| Wednesday, 20th July 2016, 2:09 pm

എല്‍.പി.ജി ഇറക്കുമതിയിലെ ലാഭം സബ്‌സിഡി നേട്ടമായി പെരുപ്പിച്ചു കാട്ടി: കേന്ദ്രസര്‍ക്കാരിനെതിരെ സി.എ.ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എല്‍.പി.ജി ഇറക്കുമതിയിലെ ലാഭം സബ്‌സിഡി നേട്ടമായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുകയായിരുന്നെന്ന് സി.എ.ജി കണ്ടെത്തല്‍.

എല്‍.പി.ജി സബ്‌സിഡിയിലൂടെ കോടികള്‍ നേട്ടമുണ്ടാക്കിയെന്ന കേന്ദ്രസര്‍ക്കാര്‍ അവകാശവാദം തെറ്റാണെന്നും സബ്‌സിഡിയിലൂടെ ലഭിച്ചത് 2000 കോടി മാത്രമാണെന്നുമാണ് സി.എ.ജിയുടെ കണ്ടെത്തല്‍.

2014 മുതല്‍ 2016 വരെയുള്ള കാലയളവിനിടെ മാത്രം 22,000 കോടി രൂപയുടെ ലാഭം ഉണ്ടായെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. എന്നാല്‍ 2,000 കോടി രൂപ മാത്രമാണ് സബ്‌സിഡി ഇനത്തില്‍ സര്‍ക്കാരിന് ലഭിച്ചതെന്ന് സി.എ.ജി ചൂണ്ടിക്കാട്ടുന്നു.

എല്‍.പി.ജി സബ്‌സിഡി അനര്‍ഹരാവയവര്‍ വിട്ടു നല്‍കിയതിലൂടെയും ബാങ്ക് വഴി ആക്കിയതിലൂടെയും കോടികളുടെ നേട്ടമുണ്ടാക്കിയെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം. ഇത് തെറ്റാണെന്നാണ് സി.എ.ജി കണ്ടെത്തിയത്.

ഗാര്‍ഹിക സബ്‌സിഡിക്കായി ബാങ്ക് വഴി കൈമാറ്റം ചെയ്ത തുക വാണിജ്യ കാര്യങ്ങള്‍ക്കായി തിരിമറി നടത്തിയിട്ടുണ്ടെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വയക്കും.

ബാങ്ക് വഴിയുള്ള സബ്‌സിഡി വിതരണത്തിലും വന്‍ ക്രമക്കേടുകള്‍ നടന്നതായും സി.എ.ജി കണ്ടെത്തി. ഗാര്‍ഹിക സബ്‌സിഡിക്കായി വകയിരുത്തിയ തുക വാണിജ്യ ആവശ്യങ്ങള്‍ക്കായി വകമാറ്റിയെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.

2014-15 കാലഘട്ടത്തില്‍ 36,571 കോടി രൂപ ചെലവ് വന്നിരുന്ന എല്‍.പി.ജി ഇറക്കുമതിക്ക് 2015-16 കാലയളവില്‍ 25,626 ആയി കുറഞ്ഞിരുന്നു. ഒരുവര്‍ഷം സര്‍ക്കാരിന് 10.945 കോടി രൂപയുടെ ലാഭമാണ് ഉണ്ടായത്. എല്‍.പി.ജി ഇറക്കുമതി 500 ടി.എം.ടി അധികമായി ഉയര്‍ത്തുകയും ചെയ്തു. എല്‍.പി.ജി ഇറക്കുമതിയിലുണ്ടായ ഈ വന്‍ ലാഭമാണ് കേന്ദ്രപെട്രോളിയം മന്ത്രാലയം എല്‍.പി.ജി സബ്‌സിഡി ഇനത്തിലെ ലാഭമാക്കി പെരുപ്പിച്ചു കാട്ടിയതെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more