ബംഗലൂരു: കല്‍ബുര്‍ഗിയെ വെടിവെച്ചത് പോലെ ഗൗരി ലങ്കേഷിന്റെ തലയ്ക്ക് പിന്നില്‍ വെടിവെക്കാനായിരുന്നു തങ്ങളുടെ പദ്ധതിയെന്ന് കേസില്‍ പിടിയിലായ പ്രധാന പ്രതി പരശുറാം വാഗ്മറിന്റെ മൊഴി. ഇതിനായി കാടിനുള്ളില്‍വെച്ച് പരിശീലനത്തിലേര്‍പ്പെട്ടിരുന്നെന്നും വാഗ്നര്‍ വെളിപ്പെടുത്തി. ഗൗരി ലങ്കേഷ് കൊലക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിലാണ് പരശുറാമിന്റെ നിര്‍ണായകമൊഴി.
ഇതോടെ കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് വധങ്ങള്‍ക്ക് പിന്നില്‍ ഒരേ സംഘമാണെന്ന അന്വേഷണസംഘത്തിന്റെ നിഗമനത്തിന് കൂടുതല്‍ വ്യക്തത കൈവന്നു. നേരത്തെ കല്‍ബുര്‍ഗിയെ കൊല്ലാനുപയോഗിച്ച തോക്കില്‍ നിന്നാണ് ഗൗരി ലങ്കേഷിന് വെടിയേറ്റതെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു.
കല്‍ബുര്‍ഗി വധത്തിലെ മുഴുവന്‍ പ്രതികളെയും ഇതുവരെ പിടികൂടാനായിട്ടില്ല. 2015 ആഗസ്റ്റ് 30 നാണ് കല്‍ബുര്‍ഗി കൊല്ലപ്പെടുന്നത്. ധാര്‍വാഡിലെ വീട്ടില്‍ വെച്ചാണ് കല്‍ബുര്‍ഗിയ്ക്ക് വെടിയേല്‍ക്കുന്നത്. പോയന്റ് ബ്ലാങ്കില്‍ തലയ്ക്ക് വെടിയേറ്റാണ് കല്‍ബുര്‍ഗി കൊല്ലപ്പെട്ടതെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു.
2017 സെപ്തംബര്‍ 5 നാണ് ഗൗരി ലങ്കേഷ് ബംഗലൂരുവിലെ വസതിയ്ക്കുമുന്നില്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത്. വാഗ്മറായിരുന്നു ഗൗരിയെ വെടിവെച്ചത്. നാല് വെടിയുണ്ടകളാണ് ഗൗരി ലങ്കേഷിന്റെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയിരുന്നത്.
ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്ഥയുടെ പ്രവര്‍ത്തകരാണ് കേസില്‍ അറസ്റ്റിലായത്. സംഘപരിവാറിന്റെ നിരന്തര വിമര്‍ശകരായിരുന്നു കല്‍ബുര്‍ഗിയും ഗൗരി ലങ്കേഷും.
WATCH THIS VIDEO: