ബെംഗളൂരു: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ക്ക് കര്‍ണാടകയിലെ മറ്റു പല ആക്ടിവിസ്റ്റുകളേയും എഴുത്തുകാരേയും കൊലപ്പെടുത്താന്‍ പദ്ധതിയുണ്ടായിരുന്നതായി പ്രത്യേക അന്വേഷണസംഘം.
അറസ്റ്റിലായവര്‍ക്ക് ശ്രീരാമസേനയുമായി അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ പുറത്തുവന്നിരുന്നു. പ്രധാനമായും സംഘപരിവാര്‍ വിമര്‍ശകരായ സാമൂഹിക പ്രവര്‍ത്തകരേയും എഴുത്തുകാരേയുമാണ് സംഘം ലക്ഷ്യമിട്ടിരുന്നത്.
പ്രശസ്ത എഴുത്തുകാരനും സംവിധായകനും പത്മപുരസ്‌ക്കാര ജേതാവുമായ ഗിരീഷ് കര്‍ണാടിനേയും വധിക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായി ഗൗരി ലങ്കേഷ് വധം അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം കണ്ടെത്തി.
കൂടാതെ ആക്റ്റിവിസ്റ്റ് ബി.ടി. ലളിതാ നായിക്, ഗുരു വീരഭദ്ര ചന്നാമല സ്വാമി, യുക്തിവാദി സി.എസ്. ദ്വാരകനാഥ് എന്നിവരുടെ പേരും കൊലയാളി സംഘത്തിന്റെ ലിസ്റ്റിലുണ്ട്. തീവ്ര ഹിന്ദുത്വ ആശയങ്ങളേയും ബി.ജെ.പിയേയും നിരന്തരം വിമര്‍ശിക്കുന്നവരാണ് ലിസ്റ്റിലുള്ളത്.
പൊലീസ് പിടിയിലായ പ്രതികളിലൊരാളുടെ ഡയറിയിലാണ് കൊലപ്പെടുത്തേണ്ടവരുടെ പേരുകള്‍ കണ്ടെത്തിയത്. ദേവനാഗരി ലിപിയിലാണ് ഇവ എഴുതിയിരുന്നത്.
അതേസമയം, ഗൗരി ലങ്കേഷിനെ വധിച്ചയാളെന്ന് പൊലീസ് കരുതുന്ന പരശുറാം വാഗ്മര്‍ ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്കിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
തിങ്കളാഴ്ച കര്‍ണാടകയിലെ ബീജാപ്പൂരില്‍ നിന്നും അറസ്റ്റുചെയ്ത വാഗ്മറാണ് ഗൗരിയെ വെടിവച്ചു വീഴ്ത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പരശുറാം വാഗ്മറിന് ഹൈന്ദവ സംഘടനകളുമായുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കുന്നതാണ് വര്‍ഷങ്ങള്‍ക്കു മുമ്പെടുത്ത ഈ ചിത്രങ്ങള്‍.
എന്നാല്‍ ഇയാളെ അറിയില്ലെന്നും തന്റെ സംഘടനയുമായി ഇയാള്‍ക്ക് ബന്ധങ്ങളൊന്നുമില്ലെന്നും പ്രസ്താവിച്ചുകൊണ്ട് മുത്തലിക്കും രംഗത്തെത്തിയിട്ടുണ്ട്.