സിയോനി: ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് സ്ത്രീയടക്കം മൂന്നുപേരെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മധ്യപ്രദേശിലെ സിയോനിയില്‍ ഇവര്‍ക്ക് ബീഫ് വില്‍പ്പന നടത്തിയെന്നാരോപിച്ച് രണ്ട് പേരെ അറസ്റ്റു ചെയ്തു. ഖേറി ഗ്രാമത്തിലെ സഹോദരങ്ങളായ റഷീദ് ഹകീം (24), സമ്മി ഹകീം (20) എന്നിവരാണ് അറസ്റ്റിലായത്.
ഇവരില്‍നിന്ന് കണ്ടെടുത്ത ബീഫെന്ന് സംശയിക്കുന്ന 140 കിലോ മാംസം പരിശോധനക്കായി ലബോറട്ടറിയിലേക്ക് അയച്ചതായി അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കഴുത്തില്‍ കാവിത്തുണികള്‍ കെട്ടിയ സംഘം വനിതയുള്‍പ്പെടുന്ന മൂന്നംഗസംഘത്തെ വടികൊണ്ട് ആക്രമിക്കുന്ന വീഡിയോ പുറത്തുവന്നത്. ഓട്ടോയില്‍ പോവുകയായിരുന്ന ഇവരെ തടഞ്ഞു നിര്‍ത്തി കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ദിലിപ് മാള്‍വിയ, തൗസിഫ് ഖാന്‍, സമ അന്‍സാരി എന്നിവര്‍ക്കായിരുന്നു മര്‍ദനമേറ്റത്.
എന്നാല്‍ ബീഫ് കൈവശം വെച്ചന്നാരോപിച്ച് അക്രമം നേരിട്ടവരെയായിരുന്നു പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. മാട്ടിറച്ചി കൈവശംവെച്ചതിന് കാര്‍ഷിക കാലിസംരക്ഷണ നിയമപ്രകാരം ബുധനാഴ്ചയായിരുന്നു പോലീസ് ഇവരെ അറസ്റ്റ്. മേയ് 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
140 കിലോ മാട്ടിറച്ചി ഓട്ടോറിക്ഷയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു അറസ്റ്റ്. എന്നാല്‍, മര്‍ദനത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ഇതിനെതിരേ പ്രതിഷേധമുയരുകയും ചെയ്തതോടെ മാത്രമാണ് പോലീസ് ഗോരക്ഷകരെ അറസ്റ്റുചെയ്തത്.
പ്രതികളില്‍ പ്രധാനിയായ ശുഭാം ബാഘേലാണ് വെള്ളിയാഴ്ച വീഡിയോ പങ്കുവെച്ചത്. രാംസേനാ നേതാവായ ബാഘേലിനുപുറമെ, യോഗേഷ് ഉയ്‌കെ, ദിലീപ് നാംദേവ്, രോഹിത് യാദവ്, ശ്യാംലാല്‍ എന്നിവരാണ് അറസ്റ്റിലായത്.
സംഭവവുമായി ബന്ധപ്പെട്ട തുടര്‍ നടപടിയെന്ന നിലയിലാണ് ഇപ്പോള്‍ ബീഫ് വില്‍പന നടത്തിയ സഹോദരങ്ങളെയും പിടികൂടിയത്.
രാജ്യത്ത് നരേന്ദ്രമോദി സര്‍ക്കാര്‍ രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ ഗോരക്ഷാ ആക്രമണമാണമായിരുന്നു ഇത്. ബി.ജെ.പി തൂത്തുവാരിയ സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. പ്രജ്ഞാ സിങ് ഠാക്കൂറിനെ പോലെ തീവ്രനിലപാടുള്ള നേതാവിനെ ബി.ജെ.പിയ്ക്ക് ജയിപ്പിക്കാനായതും മധ്യപ്രദേശിലാണ്.