| Thursday, 22nd September 2022, 10:02 am

ഇത്രയും പ്രതിസന്ധികളെ ഒരുമിച്ച് നേരിടേണ്ടി വന്ന ഒരു സമയം മുമ്പുണ്ടായിട്ടില്ല; ആര്യന്‍ ഖാന്റെ കേസില്‍ ആദ്യമായി പ്രതികരിച്ച് ഗൗരി ഖാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ആഡംബര കപ്പലില്‍ ലഹരി മരുന്ന് പാര്‍ട്ടി നടത്തിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തതായിരുന്നു കഴിഞ്ഞ വര്‍ഷം ഏറെ കോളിളക്കമുണ്ടാക്കിയ സംഭവങ്ങളിലൊന്ന്.

സിനിമാ മേഖലയിലും ദേശീയ തലത്തിലും വലിയ ചര്‍ച്ചയായ കേസില്‍ പിന്നീട് ആര്യന്‍ ഖാനെതിരെ തെളിവുകളൊന്നും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു.

എന്നാല്‍ അതിന് ശേഷവും ചില സ്ഥാപിത താല്‍പര്യക്കാര്‍ ആര്യന്‍ ഖാനും ഷാരൂഖ് ഖാനും കുടുംബത്തിനുമെതിരെ വിദ്വേഷ പ്രചരണങ്ങളും വ്യാജ വാദങ്ങളുമായി രംഗത്ത് വന്നിരുന്നു.

ഈ കേസിനോടും തുടര്‍ന്നുണ്ടായ സംഭവങ്ങളോടും ഇതുവരെയും പരസ്യമായി പ്രതികരിക്കാതിരുന്ന ഗൗരി ഖാന്‍ ഇപ്പോള്‍ ആദ്യമായി ഇതേ കുറിച്ച് സംസാരിച്ചിരിക്കുകയാണ്.

മകന്റെ കേസ് എങ്ങനെയാണ് കുടുംബത്തെ ബാധിച്ചതെന്ന് പറഞ്ഞ ഗൗരി തങ്ങള്‍ക്ക് ലഭിച്ച പിന്തുണയെ കുറിച്ചും സംസാരിച്ചു. സംവിധായകന്‍ കരണ്‍ ജോഹറിന്റെ ‘കോഫി വിത്ത് കരണ്‍’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗൗരി ഖാന്‍.

ഏറെ ബുദ്ധിമുട്ട് നിറഞ്ഞ സമയമായിരുന്നു അത്. ഒരു കുടുംബമെന്ന നിലയില്‍ വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. അമ്മ എന്ന നിലയിലും രക്ഷാകര്‍ത്താവ് എന്ന നിലയിലും ഇത്രയധികം പ്രശ്‌നങ്ങളെ നേരിടേണ്ടി വന്ന ഒരു സമയം തന്റെ ജീവിതത്തില്‍ മുന്‍പ് ഉണ്ടായിട്ടില്ലെന്നാണ് ഗൗരി ഖാന്‍ പറഞ്ഞത്.

എന്നാല്‍ ഇന്ന് ഒരു കുടുംബമെന്ന നിലയില്‍ ഒന്നിച്ചുനില്‍ക്കാന്‍ തങ്ങള്‍ക്കാകുന്നുണ്ടെന്നും എല്ലാവരും തങ്ങളെ സ്‌നേഹിക്കുന്നുണ്ടെന്നും ഗൗരി ഖാന്‍ പറയുന്നു. കേസിന്റെ സമയങ്ങളില്‍ സുഹൃത്തുക്കളുടെ ഭാഗത്ത് നിന്നും പിന്തുണ ലഭിച്ചെന്ന് പറഞ്ഞ ഗൗരി ഖാന്‍, തങ്ങള്‍ക്ക് അറിയുക പോലും ചെയ്യാത്ത നിരവധി പേര്‍ പിന്തുണയുമായി എത്തിയെന്നും കൂട്ടിച്ചേര്‍ത്തു.

സ്‌നേഹവും സപ്പോര്‍ട്ടും അറിയിച്ചുകൊണ്ടുള്ള നിരവധി മെസേജുകള്‍ തേടിയെത്തിയിരുന്നെന്നും അവര്‍ പറഞ്ഞു. ഈ കേസിന്റെ ഘട്ടത്തില്‍ തങ്ങളെ സഹായിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത എല്ലാവരോടും പറഞ്ഞറിയിക്കാനാകാത്ത നന്ദിയുണ്ടെന്നും ഗൗരി കൂട്ടിച്ചേര്‍ത്തു.

2020 ഒക്ടോബര്‍ രണ്ടിനായിരുന്നു ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരെ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലായത്. അറസ്റ്റിലായവരെ ഒക്ടോബര്‍ മൂന്നിന് മുംബൈ കോടതി എന്‍.സി.ബി കസ്റ്റഡിയില്‍ വിട്ടിരുന്നു. ആര്യന്‍ ഖാന്‍ ഒരു മാസമാണ് മുംബൈ പൊലീസിന്റെ കസ്റ്റഡിയില്‍ കഴിഞ്ഞത്.

അതേസമയം ആഡംബര കപ്പലില്‍ എന്‍.സി.ബി. സംഘം നടത്തിയ റെയ്ഡില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായും ആരോപണമുയര്‍ന്നു. ഷാരൂഖ് ഖാനെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള ശ്രമങ്ങള്‍ വരെ നടന്നിരുന്നെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ആരോപണമുയര്‍ന്നിരുന്നു.

ലഹരി പാര്‍ട്ടി കേസുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ ഉയര്‍ന്നതോടെ അന്വേഷണം എന്‍.സി.ബി.യുടെ പ്രത്യേക സംഘം ഏറ്റെടുത്തു. തുടര്‍ന്ന് മതിയായ തെളിവുകളുടെ അഭാവത്തില്‍ ആര്യന്‍ ഖാനും കോര്‍ഡീലിയ ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുടെ നാല് സംഘാടകര്‍ എന്നിവര്‍ക്കുമെതിരായുമുള്ള കേസുകള്‍ക്ക് എന്‍.സി.ബി ക്ലീന്‍ ചീറ്റ് നല്‍കുകയായിരുന്നു.

കപ്പലില്‍നിന്ന് കസ്റ്റഡിയിലെടുക്കുമ്പോള്‍ ആര്യന്‍ ഖാന്റെ കൈവശം ലഹരിമരുന്ന് ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണോ ചാറ്റുകളോ പരിശോധിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. മാത്രമല്ല, ചാറ്റുകളില്‍നിന്ന് അന്താരാഷ്ട്ര ലഹരിമരുന്ന് സംഘവുമായുള്ള ബന്ധം കണ്ടെത്താനുമായിരുന്നില്ല.

എന്‍.സി.ബി. നടത്തിയ റെയ്ഡിന്റെ വീഡിയോ പകര്‍ത്തിയിരുന്നില്ല. ഒട്ടേറെ പ്രതികളില്‍നിന്ന് കണ്ടെടുത്ത ലഹരി മരുന്നെല്ലാം ഒരൊറ്റ തൊണ്ടിമുതലായാണ് കേസില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും എന്‍.സി.ബി.യുടെ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

Content Highlight: Gauri Khan opens up for the first time about Aryan Khan’s arrest

Latest Stories

We use cookies to give you the best possible experience. Learn more