ചാല ദുരന്തം: മലബാറിലെ പാചകവാതക വിതരണം പ്രതിസന്ധിയില്‍
Kerala
ചാല ദുരന്തം: മലബാറിലെ പാചകവാതക വിതരണം പ്രതിസന്ധിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th September 2012, 11:08 am

മലപ്പുറം: ചാല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ടാങ്കര്‍ ലോറികളുടെ വരവ് നിലച്ചതോടെ മലബാര്‍ മേഖലയില്‍ പാചകവാതക വിതരണം പ്രതിസന്ധിയിലേക്ക്. മലബാര്‍ ജില്ലകളിലേക്ക് പാചകവാതകം എത്തിക്കുന്ന മലപ്പുറം ചേളാരിയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍(ഐ.ഒ.സി) പ്ലാന്റില്‍ അവശേഷിക്കുന്നത് മൂന്ന് ദിവസത്തേക്കുള്ള സ്‌റ്റോക്ക് മാത്രമാണ്.[]

കഴിഞ്ഞമാസം 25 ന് ശേഷം ചേളാരി പ്ലാന്റിലെത്തിയ ടാങ്കറുകളില്‍ പലതും, ഭീഷണി ഭയന്ന് മടങ്ങിപ്പോയിട്ടില്ല. പത്തില്‍ താഴെ ലോറികള്‍ മാത്രം നിര്‍ത്തിയിടാറുള്ള പ്ലാന്റിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഇപ്പോഴുള്ളത് അറുപതിലേറെ ലോറികളാണ്.

മംഗലാപുരത്ത് നിന്ന് ടാങ്കറുകളുടെ വരവ് പൂര്‍ണമായി നിലച്ചതോടെയാണ് പാചകവാതക വിതരണം പ്രതിസന്ധിയിലായത്. ചാല അപകടത്തിനുശേഷം, ടാങ്കര്‍ ലോറികള്‍ക്ക്‌ നേരെയുണ്ടായ ഭീഷണിയെത്തുടര്‍ന്നാണ് ലോറികള്‍ സര്‍വീസ് നിര്‍ത്തിയത്.

പൊലീസ് സംരക്ഷണമില്ലെങ്കില്‍ വാഹനം ഓടിക്കേണ്ടെന്ന നിലപാടിലാണ് ഐ.ഒ.സി അധികൃതരും. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ മലബാറിന് പുറകെ തെക്കന്‍ ജില്ലകളെയും ഇത് ബാധിക്കുമെന്നും സൂചനയുണ്ട്.

ടാങ്കറുകള്‍ എത്താത്തതിനാല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ചേളാരി പ്ലാന്റില്‍ പാചക വാതക സ്‌റ്റോക്ക് പരിമിതമായി. സ്ഥിതി തുടര്‍ന്നാല്‍ വരുംദിവസങ്ങളില്‍ മലബാര്‍ ജില്ലകളില്‍ പാചക വാതക ക്ഷാമം രൂക്ഷമാകും.