ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടു. ബംഗളൂരുവിലെ വീടിന് മുന്നില്‍ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു. ടാബ്ലോയ്ഡ് മാഗസിനായ ലങ്കേഷ് പത്രിക എഡിറ്ററായിരുന്നു. ബംഗളൂരുവിലെ രാജരാജേശ്വരി നഗറില്‍ രാത്രി 8 മണിക്കാണ് ആക്രമണമുണ്ടായത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചുവെന്ന് പൊലീസ് പറഞ്ഞു.
വീടിന് മുന്നില്‍ കാറിറങ്ങിയ ഗൗരി ലങ്കേഷ് ഗേറ്റ് തുറക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. അക്രമി മൂന്നു തവണ നിറയൊഴിച്ചെന്ന് പൊലീസ് പറഞ്ഞു.
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിമര്‍ശകയായിരുന്ന ലങ്കേഷ് രണ്ട് ബി.ജെ.പി നേതാക്കള്‍ക്കെതിരായ അപകീര്‍ത്തിക്കേസില്‍ ലങ്കേഷ് ശിക്ഷിക്കപ്പെട്ടിരുന്നു. ബി.ജെ.പി ധാര്‍വാഡ് എം.പി പ്രഹ്ലാദ് ജോഷി, മറ്റൊരു നേതാവായ ഉമേഷ് ദോഷി എന്നിവര്‍ക്കെതിരായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന്റെ പേരിലായിരുന്നു കേസ്.
എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ പി. ലങ്കേഷിന്റെ മകളാണ് ഗൗരി.