| Thursday, 6th April 2017, 11:04 am

നിങ്ങള്‍ കൊന്നത് ക്ഷീര കര്‍ഷകനെയാണ് പശുക്കടത്തുകാരനെയല്ല; ഗോരക്ഷാ സേന മര്‍ദിച്ച് കൊന്ന പെഹ്‌ലുഖാന്റെ മകന്‍ പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: പശുവിനെ കടത്തിയെന്നാരോപിച്ച് ഗോരക്ഷാ സേന മര്‍ദിച്ച് കൊലപ്പെടുത്തിയത് ക്ഷീര കര്‍ഷകനെ. തന്റെ ഫാമിലേക്കായി പശുക്കളെ കൊണ്ടു വരുന്നതിനിടെയായിരുന്നു പെഹ്‌ലു ഖാന്‍ എന്ന 35 കാരനെ കഴിഞ്ഞ ദിവസം ജയ്പൂരില്‍ ഗോരക്ഷാ സേന പ്രവര്‍ത്തകര്‍ ക്രുരമായി മര്‍ദിച്ചത്.


Also read പശുവിനെ കൊല്ലാന്‍ മാത്രം ധൈര്യമുള്ളവര്‍ കേരളത്തിലുണ്ടോ? വെല്ലുവിളിയുമായി കെ.സുരേന്ദ്രന്‍ 


മര്‍ദനത്തെതുടര്‍ന്ന് ആശുപത്രിയിലായ പെഹ്‌ലു ഖാന്‍ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത് ഇയാളുടെ ഒപ്പമുണ്ടായിരുന്നവരില്‍ ചിലര്‍ ചികില്‍സയിലും ബാക്കിയുള്ളവര്‍ പൊലീസ് കസ്റ്റഡിയിലുമാണ്. പശുവിനെ കടത്തിയ കുറ്റത്തിനായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.

ജയ്‌സിങ്പൂര്‍ ഗ്രാമത്തിലെ ഭൂരിഭാഗം പേരും കൃഷിക്കാരാണ്. ഗ്രാമത്തില്‍ പത്തോളം ഡയറി ഫാമുകളാണ് പ്രവര്‍ത്തിക്കുന്നത് അവരില്‍ ഒരാളായിരുന്നു പെഹ്‌ലു ഖാനും. തന്റെ ഫാമിലേക്ക് പശുക്കളെ കൊണ്ടു വരുന്നതിനായിരുന്നു മറ്റു കര്‍ഷകരോടൊപ്പം പെഹ്‌ലു ഖാനും 240ഓളം കിലോമീറ്റര്‍ സഞ്ചരിച്ച് പശുക്കളുമായി യാത്ര തിരിച്ചത്.

തന്റെ ഫാമിലേക്കായി പുതിയ പശുവിനെ വാങ്ങാന്‍ തീരുമാനിച്ച പെഹ്‌ലു ഖാന്‍ 12 ലിറ്ററോളം പാല്‍ ലഭിക്കുന്ന പശുവിനെ കച്ചവടത്തിനുണ്ടെന്നറിഞ്ഞതിനെത്തുടര്‍ന്നായിരുന്നു വ്യാപാരിയുമായി ബന്ധപ്പെട്ടത് ആ തീരുമാനമാണ് അച്ഛന്റെ ജീവന്‍ നഷ്ടമാകാന്‍ കാരണമായതെന്ന് പെഹ്‌ലു ഖാന്റെ മകന്‍ ഇര്‍ഷാദ് പറയുന്നു. ഇര്‍ഷാദും സഹോദരന്‍ ആരിഫും ഉള്‍പ്പെടെയുള്ള സംഘത്തിനെയായിരുന്നു ഗോരക്ഷാ സേന മര്‍ദിച്ചിരുന്നത്.

” എന്റെ അച്ഛന്‍ രാജസ്ഥാന്‍ രജിസ്‌ട്രേഷനുള്ള പിക് അപ് വാനിലായിരുന്നു ഉണ്ടായത്. ഞങ്ങളുടെ ഗ്രാമത്തിലുള്ള അസ്മാത്തും ഒപ്പമുണ്ടായിരുന്നു. രണ്ടു പശുക്കളും രണ്ടു കിടാവുകളുമായിരുന്നു ആ ട്രക്കിലുണ്ടായിരുന്നത്. ഞാനും ഇര്‍ഷാദും വേറൊരാളും മറ്റൊരു ട്രക്കിലായിരുന്നു. അതില്‍ മൂന്നു വീതം പശുക്കളും കിടാവുകളുമാണുണ്ടായിരുന്നത്” ആരിഫ് പറഞ്ഞു. വടികളുമായാണ് ഗോരക്ഷാ പ്രവര്‍ത്തകര്‍ തങ്ങളെ തടഞ്ഞതെന്നും 30 മിനുറ്റുകള്‍ കഴിഞ്ഞ് സ്ഥലത്തെത്തിയ പൊലിസും തങ്ങളോട് മോശമായാണ് പെരുമാറിയതെന്നും ആരിഫ് കൂട്ടിച്ചേര്‍ത്തു.

കശാപ്പിനായ് പശുക്കളെ കടത്തുകയാണെന്ന് ആരോപിച്ചാണ് അവര്‍ തങ്ങളെ ആക്രമിച്ചതെന്നും ആരിഫ് പറഞ്ഞു. അറവു ശാലയിലേക്ക് നിയമ വിരുദ്ധമായി പശുക്കളെ കടത്തിയതിന് സംഘത്തിനെതിരെ രാജസ്ഥാന്‍ പൊലീസ് എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയതിട്ടുണ്ട്. പശുവിനെ വാങ്ങിയതിന്റെ തെളിവുകള്‍ ഇല്ലെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. എന്നാല്‍ മുനിസിപ്പാലിറ്റിയുടെ സീല്‍ പതിച്ച ബില്‍ തങ്ങളുടെ കയ്യിലുണ്ടെന്ന് ഇര്‍ഷാദ് വ്യക്തമാക്കി.


Dont miss ‘ഇതല്ല, ഇതല്ല ഇടതുപക്ഷത്തിന്റെ നയം’;മഹിജയ്‌ക്കെതിരായ പൊലീസ് അതിക്രമത്തിനെതിരെ വിമര്‍ശനവുമായി എം.എ ബേബി


ജയ്പൂര്‍ മുനിസിപ്പാലിറ്റിയുടെ സീലു പതിച്ച ബില്ലിന്റെ നമ്പര്‍ സഹിതമാണ് ഇര്‍ഷാദ് വാദം ഉന്നയിച്ചത്. എന്തു കൊണ്ടാണ് അങ്ങിനെയൊരു എഫ്.ഐ.ആര്‍ റിപ്പോര്‍ട്ടെന്ന് അറിയില്ലെന്നും 45,000 രൂപ നല്‍കിയാണ് ഞാന്‍ പശുക്കളെ വാങ്ങിയതെന്നും ഇര്‍ഷാദ് വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more