മഥുര: ഗോവധം ആരോപിച്ച് വീട്ടില്‍ പരിശോധനക്കെത്തിയ ‘ഗോ രക്ഷകരെ’ ആക്രമിച്ചതായി പരാതി.
യു.പിയിലെ മഥുരയില്‍ വീട്ടില്‍ കയറി പരിശോധന നടത്തിയവരാണ് ആക്രമിക്കപ്പെട്ടത്. ഗോവധം നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഒരു ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട കുടുംബത്തിലാണ് ഇവര്‍ പരിശോധന നടത്തിയത്.
‘ഗോ ഗോരക്ഷാ ദള്‍’ പ്രവര്‍ത്തകര്‍ സംഘടനിയുടെ പ്രസിഡന്റ് രവികാന്ത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ഞായറാഴ്ച മേവാട്ടിയിലെ വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ ഈ പ്രവര്‍ത്തകര്‍ ഗോവധം നടന്നതായി കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വീടുകയറിയവരില്‍ രണ്ടുപേര്‍ തങ്ങളുടെ എരുമകളെ മോഷ്ടിക്കാന്‍ ശ്രമിച്ചതായും നാട്ടുകാര്‍ പരാതി നല്‍കുന്നുണ്ട്.
സംഭവത്തെതുടർന്ന് നാട്ടുകാര്‍ കടകള്‍ അടച്ച് പ്രതിഷേധിച്ചു. ക്രമസമാധാന പാലനത്തിനായി പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് പൊലീസ് അറിയിച്ചു.
ആളുകള്‍ തന്റെ സംഘത്തിന് നേരെ കല്ലെറിയുകയും രണ്ട് അംഗങ്ങളെ ഗുരുതരമായി മര്‍ദിച്ചതായും രവികാന്ത് ശര്‍മ്മ ആരോപിച്ചു. സംഭവത്തില്‍ ശര്‍മ്മ കോട്വാലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
ശര്‍മ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 14 പേര്‍ക്കെതിരെ ഐ.പി.സി സെക്ഷന്‍ 307(കൊലപാതകശ്രമം), 147(കലാപം), 323 എന്നിവ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.
Content Highlights: ‘Gau rakshaks’ assaulted for raiding houses on suspicion of cow slaughter