ഗൗരി ലങ്കേഷ് വധം: ഹൈക്കോടതി റദ്ദാക്കിയ പ്രതിക്കെതിരായ കുറ്റം സുപ്രീംകോടതി പുനഃസ്ഥാപിച്ചു
national news
ഗൗരി ലങ്കേഷ് വധം: ഹൈക്കോടതി റദ്ദാക്കിയ പ്രതിക്കെതിരായ കുറ്റം സുപ്രീംകോടതി പുനഃസ്ഥാപിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd October 2021, 9:16 am

ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്കെതിരെ കര്‍ണാടക സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമപ്രകാരം(കെ.സി.ഒ.സി.എ.) ചുമത്തിയ കുറ്റം സുപ്രീംകോടതി പുനഃസ്ഥാപിച്ചു.

ഗൗരി ലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷ്, കുറ്റം റദ്ദാക്കിയ കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവിനെതിരെ നല്‍കിയ ഹരജിയിലാണ് തീരുമാനം. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റെ വിധി.

ബെംഗളൂരു പൊലീസ് കമ്മിഷണര്‍ 2018-ല്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് മോഹന്‍ നായക് എന്ന പ്രതിക്കെതിരെ കെ.സി.ഒ.സി.എ. പ്രകാരം കുറ്റംചുമത്തിയത്. ഏപ്രില്‍ 22ന് ഹൈക്കോടതി ഇത് റദ്ദാക്കുകയിരുന്നു.

ഗൗരി ലങ്കേഷിന്റെ കൊലപാതികള്‍ക്ക് കുറ്റകൃത്യത്തിന് മുന്‍പും അതിനുശേഷവും താവളമൊരുക്കിയതില്‍ മോഹന്‍ നായക് സജീവപങ്കാളിത്തം വഹിച്ചുവെന്നാണ് കവിതാ ലങ്കേഷിന്റെ ഹരജിയിലെ ആരോപണം.

ഗൗരി ലങ്കേഷ് 2017 സെപ്റ്റംബറിലാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഘപരിവാര്‍ സംഘടനകളെ രൂക്ഷമായി എതിര്‍ത്തിരുന്ന ഗൗരി ലങ്കേഷിന് ഭീഷണിയുണ്ടായിരുന്നു.

സ്വകാര്യ ചാനലിലെ പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയ ഗൗരി ലങ്കേഷ് ഗേറ്റ് തുറക്കുന്നതിനിടയില്‍ അക്രമികള്‍ വെടിവെയ്ക്കുകയായിരുന്നു. ഏഴ് റൗണ്ട് വെടിയുതിര്‍ത്തതില്‍ മൂന്നെണ്ണം ശരീരത്തില്‍ തുളച്ചുകയറി. സംഭവസ്ഥലത്ത് വെച്ചുതന്നെ അവര്‍ മരിച്ചു.

സനാതന്‍ സന്‍സ്ത, ശ്രീരാമസേന, ഹിന്ദു ജനജാഗൃതി സമിതി, ഹിന്ദു യുവ സേന തുടങ്ങിയവയുമായി ബന്ധമുള്ളവരാണ് കേസില്‍ അറസ്റ്റിലായവരില്‍ ഭൂരിഭാഗവും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Gauri Lankesh murder case | Organised crime charges valid, says Supreme Court