ഗോദ എന്ന ചിത്രത്തിൽ പാടിയ പാട്ട് തന്റെ ഭാഗ്യമാണെന്ന് പറയുകയാണ് ഗായിക ഗൗരി ലക്ഷ്മി. വർഷങ്ങൾ കഴിഞ്ഞാലും ആ പാട്ട് പാടുമ്പോൾ കിട്ടുന്ന പ്രതികരണങ്ങൾ വളരെ പ്രധാനപ്പെട്ടതാണെന്നും ഗൗരി പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് ഗൗരി.
‘ ‘ആരോ നെഞ്ചിൽ’ എന്ന ഗാനത്തിന്റെ എഫക്ട് വളരെ വ്യത്യസ്തമാണ്. ആ ഗാനം എനിക്ക് വളരെ ഭാഗ്യമാണ്. ആ പാട്ടു എനിക്ക് സമ്മാനിച്ചതൊക്കെ വേറൊരു ഗാനത്തിനും നൽകാൻ കഴിയില്ല. ഓരോ പാട്ടിനും ഓരോ ഡ്യൂട്ടി ഉണ്ട്. ഓരോ ആർട്ടിസ്റ്റിനും അവർ പാടിയ ഏതെങ്കിലും ഗാനങ്ങൾ സ്പെഷ്യൽ ആയിരിക്കും.
‘ആരോ നെഞ്ചിൽ’ എനിക്ക് നൽകിയ കാര്യങ്ങളൊക്കെ എന്നും സ്പെഷ്യൽ ആണ്. എത്ര വർഷം കഴിഞ്ഞാലും ആ പാട്ട് പാടുമ്പോൾ എനിക്ക് കിട്ടുന്ന പ്രതികരണങ്ങൾ ഇപ്പോഴും മാജിക്കൽ ആണ്,’ ഗൗരി പറഞ്ഞു.
അഭിമുഖത്തിൽ വിമർശനങ്ങളെപ്പറ്റിയും ഗൗരി സംസാരിച്ചു. തന്റെ വർക്കിനെ മോശമായി സംസാരിക്കുന്നവരെ ശ്രദ്ധിക്കാറില്ലെന്നും അവർ പറയുന്ന തിരുത്തലുകൾ പരിഗണിക്കാറില്ലെന്നും ഗൗരി പറഞ്ഞു.
‘എന്റെ വർക്കുകളെ നെഗറ്റീവായി സംസാരിക്കുന്നവരെ ഞാൻ ശ്രദ്ധിക്കാറില്ല. എന്നോട് മാറ്റങ്ങൾ വരുത്താൻ പറഞ്ഞാലും ഞാൻ ചെയ്യില്ല. എനിക്ക് തോന്നിയാൽ മാത്രം ഞാൻ ചെയ്യും. അങ്ങനെ ആരെങ്കിലും പറഞ്ഞാൽ അത് മാറാൻ പോകുന്നില്ല. എന്നോട് അടുപ്പമുള്ള വളരെ കുറച്ച് ആളുകൾ മാത്രമാണുള്ളത്. അത്രയും ആളുകൾക്ക് മാത്രമാണ് ഇതൊക്കെ എന്നോട് പറയാനുള്ള സ്വാതന്ത്രമുള്ളു. ആളുകൾക്കിടയിൽ അല്പം അകലം പാലിക്കുന്ന ആളാണ് ഞാൻ. എന്റെ വളർച്ചക്കും സന്തോഷങ്ങൾക്കും നെഗറ്റീവായി നിൽക്കില്ലെന്ന് ഉറപ്പുള്ളവരെ മാത്രമാണ് ഞാൻ കൂടെ നിർത്താറുള്ളു. അതുകൊണ്ട്തന്നെ ഞാൻ ഇപ്പോൾ വളരെ സേഫ് ആയിട്ടാണ് നിൽക്കുന്നത്. വിമർശനങ്ങൾ വന്നാൽ തന്നെ എന്റെ ചുറ്റുമുള്ള കുറച്ച് പേരിൽ നിന്ന് മാത്രമാണ് വരുന്നത്,’ ഗൗരി ലക്ഷ്മി പറഞ്ഞു.
Content Highlights: Gauri lakshmi on her song