| Tuesday, 27th February 2024, 9:37 pm

മനപൂര്‍വം ആക്രമിക്കുന്നവര്‍ ദേശീയ ഗാനത്തോളം പ്രാധാന്യം എനിക്ക് നല്‍കുന്നുണ്ട്: മുന്‍ രാജ കുടുംബാംഗം ഗൗരി ലക്ഷ്മി ഭായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തന്നെ ആക്രമിക്കുന്നവര്‍ ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗനമനയോളം പ്രാധാന്യം തനിക്ക് നല്‍കുന്നുണ്ടെന്ന് മുന്‍ തിരുവിതാംകൂര്‍ രാജ കുടുംബാംഗമായ ഗൗരി ലക്ഷ്മി ഭായി. ഇത്തരത്തില്‍ ഒരു പ്രാധാന്യം കിട്ടുന്നതില്‍ ഒരുപാട് സന്തോഷിക്കുന്നുവെന്നും ഗൗരി ലക്ഷ്മി ഭായി പറഞ്ഞു. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം-ഒരു നഗരത്തിന്റെ കഥ എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കവെയാണ് ലക്ഷ്മി ഭായിയുടെ പരാമര്‍ശം.

പത്മ പുരസ്‌കാരത്തെ കുറിച്ചും ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ പണിത അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളെ കുറിച്ചും പ്രതികരിക്കുന്നതിനിടയിലാണ് ‘തമ്പുരാട്ടി’യുടെ പരാമര്‍ശം. തന്നെ ആക്രമിക്കുന്നവരില്‍ നിന്ന് ശബരിമല, അയോധ്യ, പ്രശസ്തയായ ഗായിക ചിത്ര, ദേശീയ ഗാനം എന്നിവയോളം പ്രാധാന്യം തനിക്ക് നല്‍കുന്നു എന്നതില്‍ താന്‍ അഭിമാനിക്കുകയാണെന്ന് ‘തമ്പുരാട്ടി’ പറഞ്ഞു.

ഒരു മഹാ ക്ഷേത്രത്തിന്റെ ആചാരങ്ങള്‍ നശിപ്പിച്ചാല്‍ പുരോഗമനം ഉണ്ടാവുമെന്നും, ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്നും, അയോധ്യയിലെ ചടങ്ങുകള്‍ നടക്കുന്ന ദിവസം വീടുകളില്‍ വിളക്ക് കൊളുത്തണമെന്ന് പറഞ്ഞ ചിത്രയെയും ആക്രമിച്ചവര്‍ തന്നെയല്ലേ ഗൗരി ലക്ഷ്മി ഭായിയെയും ആക്രമിക്കുന്നതെന്ന ചോദ്യത്തിനുള്ള മറുപടിയായിരുന്നു ഇത്.

‘എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. നമ്മളെ കുറിച്ച് എല്ലാവരും നല്ലത് പറയണമെന്ന് ആഗ്രഹിക്കുന്നത് അസംഭവ്യമാണ്. കേരളമെന്ന ഒരു സംസ്ഥാനത്തില്‍ അത് തികച്ചും അസംഭവ്യമാണ്,’ ലക്ഷ്മി ഭായി പറഞ്ഞു.

കേരളത്തില്‍ നിന്ന് പത്മ പുരസ്‌കാരത്തിന് അര്‍ഹരായവരില്‍ താന്‍ മാത്രമായിരിക്കും വിവാദങ്ങള്‍ക്ക് വിധേയമാവേണ്ടി വന്നിട്ടുണ്ടാവുകയെന്നും മുന്‍ രാജ കുടുംബാംഗം പറഞ്ഞു.

കൂടാതെ തമ്പുരാട്ടിയെന്ന സംബോധന തനിക്ക് നല്‍കുന്നത് വലിയ ഒരു പദവിയാണെന്നാണ് മനസിലാക്കുന്നതെന്നും ഗൗരി ലക്ഷ്മി ഭായി പറഞ്ഞു. തമ്പുരാട്ടിയെന്നത് തങ്ങളുടെ ജാതിയുടെ ഒരു വിളിപ്പേര് ആണെന്നും ക്ഷത്രിയ വംശത്തില്‍ പെട്ട തങ്ങളുടെ കുടുബത്തിലെ മുതിര്‍ന്ന വ്യക്തികള്‍ക്കെല്ലാം ഈ സംബോധന സാധാരണയായി ലഭിക്കുന്ന ഒന്നാണെന്നും ഗൗരി ലക്ഷ്മി ഭായി പറഞ്ഞു.

Content Highlight: Gauri Lakshmi Bhai, a former member of the Travancore Raja family, says that the attackers give her as much importance as India’s national anthem, Janaganamana

We use cookies to give you the best possible experience. Learn more