| Friday, 21st April 2023, 8:39 pm

ആ ബിഗ് ബജറ്റ് മോഹന്‍ലാല്‍ ചിത്രം പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ കംപോസ് ചെയ്ത പാട്ടില്ല, ആകെ തകര്‍ന്ന് പോയി: ഗൗരി ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് കാസനോവ. ശ്രിയ ശരണ്‍, റായ് ലക്ഷ്മി, റോമ തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരായത്.

സിനിമയിലെ സഖിയെ എന്ന പാട്ട് വലിയ ഹിറ്റായിരുന്നു. എന്നാല്‍ ഈ പാട്ട് ചിത്രത്തിലുള്‍പ്പെടുത്തിയിരുന്നില്ല. കംപോസറായും ഗായികയായും ശ്രദ്ധ നേടിയ ഗൗരി ലക്ഷ്മിയാണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്. 13ാം വയസില്‍ താന്‍ കംപോസ് ചെയ്ത ഗാനമാണിതെന്നും സിനിമയില്‍ അതുള്‍പ്പെടുത്താഞ്ഞത് തന്നെ തകര്‍ത്ത് കളഞ്ഞെന്നും പറയുകയാണ് ഗൗരി ലക്ഷ്മി.

മോഹന്‍ലാലും ശ്രിയ ശരണും പാട്ടില്‍ അഭിനയിക്കുന്നത് താന്‍ സ്വപ്‌നം കണ്ടിരുന്നുവെന്നും ഈ സംഭവം തന്നെ വലിയ രീതിയില്‍ ബാധിച്ചിരുന്നുവെന്നും ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തില്‍ ഗൗരി പറഞ്ഞു.

‘പത്ത് വയസ് മുതല്‍ തന്നെ കവിതകള്‍ എഴുതുമായിരുന്നു. അച്ഛന്റെ സുഹൃത്ത് വഴിയാണ് ഒരു ഫാമില് ഗെറ്റ് ടുഗദറില്‍ വെച്ച് റോഷന്‍ ആന്‍ഡ്രൂസ് സാറിനെ പരിചയപ്പെട്ടത്. അവിടെവെച്ച് ഞാന്‍ പാട്ട് പാടിയപ്പോഴാണ് അവര്‍ സഖിയേ ആദ്യമായി കേള്‍ക്കുന്നത്. അങ്ങനെയാണ് പടത്തിലേക്കത് സെലക്ട് ചെയ്തത്.

ആ സമയത്തെ ബിഗ് ബജറ്റ് സിനിമയാണ് കാസനോവ. പിന്നെ ഫുള്‍ ഡ്രീം സീനുകളാണ്. പുറത്തുള്ള ഏതോ ടുലിപ് തോട്ടത്തില്‍ പോയി മോഹന്‍ലാല്‍- ശ്രിയ ശരണ്‍ കോമ്പോ പാട്ട് ഷൂട്ടിങ്ങും ഭയങ്കര പരിപാടികളുമൊക്കെയായിരുന്നു.
ഞാന്‍ സ്‌കൂളില്‍ പോയി ഫ്രണ്ട്സിനോടൊക്കെ പറയും, ഇങ്ങനെയാണ് ഷൂട്ട് അങ്ങനെയാണ് ഷൂട്ട് എന്നൊക്കെ. മൂവീ മാഗസിനുകളിലൊക്കെ കാസനോവയിലെ പുതിയ പാട്ടുകളെ കുറിച്ച് പറയുന്നു.

ഇതൊക്കെ കഴിഞ്ഞ് സിനിമ റിലീസായത് മൂന്നോ നാലോ വര്‍ഷം കഴിഞ്ഞാണ്. എട്ടാം ക്ലാസില്‍ എഴുതിയ പാട്ട്, പത്താം ക്ലാസില്‍ ഓഡിയോ ലോഞ്ച് നടക്കുന്നു ബെംഗളൂരുവില്‍ വെച്ച്. അതിനുശേഷം ഡിഗ്രി ഫസ്റ്റ് ഇയറില്‍ എത്തിയപ്പോഴാണ് പടം റിലീസ് ചെയ്യുന്നത്. പടം പുറത്തുവന്നപ്പോഴേക്കും ഓഡിയോ കാസറ്റില്‍ ‘സഖിയേ… ഗൗരി ലക്ഷ്മി’ എന്നൊക്കെ എഴുതിയിട്ടുണ്ട്. പക്ഷെ സിനിമയില്‍ പാട്ടില്ല.

റിലീസിന്റെ ഒരാഴ്ച മുമ്പ് എനിക്ക് വിവരം കിട്ടി. സിനിമക്കുള്ളിലെ ഫണ്ടിങ് പ്രശ്നങ്ങളും എന്തൊക്കെയോ ക്ലാഷും കാരണം പടത്തില്‍ പാട്ട് ഉള്‍പ്പെടുത്തിയില്ല. എനിക്കന്ന് പതിനേഴ്- പതിനെട്ട് വയസേ പ്രായമുള്ളൂ, ഞാനാകെ തകര്‍ന്ന് പണ്ടാരമടങ്ങിപ്പോയി. പിന്നീട് ആ ഏരിയ ചേസ് ചെയ്യാന്‍ എനിക്ക് തോന്നിയിട്ടില്ല.

ഇങ്ങോട്ട് വരുന്ന അവസരങ്ങള്‍ക്ക് കുറേയൊക്കെ ഓക്കെ പറഞ്ഞു. പക്ഷെ ഞാനായി അതിന്റെ പിറകെ പോയിട്ടില്ല. കാരണം അന്ന് അത്രയും വലിയ ഡ്രീം കെട്ടിപ്പൊക്കിയിരുന്നു. എന്റെ പാട്ടില്‍ മോഹന്‍ലാലും ശ്രിയ ശരണും ടുലിപ് തോട്ടത്തിലൂടെ പോകുന്നത് മൂന്നാല് വര്‍ഷം ഞാനെന്റെ മനസില്‍ കണ്ടിരുന്നു. ഈ സംഭവം ഭയങ്കര ഇംപാക്ടുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് കംപോസിങ്ങിന് പിറകെ ഞാന്‍ വല്ലാതെ പോയിട്ടില്ല,” ഗൗരി ലക്ഷ്മി പറഞ്ഞു.

Content Highlight: gauri lakshmi about her song in kasanova movie

We use cookies to give you the best possible experience. Learn more