ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ 48 കാരനായ ആട്ടിടയന് ഗോരക്ഷാ സംഘത്തിന്റെ ക്രൂരമര്‍ദ്ദനം. ഗാരി ഗബ്ബാര്‍ ഗ്രാമവാസിയായ മുഹമ്മദ് അസ്ഗര്‍ എന്നയാളെയാണ് ഗോരക്ഷാ സേന വളഞ്ഞിട്ട് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മേയാനെത്തിയ പശുക്കള്‍ അസ്ഗറിന്റെ കൃഷിയിടങ്ങളിലേക്ക് എത്തുകയും വിളകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇത് കണ്ടയുടനെ അസ്ഗറിന്റെ മകന്‍ പശുക്കളെ കൃഷിയിടത്തില്‍ നിന്നും ഓടിച്ചു. ഇതായിരുന്നു ഗോരക്ഷാ സംഘത്തിന്റെ മര്‍ദ്ദനത്തിന് കാരണമെന്നാണ് അസ്ഗറിന്റെ കുടുംബം പറയുന്നത്.
എന്നാല്‍ അസ്ഗറും മകനും ചേര്‍ന്ന് പശുക്കളെ അടിച്ചോടിക്കുകയായിരുന്നെന്നും പശുക്കളുടെ ശരീരത്തില്‍ മാരകമായി മുറിവേറ്റിട്ടുണ്ടെന്നും ഗോരക്ഷാ സേന പറഞ്ഞു. ഇതിനെത്തുടര്‍ന്ന് അസ്ഗറിനോട് ഗ്രാമത്തലവന്റെ നേതൃത്വത്തിലുള്ള യോഗത്തില്‍ പങ്കെടുക്കാന്‍ തങ്ങള്‍ ആവശ്യപ്പെട്ടെന്നും ഗോരക്ഷാ സംഘത്തിലെ അംഗങ്ങള്‍ പറഞ്ഞു.
യോഗത്തില്‍ പങ്കെടുക്കാനെത്തിയ അസ്ഗറിനെയും സഹോദരനായ ജാവീദിനെയും അവിടെ കൂടിയിരുന്ന ഡസന്‍ കണക്കിന് ഗോരക്ഷാ പ്രവര്‍ത്തകര്‍ തല്ലിച്ചതയ്ക്കുകയായിരുന്നു- ഗുജ്ജര്‍ ആക്ടിവിസ്റ്റായ മാലിക് അബ്ബാസ് ന്യൂസ് 18 നോട് പറഞ്ഞു.
അസ്ഗറിനെയും സഹോദരനെയും ഗോരക്ഷാ സംഘം തല്ലിച്ചതയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. അക്രമികള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് നയീം അക്തറും ജമ്മുവില്‍ നിന്നുള്ള ഗോത്ര നേതാവായ ഗുഫ്താര്‍ അഹ്മദും രംഗത്തെത്തിയിട്ടുണ്ട്.
രാജ്യദ്രോഹികളെ വെടിവെച്ച് കൊല്ലണം എന്ന മുദ്രാവാക്യവുമായാണ് ഗോരക്ഷാ സേന അസ്ഗറിനെ തല്ലിച്ചതച്ചത്. അയാളുടെ വസ്ത്രങ്ങള്‍ വലിച്ചു കീറിയും തലയ്ക്കടിച്ചും നിരവധി പരിക്കുകളേല്‍പ്പിച്ചു. അതേസമയം സംഭവസ്ഥലത്തെത്തിയ പൊലീസ് അക്രമികളോട് പിന്‍മാറാന്‍ പറഞ്ഞെങ്കിലും യാതൊരു ഫലവുമുണ്ടായില്ല.
അദ്ദേഹം എന്തുമാത്രം വേദനയാണ് സഹിച്ചതെന്ന് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കൂടി കഴിയില്ല. അറുപതോളം വരുന്ന ഗോരക്ഷാ സേന അദ്ദേഹത്തെ വടികൊണ്ട് അടിച്ചു. ചിലര്‍ കൈ മാത്രം ഉപയോഗിച്ച് ശക്തിയായി മര്‍ദ്ദിച്ചു. അസ്ഗറിന്റെ നില വളരെ ഗുരുതരമാണ്- അസ്ഗറിന്റെ സഹോദരന്‍ പറഞ്ഞു.
ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് എഫ്.ഐ.ആര്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒന്ന്, അസ്ഗറും മകനും ചേര്‍ന്ന് പശുക്കളെ ഓടിച്ചതിനും അവയ്ക്ക് പരിക്കേല്‍പ്പിച്ചതിനും. രണ്ട്, അസ്ഗറിനെ കൂട്ടമായി ആക്രമിച്ച ഗോരക്ഷാ സംഘത്തിനെതിരെയും.
ഗോരക്ഷാ പ്രവര്‍ത്തകര്‍ നടത്തുന്ന ആദ്യത്തെ ആക്രമസംഭവമല്ലിത്. നേരത്തേയും ഗുജ്ജാര്‍ സമുദായ അംഗങ്ങളെ ഇത്തരത്തില്‍ മര്‍ദ്ദിച്ചതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. 2017 ല്‍ എഴുപതുകാരനായ ഗുജ്ജര്‍ സമുദായംഗത്തെയും ഇത്തരത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ട്. പശുക്കളെ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു അദ്ദേഹത്തെ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
CONTENT HIGHLIGHTS: gau-rakshaks-brutally-thrash-jk-man-