കണ്ണൂര്‍: ചാലയില്‍ തിങ്കളാഴ്ച രാത്രി ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേരാണ് ഇന്ന് മരിച്ചത്. []
പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ചാല റംലാസില്‍ റിസ്വാന്‍(12), മംഗലാപുരം കെ.എം.സി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചാല നവനീതം വീട്ടില്‍ ലത(45)യാണ് എന്നിവരാണ് മരിച്ചത്. റിസ്വാന്റെ അച്ഛന്‍ റസാഖ് (55), അമ്മ റംലത്ത് (48), സഹോദരന്‍ റമീസ് (21) എന്നിവര്‍ കഴിഞ്ഞദിവസങ്ങളില്‍ മരിച്ചിരുന്നു.
അപകടത്തില്‍ പരിക്കേറ്റ് ഇതേ ആശുപത്രയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞികൃഷ്ണന്റെ ഭാര്യയാണ് ലത. ശനിയാഴ്ച രാത്രി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റെജീന(26) മരണമടഞ്ഞിരുന്നു.
കണ്ണൂര്‍ കൊയിലി ആഴുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കേശവന്‍ ശനിയാഴ്ച വൈകീട്ടോടെമരിച്ചിരുന്നു. ദുരന്തത്തില്‍ ആദ്യം തന്നെ മരിച്ച ചാല ഭഗവതിക്ഷേത്രത്തിന് സമീപം കുളങ്ങരവീട്ടില്‍ (ശ്രീനിലയം) ശ്രീലത(47)യുടെ ഭര്‍ത്താവാണ് കേശവന്‍.
ഗുരുതരമായ പൊള്ളലേറ്റ ചാല ദേവി വിലാസിലെ പ്രസാദ്, ഞാറയ്ക്കല്‍ റമീസ്, ഓമന, രാജന്‍ എന്നിവരും നേരത്തെ മരിച്ചിരുന്നു. ചാല സ്വദേശി രാജന്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഗുരുതരമായ പൊള്ളലേറ്റ രാജന്റെ ഭാര്യ ഇന്ദിര ചികിത്സയിലാണിപ്പോള്‍. വെള്ളിയാഴ്ച മരിച്ച നിഹയുടെ പിതാവാണ് രാജന്‍.
ഇതോടെ കേരള ചരിത്രത്തിലെ ഏറ്റവും വലിയ ടാങ്കര്‍ ദുരന്തമായി ചാല അപകടം മാറിയിരിക്കുകയാണ്. 2009 ഡിസംബര്‍ 31ന് കരുനാഗപ്പള്ളിയിലുണ്ടായ ബുള്ളറ്റ് ടാങ്കര്‍ അപകടത്തില്‍ 12 പേരാണ് മരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ്, പരിയാരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലായി നിരവധി പേര്‍ ഇപ്പോഴും ചികിത്സയിലുണ്ട്. അപകടത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 40ഓളം പേര്‍ക്ക് പരുക്കേറ്റിരുന്നു. പരുക്കേറ്റ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. 40 വീടുകളും 32 സ്ഥാപനങ്ങളും ഒട്ടേറെ വാഹനങ്ങളും അപകടത്തില്‍ കത്തിനശിച്ചു.
കണ്ണൂരിലെ ചാല ബൈപ്പാസിലാണ് ടാങ്കര്‍ പൊട്ടി തീ പടര്‍ന്നത്. തിങ്കളാഴ്ച്ച രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്. ബൈപ്പാസിലെ ഡിവൈഡറില്‍ തട്ടി മറിയുകയും വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു. അപകടത്തില്‍ ഗ്യാസ് ടാങ്കര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു.
അപകടസ്ഥലത്തിന് പരിസരത്ത് താമസിച്ചിരുന്നവരാണ് മരിച്ചവര്‍. മംഗലാപുരത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റില്‍നിന്ന് മലപ്പുറം ചേളാരിയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഫില്ലിങ് യൂണിറ്റിലേക്ക് പാചകവാതകവുമായി പോവുകയായിരുന്ന ഐ.ഒ.സിയുടെ നീളം കൂടിയ ബുള്ളറ്റ് ടാങ്കറായിരുന്നു അപകടത്തില്‍പെട്ടത്. ഗ്യാസ് ടാങ്കര്‍ ലോറി ഓടിച്ചിരുന്ന ഡ്രൈവര്‍ കണ്ണയ്യന്‍ വെള്ളിയാഴ്ച കണ്ണൂര്‍ പോലീസില്‍ കീഴടങ്ങി.