ന്യൂദല്‍ഹി: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇതര പാര്‍ട്ടികളുമായി സഖ്യം രൂപീകരിക്കുകയെന്ന കോണ്‍ഗ്രസ് ശ്രമം ഏതാണ്ട് പരാജയപ്പെട്ടിരിക്കുകയാണ്. സീറ്റുകള്‍ക്കുവേണ്ടിയുള്ള വാക്കേറ്റത്തില്‍ സാധ്യമാകാതെ പോയ ഈ ശ്രമം തങ്ങളെ വലിയ തോതില്‍ ബാധിക്കില്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. എന്നാല്‍ ഇടതുപാര്‍ട്ടികളുമായി നടക്കാതെ പോയ സഖ്യം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകുമെന്നാണ് പഴയ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
മിക്കയാളുകളും സി.പി.ഐ.എമ്മിനെയാണ് ഇടതിന്റെ പ്രതീകമായി കാണുന്നത്. രാജസ്ഥാന്‍ ഒഴികെയുള്ള വടക്കന്‍ സംസ്ഥാനങ്ങളില്‍ ഇവര്‍ക്ക് വലിയ സ്വാധീനമൊന്നുമില്ല. അതുകൊണ്ടുതന്നെ വടക്കേ ഇന്ത്യയില്‍ ഇടതുപക്ഷത്തിന്റെ ദിനം എണ്ണപ്പെട്ടെന്ന നിഗമനത്തില്‍ എത്തുകയും ചെയ്യും.
എന്നാല്‍ ഈ തെറ്റായ കാഴ്ചപ്പാട് രണ്ട് സുപ്രധാന പാര്‍ട്ടികളെ കാണുന്നില്ല. സി.പി.ഐയേയും സി.പി.ഐ.എം.എല്ലിനേയും. ബീഹാര്‍, ജാര്‍ഖണ്ഡ് പോലുള്ള സംസ്ഥാനങ്ങളില്‍ സുപ്രധാന സാന്നിധ്യമാണ് ഈ പാര്‍ട്ടികള്‍.
Also read:വടകരയില്‍ മത്സരിക്കണമെന്ന് ബിന്ദു കൃഷ്ണയോട് കോണ്‍ഗ്രസ്: പറ്റില്ലെന്ന് മറുപടി
ബീഹാറില്‍ സി.പി.ഐ.എം.എല്ലിന് മൂന്ന് എം.എല്‍.എമാരുണ്ട്. ബീഹാറില്‍ 587000 വോട്ടുകളാണ് സി.പി.ഐ.എം.എല്ലിന് കിട്ടിയത്. സി.പി.ഐക്കാകട്ടെ 516,000 വോട്ടുകളും ലഭിച്ചു. അതായത് പാര്‍ട്ടികള്‍ക്കുമായി 3% വോട്ട് ഷെയറാണ് ബീഹാറിലുള്ളത്.
ഈ വോട്ടുകള്‍ ബീഹാറില്‍ പലയിടത്തുമായി വ്യാപിച്ചു കിടക്കുന്ന ഒന്നല്ല എന്നതാണ് മറ്റൊരു സുപ്രധാന കാര്യം. അര, സിവന്‍, കാതിയാര്‍ എന്നീ ബെല്‍ട്ടുകളിലാണ് സി.പി.ഐ.എം.എല്ലിന് സ്വാധീനമുള്ളത്. സി.പി.ഐക്കാകട്ടെ ബെഗുസാരൈ-മിഥില മേഖലയിലും.
സമാനമായി ജാര്‍ഖണ്ഡിലെ 81 നിയമസഭാ സീറ്റുകളില്‍ 2014ല്‍ ഒരു സീറ്റില്‍ സി.പി.ഐ.എം.എല്‍ വിജയിച്ചിരുന്നു. ഒരു സീറ്റില്‍ രണ്ടാം സ്ഥാനത്തെത്താനും കഴിഞ്ഞു. 2,10000 വോട്ടുകളാണ് ജാര്‍ഖണ്ഡില്‍ സി.പി.ഐ.എം.എല്ലിനുള്ളത്. അതായത് ആകെ പോള്‍ ചെയ്ത വോട്ടിന്റെ 1.5% . ഇവിടെയും ചില മേഖലയില്‍, പാലമു, ഗിരിധി മേഖലയിലാണ് സി.പി.ഐ.എം.എല്ലിന് ശക്തമായ സ്വാധീനമുള്ളത്.
