| Saturday, 27th July 2024, 10:03 pm

പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തുന്ന മന്ത്രിമാര്‍ക്കെതിരെ നടപടി വേണം; സ്പീക്കര്‍ക്ക് കത്തയച്ച് ഗൗരവ് ഗൊഗോയ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര മന്ത്രിമാര്‍ ലോക്‌സഭയില്‍ നടത്തുന്ന അധിക്ഷേപ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തയച്ച് ലോക്‌സഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ്. മന്ത്രിമാര്‍ നടത്തുന്ന നിലവാരമില്ലാത്ത പ്രസ്താവനയില്‍ അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തുന്നതായും കത്തില്‍ ഗൗരവ് ഗൊഗോയ് പറഞ്ഞു.

മന്ത്രിമാര്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ നടത്തിയ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു.

ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയ്ക്കും രാജ്യസഭാ എം.പി സോണിയാ ഗാന്ധിക്കും എതിരെ കേന്ദ്ര മന്ത്രിമാരായ രാജീവ് രഞ്ജന്‍ സിങ്ങും രവ്‌നീത് സിങ് ബിട്ടുവും ഭീഷണി മുഴക്കുകയും അണ്‍പാര്‍ലമെന്ററി ഭാഷ ഉപയോഗിച്ചെന്നും ഗൗരവ് ഗൊഗോയ് കത്തില്‍ ആരോപിച്ചു.

അസമിലെ ജോര്‍ഹട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിയായ ഗൊഗോയ് വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെടുകയും ചെയ്തു. പാര്‍ലമെന്റ് അംഗങ്ങള്‍ക്കെതിരെ ‘നിന്ദ്യമായ പ്രസ്താവനകള്‍’ നടത്തുന്നവര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

ലോക്‌സഭയിലെ കേന്ദ്ര മന്ത്രിമാരുടെ നിലവാരത്തകര്‍ച്ചയെക്കുറിച്ചുള്ള എന്റെ അഗാധമായ ഉത്കണ്ഠ പ്രകടിപ്പിക്കുന്നതിനാണ് ഞാന്‍ നിങ്ങള്‍ക്ക് കത്തെഴുതുന്നത്. പലപ്പോഴും പ്രതിപക്ഷ പാര്‍ട്ടികളിലെ അംഗങ്ങള്‍ക്കെതിരെ ആക്ഷേപകരവും ഭീഷണിപ്പെടുത്തുന്നതുമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് സര്‍ക്കാരിലെ മന്ത്രിമാര്‍ തന്നെയാണെന്നും ഗൊഗോയ് കത്തില്‍ പറഞ്ഞു.

പാര്‍ലമെന്റ് അംഗമല്ലാത്ത മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപേന്ദര്‍ സിങ് ഹൂഡയ്‌ക്കെതിരെ ജൂലൈ 26ന് കേന്ദ്രമന്ത്രി രാജീവ് രഞ്ജന്‍ സിങ് ഭീഷണിപ്പെടുത്തുന്ന ഭാഷ ഉപയോഗിച്ചതായി കോണ്‍ഗ്രസ് നേതാവ് കത്തില്‍ പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ശബ്ദത്തിന് ഇടം നല്‍കാതെ പാര്‍ലമെന്ററി നടപടിക്രമങ്ങളും മര്യാദയും കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായി അവഗണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ ഘടകകക്ഷികളുടെ ശബ്ദത്തെ പ്രതിനിധീകരിക്കുന്നതിന് സഭയിലെ എല്ലാ അംഗങ്ങള്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ അനാദരവിന് ഇടയാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഭയുടെ സംരക്ഷകന്‍ എന്ന നിലയില്‍ പെരുമാറ്റച്ചട്ടം ഉയര്‍ത്തിപ്പിടിച്ച് സര്‍ക്കാരിന്‍രെ ഭാഗത്ത് നിന്നോ പ്രതിപക്ഷത്തില്‍ നിന്നോ ഒരു അംഗവും പാര്‍ലമെന്റിന്റെ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം ഓം ബിര്‍ളയോട് അഭ്യര്‍ത്ഥിച്ചു.

Content Highlight: Gaurav Gogoi writes to LS Speaker Om Birla over Union Ministers’ ‘unparliamentary’ language

We use cookies to give you the best possible experience. Learn more