പാചകവാതക വിതരണം നിലച്ചു: കൊച്ചിന്‍ റിഫൈനറിയും പ്രതിസന്ധിയിയില്‍
Kerala
പാചകവാതക വിതരണം നിലച്ചു: കൊച്ചിന്‍ റിഫൈനറിയും പ്രതിസന്ധിയിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th September 2012, 8:21 am

കാക്കനാട്: അന്യസംസ്ഥാന ബുള്ളറ്റ് ടാങ്കറുകള്‍ കേരളത്തിലേക്കുള്ള സര്‍വീസ് വെട്ടിക്കുറക്കുകയും സുരക്ഷാ കാരണങ്ങളാല്‍ ഐ.ഒ.സിയുടെ ബോട്ടിലിങ് പ്ലാന്റ് അടയ്ക്കുകയും ചെയ്തതോടെ സംസ്ഥാനത്ത് പാചകവാതക വിതരണം നിലച്ചു.

കൊച്ചിന്‍ റിഫൈനറിയുടെ പ്രവര്‍ത്തനവും താളം തെറ്റിയ അവസ്ഥയിലാണ്. ഇവിടെ സംസ്‌കരിച്ച പാചകവാതകം നീക്കം ചെയ്യാതെ കെട്ടിക്കിടക്കുകയാണ്.[]

കൊച്ചിന്‍ റിഫൈനറിയിലാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ക്രൂഡോയില്‍ എത്തിച്ച് ഗ്യാസ് അടക്കമുള്ള വിവിധ പെട്രോളിയം ഉത്പന്നങ്ങള്‍ പ്രധാനമായും തരംതിരിക്കുന്നത്.

ഇങ്ങനെ വേര്‍തിരിക്കുന്നവ യഥാസമയം ഫില്ലിങ് പ്ലാന്റുകളിലേക്ക് നീക്കുകയാണ് പതിവ്. എന്നാല്‍ ഇന്നലെ ഉദയംപേരൂരിലെ ഐ.ഒ.സിയുടെ എല്‍.പി.ജി. ബോട്ട്‌ലിങ് പ്ലാന്റ് പൂട്ടിയതോടെ റിഫൈനറിയില്‍ നിന്നുള്ള ചരക്കുനീക്കം നിലച്ചു.

ഫില്ലിങ് പ്ലാന്റില്‍ വാതക ചോര്‍ച്ച ഉണ്ടായ സാഹചര്യത്തില്‍ ഉന്നതതല നിര്‍ദേശത്തെ തുടര്‍ന്ന് പ്ലാന്റ് അടച്ചതോടെ ഗ്യാസുമായി എത്തിയ നൂറ്റിഎഴുപതോളം ടാങ്കര്‍ ലോറികള്‍ക്ക് അണ്‍ലോഡ് ചെയ്യാനായിട്ടില്ല. ഇവ ലോഡിറക്കി തിരിച്ചെത്തിയാല്‍ മാത്രമേ റിഫൈനറിയില്‍ നിന്ന് പാചകവാതകം പ്ലാന്റില്‍ എത്തിക്കാന്‍ കഴിയൂ.

അന്യസംസ്ഥാന ബുള്ളറ്റ് ടാങ്കര്‍ ലോറികള്‍ സര്‍വീസ് വെട്ടിച്ചുരുക്കിയതോടെ സംസ്ഥാനത്തേക്കുള്ള ഗ്യാസ് വരവും നിലച്ച സ്ഥിതിയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ കോര്‍പറേഷന്റെ ഇരുന്നൂറോളം വിതരണ ഏജന്‍സികള്‍ക്ക് സ്‌റ്റോക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.

കൊച്ചിക്ക് പുറമേ മംഗലാപുരത്താണ് ദക്ഷിണേന്ത്യയിലേക്ക് ആവശ്യമുള്ള പെട്രോളിയം ഉല്‍പന്നങ്ങളുടെ ശുദ്ധീകരണം ഐ.ഒ.സി. നടത്തുന്നത്.

ഇന്നലെ സംസ്ഥാനത്ത് ഭൂരിപക്ഷം പ്രദേശങ്ങളിലും പാചകവാതക വിതരണം മുടങ്ങി. ഈ സ്ഥിതി തുടര്‍ന്നാല്‍ വരുംദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകും.

പതിനായിരം മുതല്‍ ഇരുപതിനായിരംവരെ ഉപയോക്താക്കളുള്ളതാണ് ഐ.ഒ.സിയുടെ ഓരോ ഏജന്‍സികളും. ജനങ്ങളെ ഏറ്റവും അധികം ബാധിക്കുന്ന പ്രശ്‌നം ഉടലെടുത്തിട്ടും സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്.