലങ്കേഷ് വധക്കേസില്‍ ബംഗളൂരു കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ് പൊലീസ് ഇക്കാര്യം പറയുന്നത്.

സംഝോത എക്‌സ്പ്രസ്, മെക്ക മസ്ജിദ്, അജ്മീര്‍ ദര്‍ഗ, മാലേഗാവ് സ്‌ഫോടനക്കേസുകളില്‍ പ്രതികളാണ് ഈ നാല് അഭിനവ് ഭാരത് പ്രവര്‍ത്തകരും.

ഗൗരിലങ്കേഷ് കേസില്‍ അറസ്റ്റിലായ മൂന്ന് സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരും ബോംബ് നിര്‍മ്മാണ ക്യാമ്പുകളില്‍ പങ്കെടുത്ത നാല് സാക്ഷികളും മൊഴി നല്‍കിയത് ക്യാമ്പുകളില്‍ ഒരു ‘ബാബജി’യും നാല് ‘ഗുരുജി’ മാരും പങ്കെടുത്തിട്ടുണ്ടെന്നാണ്. ഇതില്‍ ബാബജി എന്ന് പറയുന്നത് അജ്മീര്‍ സ്ഫോടനക്കേസില്‍ ആരോപണ വിധേയനായ 2018 നവംബറില്‍ അറസ്റ്റിലായ മലയാളിയായ സുരേഷ് നായരാണ്.

ക്യാമ്പുകളില്‍ പങ്കെടുത്ത മൂന്ന് ബോബ് നിര്‍മ്മാണ വിദഗ്ധര്‍ സന്ദീപ് ഡാങ്കെ, രാംജി കല്‍സന്‍ഗ്ര, അശ്വനി ചൗഹാന്‍ എന്നിവരാണെന്ന് തിരിച്ചറിഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സുരേഷ് നായരാണ് എസ്.ഐ.ടിയ്ക്ക് മുമ്പാകെ മൂന്നു പേരെയും തിരിച്ചറിഞ്ഞത്. ബോംബ് വിദഗ്ധനായ മറ്റൊരാള്‍ ബംഗാളില്‍ നിന്നുള്ള ഭവാനി സേന എന്ന സംഘടനയുടെ പ്രവര്‍ത്തകനായ പ്രതാപ് ഹസ്ര എന്നയാളാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

മുന്‍ ആര്‍.എസ്.എസ് പ്രചാരകനായിരുന്ന ഡാങ്കെയ്‌ക്കെതിരെ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസുണ്ട്. ഡാങ്കെ രാംജി കല്‍സന്‍ഗ്ര എന്നിവരെ കണ്ടെത്തുന്നതിന് 10 ലക്ഷം രൂപയും അശ്വനി ചൗഹാന് 5 ലക്ഷം രൂപയും എന്‍.ഐ.എ പ്രഖ്യാപിച്ചിരുന്നു.

‘ബാബാജി’യെ കുറിച്ചുള്ള വിവരങ്ങള്‍ ഗൗരി ലങ്കേഷ് വധക്കേസില്‍ അറസ്റ്റിലായ ശ്രീകാന്ത് പന്‍ഗര്‍ക്കര്‍ (മഹരാഷ്ട്രയില്‍ നിന്നുള്ള മുന്‍ ശിവസേന കൗണ്‍സിലര്‍), ശരദ് കലസ്‌കര്‍ (ധബോല്‍ക്കറെ വെടിവെച്ചെന്ന് സംശയിക്കുന്നയാള്‍) വസുദേവ് സൂര്യവംശി (2015നും 2017നും ഇടയ്ക്ക് സനാതന്‍ സന്‍സ്ത നടത്തിയ കൊലപാതകങ്ങള്‍ക്കായി മോട്ടോര്‍ ബൈക്കുകള്‍ മോഷ്ടിച്ച മെക്കാനിക്ക്) എന്നിവരില്‍ നിന്നാണ് ലഭിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ആയുധ പരിശീലനത്തിനായി സനാതന്‍ സന്‍സ്ത രാജ്യത്ത് 19 സ്ഥലങ്ങളില്‍ ക്യാമ്പ് സംഘടിപ്പിച്ചു. അഭിനവ് ഭാരത് ജല്‍ന, മംഗളൂരു, അഹമ്മദാബാദ്, നാസിക്ക് എന്നീ അഞ്ച് സ്ഥലങ്ങളിലായി ക്യാമ്പ് നടത്തിയെന്നും പൊലീസ് പറയുന്നു.

അഹ്മദാബാദ്, മംഗളൂരു എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച ഐ.ഇ.ഡി ( ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് ) ക്യാമ്പുകളില്‍ കണ്ടവരുടെ കൂട്ടത്തില്‍ ‘ബാബാജി’, ‘സര്‍ക്യൂട്ട് എക്‌സ്‌പേര്‍ട്ട് സര്‍’, ‘ബംഗാളി’, ‘ലംബു സര്‍’ എന്നിവരെ ഒരു ദൃക്‌സാക്ഷി തിരിച്ചറിഞ്ഞിട്ടുണ്ട്. ജല്‍നയില്‍ നടന്ന ക്യാമ്പില്‍ ‘ബാബാജി’, ‘ഗുരുജി’ എന്നിവരായിരുന്നു പരിശീലകരെന്ന് മറ്റൊരു സാക്ഷി മൊഴി നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് പറയുന്നു.

ഈ ക്യാമ്പുകളില്‍ ധബോല്‍ക്കര്‍, പന്‍സാരെ, ഗൗരി ലങ്കേഷ്, കല്‍ബുര്‍ഗി വധക്കേസ് പ്രതികള്‍ക്കടക്കം ഡസന്‍ കണക്കിന് പേര്‍ക്ക് പരിശീലനം നല്‍കിയെന്നും പൊലീസ് പറയുന്നു.

We use cookies to give you the best possible experience. Learn more