സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് വില കുത്തനെ കൂട്ടി
India
സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് വില കുത്തനെ കൂട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd October 2012, 12:55 am

കൊച്ചി: സബ്‌സിഡിയില്ലാത്ത എല്‍.പി.ജി സിലിണ്ടറുകളുടെ വില വീണ്ടും കുത്തനെ കൂട്ടി. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 918.50 മുതല്‍ 933 രൂപ വരെയായി വില ഉയര്‍ന്നു.

നേരത്തേ 789 രൂപയാണ് ഇതിന്‌ നിശ്ചയിച്ചിരുന്നത്. വ്യാവസായികാവശ്യത്തിനുള്ളത് 1435 രൂപയില്‍ നിന്ന് 1648.50 രൂപയ്ക്കു മുകളിലേക്ക് ഉയര്‍ന്നിട്ടുണ്ട്. വിലയില്‍ ഇനി എല്ലാ മാസവും ഏറ്റക്കുറച്ചിലുണ്ടാവുമെന്ന് എണ്ണക്കമ്പനി അധികൃതര്‍ അറിയിച്ചു.[]

ധര്‍മസ്ഥാപനങ്ങള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, അനാഥാലയങ്ങള്‍ തുടങ്ങിയവയ്ക്കുള്ള സിലിണ്ടറുകള്‍ക്ക് 1137.50 രൂപയാണു വില. ഞായറാഴ്ച വരെ 978.50 രൂപയായിരുന്നു. 1435 രൂപയായിരുന്ന വാണിജ്യ വ്യവസായാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകള്‍ക്ക് ഇന്നലെ മുതല്‍ 1640 രൂപ വാങ്ങിതുടങ്ങി.

ഹോട്ടലുകള്‍ക്കുള്ള സിലിണ്ടറിന് ഒറ്റയടിക്ക് 205 രൂപ കൂടിയതിനാല്‍ ഭക്ഷണ വില വര്‍ധിപ്പിക്കേണ്ടി വരുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

ഇനി ഓരോ മാസവും വിലയില്‍ വ്യത്യാസമുണ്ടാകുമെന്നാണ് എണ്ണക്കമ്പനികള്‍ ഏജന്‍സികള്‍ക്കു നല്‍കിയിട്ടുള്ള നിര്‍ദേശം. വിപണിയനുസരിച്ചുള്ള വില നിര്‍ണയ രീതി പ്രകാരം നിരക്ക് നിശ്ചയിക്കുമെന്ന് കഴിഞ്ഞ 14ന് എണ്ണക്കമ്പനികള്‍ പറഞ്ഞിരുന്നു.

ഓരോ മാസവും 3  പൊതുമേഖലാ എണ്ണക്കമ്പനികളും യോഗം ചേര്‍ന്ന് നിരക്ക് തീരുമാനിക്കും. പാചകവാതക സിലിണ്ടറുകളുടെ വിതരണത്തില്‍ മാത്രമല്ല വിലയിലും ജനത്തിന് കനത്ത തിരിച്ചടി ഉണ്ടാക്കുന്നതാണ് പുതിയ നീക്കം.

രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വിലയില്‍ വരുന്ന മാറ്റത്തിനനുസരിച്ചായിരിക്കും ഈ ഏറ്റക്കുറച്ചില്‍. സബ്‌സിഡി സിലിണ്ടറുകള്‍ മാര്‍ച്ച് വരെ മൂന്നെണ്ണം ലഭിക്കുമെന്നതിനാല്‍ ഡിസംബര്‍ മുതലേ ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് വില വര്‍ധന ഉണ്ടാകൂ.

സബ്‌സിഡിയുള്ളതും സബ്‌സിഡിയില്ലാത്തതും വാണിജ്യാവശ്യങ്ങള്‍ക്കുമുള്ള സിലിണ്ടറുകള്‍ ഒരേ തരവും തൂക്കവുമുള്ളതാണ്. ഇവയ്ക്ക് വ്യത്യസ്ത രീതിയിലാണ് വാറ്റ് നികുതി ഈടാക്കുന്നത്. ഇങ്ങനെ തരംതിരിച്ച് അക്കൗണ്ട് തയാറാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് എണ്ണക്കമ്പനികളുടെ പരാതി.