96 എന്ന ഹിറ്റ് ചിത്രത്തിലെ ജാനു എന്ന കഥാപാത്രത്തിന്റെ ചെറുപ്പം അവതരിപ്പിച്ചുകൊണ്ട് സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് ഗൗരി ജി. കിഷന്‍. ആദ്യ ചിത്രത്തിലെ വേഷം കൊണ്ട് ശ്രദ്ധേയയായ ഗൗരിയെത്തേടി പിന്നീട് നിരവധി അവസരങ്ങള്‍ വന്നു. അനുഗ്രഹീതന്‍ ആന്റണി, മാസ്റ്റര്‍, കര്‍ണന്‍ എന്നീ ചിത്രങ്ങളില്‍ മികച്ച വേഷം ചെയ്യാന്‍ ഗൗരിക്ക് സാധിച്ചു. ജിയോ ഹോട്‌സ്റ്റാറില്‍ സ്ട്രീമിങ് ചെയ്യുന്ന ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ എന്ന സീരീസില്‍ നായികയായി മികച്ച പ്രകടനമാണ് ഗൗരി കാഴ്ചവെച്ചത്.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ, ഇപ്പോള്‍ ചര്‍ച്ചകളില്‍ ഇടംപിടിക്കുന്ന മാര്‍ക്കോ എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗൗരി ജി. കിഷന്‍. ചിത്രം കേരളത്തിന് പുറത്ത് പലയിടത്തും സംസാരിക്കപ്പെടുന്നത് അഭിമാനിക്കാന്‍ കഴിയുന്ന കാര്യമാണെന്നും ഒരു മലയാളസിനിമക്ക് അത്തരമൊരു നേട്ടം ലഭിക്കുന്നത് നല്ലതാണെന്നും ഗൗരി പറഞ്ഞു.
താന്‍ ആ ചിത്രം ഇതുവരെ കണ്ടിട്ടില്ലെന്നും തന്റെ സുഹൃത്തുക്കള്‍ അത് കണ്ടെന്നും ഗൗരി കൂട്ടിച്ചേര്‍ത്തു. അത്രയും ഭീരകരമായ വയലന്‍സ് തനിക്ക് കണ്ടിരിക്കാന്‍ കഴിയില്ലെന്നും ഗൗരി പറഞ്ഞു. ചിത്രത്തിലെ സീനുകള്‍ എത്രത്തോളം ഭീകരമാണെന്ന് തന്റെ സുഹൃത്തുക്കള്‍ പറഞ്ഞ് തന്നെന്നും അത് കേട്ട് താന്‍ വല്ലാതായെന്നും ഗൗരി കിഷന്‍ കൂട്ടിച്ചേര്‍ത്തു.
മാര്‍ക്കോ എന്ന സിനിമയോട് തനിക്ക് ഒരിക്കലും മര്യാദക്കുറവ് ഇല്ലെന്നും എന്നാല്‍ ഇത്രയും വയലന്‍സ് വേണോ എന്ന് തോന്നിപ്പോയെന്നും ഗൗരി പറയുന്നു. ജസ്റ്റ് ഫോര്‍ വയലന്‍സ് എന്ന് പറഞ്ഞാലും അതിനെ ഒരിക്കലും ഗ്ലോറിഫൈ ചെയ്യാന്‍ പാടില്ലെന്നും ഗൗരി അഭിപ്രായപ്പെട്ടു. ഒരു സിനിമയായാല്‍ അതിന്റെ സ്‌ക്രിപ്റ്റിനും കഥയ്ക്കും ഡെപ്ത് ആവശ്യമാണെന്നും ഗൗരി ജി. കിഷന്‍ പറഞ്ഞു. റെഡ് എഫ്.എം. മലയാളത്തോട് സംസാരിക്കുകയായിരുന്നു ഗൗരി ജി. കിഷന്‍.
‘മാര്‍ക്കോ എന്ന സിനിമ ഹിറ്റായതില്‍ എനിക്ക് സന്തോഷമുണ്ട്. ഈയടുത്ത് ഏതോ ഒരു റൗണ്ട് ടേബിളില്‍ ആ സിനിമയെക്കുറിച്ച് സംസാരിക്കുന്നത് കണ്ടിരുന്നു. ഒരു മലയാളസിനിമക്ക് അത്രയും വലിയ റീച്ചൊക്കെ കിട്ടിയത് നമുക്ക് അഭിമാനിക്കാന്‍ കഴിയുന്ന കാര്യമാണ്. ഞാന്‍ ആ സിനിമ ഇതുവരെ കണ്ടിട്ടില്ല. എനിക്ക് അത്രക്ക് വയലന്‍സ് പറ്റില്ല. ചെന്നൈയിലുള്ള എന്റെ ഫ്രണ്ട്‌സ് ആ സിനിമ കണ്ടു. കേരളത്തിന് പുറത്ത് മാര്‍ക്കോക്ക് റീച്ചുണ്ട്.
അവര്‍ കണ്ടിട്ട് അതിലെ സീനുകളെപ്പറ്റി എന്നോട് സംസാരിച്ചു. അത് കേട്ടപ്പോള്‍ തന്നെ വല്ലാതായി. എന്തിനാണ് ഇത്രയും വയലന്‍സ് എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. ജസ്റ്റ് ഫോര്‍ വയലന്‍സ് എന്ന് പറഞ്ഞാലും ചില കാര്യങ്ങള്‍ നമുക്ക് പറ്റാത്തതായി വരുമല്ലോ. ഒരിക്കലും വയലന്‍സിനെയൊന്നും ഗ്ലോറിഫൈ ചെയ്യാന്‍ പാടില്ല. മേക്കിങ് വൈസ് മാര്‍ക്കോ അടിപൊളിയാണ്. പക്ഷേ, ഒരു സിനിമയെന്ന് പറയുമ്പോള്‍ അതിന്റെ കഥയ്ക്കും സ്‌ക്രിപ്റ്റിനും ഒരു ഡെപ്ത് വേണം, അതാണ് ഇംപോര്‍ട്ടന്റ്,’ ഗൗരി ജി. കിഷന്‍ പറഞ്ഞു.
Content Highlight: Gauri G Kishan saying she didn’t watched Marco movie because of extreme violence