മഹാരാഷ്ട്രയില്‍ നിന്നും ഹരിയാനയില്‍ നിന്നും ആത്മവിശ്വാസം ഉള്‍ക്കൊണ്ടാണ് കോണ്‍ഗ്രസ് ജാര്‍ഖണ്ഡ് മത്സരത്തിനിറങ്ങുന്നത്. ബി.ജെ.പിയുമായുള്ള പോരാട്ടം എല്ലാവിധത്തിലും ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. അതിന്റെ ഭാഗമായി രാജ്യം ശ്രദ്ധിക്കുന്ന ഒരു പോരാട്ടത്തിനാണ് ജംഷഡ്പൂര് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്.
ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ രഘുബര്‍ ദാസിനെതിരെയാണ് ആ പോരാട്ടം കഴിഞ്ഞ അഞ്ച് തവണയായി ജംഷഡ്പൂര്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്ന് വിജയിക്കുന്ന രഘുബര്‍ ദാസിനെതിരെ കോണ്‍ഗ്രസ് രംഗത്തിറക്കുന്നത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ഗൗരവ് വല്ലഭിനെയാണ്.
സാധാരണഗതിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ വ്യക്തിയെ തങ്ങളുടെ ശക്തികേന്ദ്രത്തില്‍ നിന്ന് വിജയിപ്പിച്ചെടുക്കാനാണ് കോണ്‍ഗ്രസായാലും ബിജെ.പിയായാലും ശ്രമിക്കാറുള്ളത്. എന്നാല്‍ ഇക്കുറി ആ ധാരണകള്‍ തിരുത്തിയെഴുതാനാണ് കോണ്‍ഗ്രസ് ശ്രമം. മാത്രമല്ല രഘുബര്‍ ദാസും ഗൗരവ് വല്ലഭും നേരിട്ട് ഏറ്റുമുട്ടുമ്പോള്‍ അതിന്റെ ഗുണം സംസ്ഥാനത്തെ മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്കും ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.
ജംഷഡ്പൂരിലെ എക്‌സ്.എല്‍.ആര്‍.ഐ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ധനകാര്യ പ്രൊഫസറായിരുന്നു ഗൗരവ് വല്ലഭ്. ക്രെഡിറ്റ് റിസ്‌ക് മാനേജ്‌മെന്റില്‍ ഡോക്ടറേറ്റും ഗൗരവ് കരസ്ഥമാക്കിയിട്ടുണ്ട്. നിരവധി ബാങ്കുകളുമായി സഹകരിക്കുകയും പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്.
അക്കാദമിക പാരമ്പര്യമുള്ളവരുടെ കുടുംബത്തിലാണ് ഗൗരവ് ജനിച്ചത്. കുടുംബത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് വന്ന ആദ്യത്തെയാളാണ് ഗൗരവ് വല്ലഭ്. ഈ വര്‍ഷം ആദ്യമാണ് കോണ്‍ഗ്രസിന്റെ 10 വക്താക്കളില്‍ ഒരാളായി ഗൗരവിനെ തെരഞ്ഞെടുത്തത്.
ബി.ജെ.പിയുടെ പ്രമുഖ വക്താവായ സംബിത് പത്രയോട് ചര്‍ച്ചകളില്‍ വിട്ടുവീഴ്ചയില്ലാതെ ഏറ്റുമുട്ടിയതോടെയാണ് ഗൗരവ് ജനശ്രദ്ധ നേടിയത്. സംസ്ഥാനത്ത് അഞ്ച് ഘട്ടങ്ങളിലായായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.