ന്യൂദല്‍ഹി: ബീഫ് കൈവശംവെച്ചെന്നാരോപിച്ച് മധ്യപ്രദേശില്‍ രണ്ട് മുസ്‌ലിം യുവതികള്‍ക്ക് ക്രൂരമര്‍ദ്ദനം. പൊലീസ് നോക്കി നില്‍ക്കെ മുസ്‌ലിം യുവതികളെ ഗോരക്ഷകര്‍ അടിയ്ക്കുകയും ചവിട്ടുകയും ചീത്തവിളിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
ഇവരെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍ സ്ത്രീകളുടെ പക്കലുണ്ടായിരുന്നത് പോത്തിറച്ചിയാണെന്ന് പരിശോധനയില്‍ തെളിഞ്ഞെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം പെര്‍മിറ്റില്ലാതെ ഇറച്ചിവിറ്റെന്നാരോപിച്ച് യുവതികള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം യുവതികളെ പൊതുമധ്യത്തില്‍ ക്രൂരമായി ആക്രമിച്ച ഗോരക്ഷകര്‍ക്കെതിരെ യാതൊരു നടപടിയുമെടുത്തിട്ടില്ല.
പടിഞ്ഞാറന്‍ മധ്യപ്രദേശിലെ മന്ദ്‌സൗര്‍ നഗരത്തില്‍വെച്ചാണ് യുവതികള്‍ ആക്രമിക്കപ്പെട്ടത്.
രാജ്യത്ത് ബീഫിന്റെ പേരില്‍ മുസ്‌ലീങ്ങള്‍ക്കും ദളിതര്‍ക്കുമെതിരെ ആക്രമങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചുവരികയാണ്. 2017ല്‍ ബീഫിന്റെ പേരില്‍ നടക്കുന്ന 27ാമത്തെ ആക്രമണമാണിത്.
കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ബീഫിന്റെ പേരില്‍ 70ഓളം ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് ഇന്ത്യാസ്‌പെന്റ് ഡാറ്റാബെയ്‌സ് റെക്കോര്‍ഡുകളില്‍ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലെത്തിയശേഷം ഇത്തരം ആക്രമണങ്ങളില്‍ 97% വര്‍ധനവുണ്ടായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.