ന്യൂദല്‍ഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. രാഹുല്‍ വിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം. നക്‌സലേറ്റുകളില്‍ നിന്നും ഭീഷണിയുണ്ടായിരുന്നിട്ടും എന്തുകൊണ്ട് ഗൗരിയ്ക്ക് സുരക്ഷയേര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും അദ്ദേഹം ചോദിച്ചു.
സംഘപരിവാറിന്റെ കടുത്ത വിമര്‍ശകയായിരുന്നു ഗൗരിയുടെ കൊലയില്‍ ബി.ജെ.പി നേതാക്കള്‍ പ്രതികരിക്കുന്നില്ലെന്ന പ്രചരണം വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. ഗൗരിയ്ക്കു വേണ്ടി മുറവിളി കൂട്ടുന്ന ബുദ്ധീജീവികളും റിബലുകളും എന്തുകൊണ്ട് കേരളത്തിലും കര്‍ണാടകയിലും ആര്‍.എസ്.എസുകാര്‍ കൊല്ലപ്പെട്ടപ്പോള്‍ പ്രതികരിച്ചില്ലെന്നും മന്ത്രി ചോദിക്കുന്നു.
നേരത്തെ ഗൗരിയുടെ കൊലയ്ക്കു പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. എന്നാല്‍ ഇന്‍വെസ്റ്റിഗേഷന്റെ “ഐ” പോലും തുടങ്ങുന്നതിന് മുമ്പുള്ള രാഹുലിന്റെ പ്രതികരണത്തോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേസ് ശരിയായ രീതിയില്‍ അന്വേഷിക്കുമോ എന്ന കാര്യത്തില്‍ സംശയമുടലെടുത്തിരിക്കുകയാണെന്നായിരുന്നു രവിശങ്കറിന്റെ മറുപടി.
ലങ്കേഷിന്റെ കൊലപാതകത്തില്‍ ലിബറലുകളും ബുദ്ധിജീവികളും ഇരട്ടമുഖമാണ് പുറത്തെടുക്കുന്നതെന്നും കേരളത്തിലേയും കര്‍ണാടകയിലേയും ആര്‍.എസ്.എസുകാര്‍ക്ക് ഐഡിയോളജിയുണ്ടാകാന്‍ പാടില്ലേയെന്നും അദ്ദേഹം പറഞ്ഞു.
Also Read: ‘ഇതെന്റെ ഇന്ത്യയല്ല’; ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി എ.ആര്‍ റഹ്മാന്‍
അതേസമയം, കടുത്ത സംഘപരിവാര്‍ വിമര്‍ശകയായിരുന്ന ഗൗരി ലങ്കേഷ് വീടിന് മുമ്പില്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് അന്വേഷണ സംഘം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. കൊലയാളികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പൊലീസ് അറിയിച്ചു.
പ്രതികളെ കുറിച്ച് വ്യക്തമായ സൂചന കിട്ടാത്ത സാഹചര്യത്തിലാണ് പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ് രംഗത്തെത്തിയത്.
ഇന്റലിജന്‍സ് ഐ.ജി ബികെ സിങിന്റെ നേതൃത്വത്തിലുള്ള 21 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. ഗൗരി ലങ്കേഷിന്റെ വീട്ടില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അക്രമിയുടെ രേഖാചിത്രം തയാറാക്കിയിട്ടുണ്ടെങ്കിലും പൊലീസ് ഇത് പുറത്തുവിട്ടിട്ടില്ല.