2014ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡില്‍ 12 സീറ്റുകളിലാണ് ബി.ജെ.പി ജയിച്ചത്. ജെ.എം.എം രണ്ട് സീറ്റുകളിലും ജയിച്ചു. ബി.ജെ.പിയുടെ രഘുബര്‍ദാസ് സര്‍ക്കാറിനെതിരെ ജനരോഷം ശക്തമായിരിക്കെ പാര്‍ട്ടി ശക്തമായ തിരിച്ചടി നേരിടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ബി.ജെ.പി വിരുദ്ധ സഖ്യമുണ്ടാക്കുന്നതിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ പരാജയം ബി.ജെ.പിക്ക് വലിയ തോതില്‍ ഗുണം ചെയ്യുകയാണുണ്ടായത്.
കോണ്‍ഗ്രസും ജെ.എം.എമ്മും, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയും മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടിയുടെ ആര്‍.ജെ..ഡിയും സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസ് ഏഴു സീറ്റിലും ജെ.എം.എം നാലിടത്തും ജെ.വി.എം രണ്ടിടത്തും ആര്‍.ജെ.ഡി ഒരിടത്തും മത്സരിക്കുമെന്നാണ് ധാരണ. അവിടെ സി.പി.ഐ.എം.എല്ലിനെ പരിഗണിച്ചിട്ടില്ല. കൊഡര്‍മ്മ ലോക്‌സഭാ സീറ്റ് നേടാനുള്ള യു.പി.എ ശ്രമത്തെ സി.പി.ഐ.എം.എല്ലിനോട് കാട്ടിയ അവഗണന വലിയ തോതില്‍ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 3,65,410 വോട്ടുകള്‍ നേടിയാണ് ഇവിടെ ബി.ജെ.പി ജയിച്ചത്. 2,66756 വോട്ടുകള്‍ നേടിയ സി.പി.ഐ.എം.എല്‍ സ്ഥാനാര്‍ത്ഥി രാജ്കുമാര്‍ യാദവായിരുന്നു ഇവിടെ രണ്ടാം സ്ഥാനത്തുണ്ടായിരുന്നത്.
സി.പി.ഐ-സി.പി.ഐ.എം.എല്‍ പാര്‍ട്ടികളോട് യു.പി.എ കാണിച്ച അവഗണന ബീഹാറിലും എന്‍.ഡി.എയ്ക്ക് ഗുണം ചെയ്യും. മുന്‍ ജെ.എന്‍.യു.എസ്.യു പ്രസിഡന്റ് കനയ്യകുമാര്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ബഗുസരൈ ലോക്‌സഭാ സീറ്റില്‍ സി.പി.ഐയ്ക്ക് ശക്തമായ സ്വാധീനമുണ്ട്. ഇവിടുത്തെ തെരഞ്ഞെടുപ്പു ഫലം നിശ്ചയിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന ഭൂമിഹാര്‍ ജാതിയില്‍പ്പെട്ടയാളാണ് കനയ്യകുമാര്‍. 2014ല്‍ ബി.ജെ.പി 428227 വോട്ടുകള്‍ നേടിയാണ് ഇവിടെ നിന്നും ജയിച്ചത്. 369892 വോട്ടുകള്‍ നേടിയ ആര്‍.ജെ.ഡിയായിരുന്നു രണ്ടാം സ്ഥാനത്ത്. 192,639 വോട്ടുകള്‍ നേടിയ സി.പി.ഐയുടെ രാജേന്ദ്ര പ്രസാദ് മൂന്നാം സ്ഥാനത്തെത്തി. 1.5ലക്ഷത്തിലേറെ വോട്ടുകളുടെ വോട്ടുബാങ്കാണ് സി.പി.ഐയ്ക്ക് ഇവിടെയള്ളത്. കനയ്യകുമാറിന്റെ പ്രശസ്തി കൂടിയാവുമ്പോള്‍ അത് ഇനിയും കൂടും. അതുകൊണ്ടുതന്നെ ബീഹാറില്‍ സി.പി.ഐയോട് കാണിച്ച അവഗണനയ്ക്ക് യു.പി.എ വലിയ വിലനല്‍കേണ്ടിവരുമെന്നതില്‍ സംശയമില്ല.
വിവരങ്ങള്‍ക്ക് കടപ്പാട്: ദവയര്‍