ന്യൂദല്‍ഹി: ഗൗരി ലങ്കേഷിനെപ്പോലെ രാജ്യത്ത് കൊല്ലപ്പെടേണ്ടവര്‍ എന്നു പറഞ്ഞ് ഒരുകൂട്ടം മാധ്യമപ്രവര്‍ത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും ലിസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടയാള്‍ക്കെതിരെ കേസ്. മാധ്യമപ്രവര്‍ത്തകയായ സാഗരിക ഘോഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ദല്‍ഹി പൊലീസാണ് കേസെടുത്തത്.
വിക്രമാദിത്യ റാണ എന്ന പ്രൊഫൈലിലൂടെയാണ് രാജ്യത്തെ മാധ്യമപ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റു വന്നത്.
ഗൗരി ലങ്കേഷിന്റെ കൊലപാതകം അവസാനത്തേതല്ലെന്നും ഇതൊരു മുന്നറിയിപ്പു മാത്രമാണെന്നും പറഞ്ഞുകൊണ്ടാണ് ഇയാള്‍ ഫേസ്ബുക്കിലൂടെ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയത്. “ശോഭാ ഡെ, അരുന്ധതി റോയി, സാഗരിക ഘോഷ് , കവിത കൃഷ്ണന്‍, ഷെഹ്‌ല റാഷിദ് എന്നിങ്ങനെ പോകുന്നതായിരുന്നു ഇയാള്‍ പുറത്തുവിട്ട ഹിറ്റ്‌ലിസ്റ്റ്.
“ബംഗാളില്‍ ഹിന്ദുക്കളും കേരളത്തില്‍ ആര്‍.എസ്.എസുകാരും കശാപ്പു ചെയ്യപ്പെട്ടപ്പോള്‍ ഗൗരി ലങ്കേഷിനെപ്പോലുള്ളവര്‍ ധീരമായ മാധ്യമപ്രവര്‍ത്തനം നടത്തിയില്ലല്ലോ” എന്നായിരുന്നു ഇയാളുടെ ആദ്യ പോസ്റ്റ്.
“ലങ്കേഷിന്റെ കാര്യത്തില്‍ ഒരു സിമ്പതിയും തോന്നുന്നില്ല. കൊലയാളികള്‍ ഗൗരി ലങ്കേഷിന്റെ മൃതശരീരം ബുള്ളറ്റുകള്‍കൊണ്ട് ചിതറിക്കുകയും അവരുടെ വീട് തകര്‍ക്കുകയും ചെയ്യണമായിരുന്നു.” എന്നും ഇയാള്‍ ട്വീറ്റ് ചെയ്തിരുന്നു.