ന്യൂദല്‍ഹി: കംപ്രസ്ഡ് നാചുറല്‍ ഗ്യാസ് (സി.എന്‍.ജി) എന്ന പരിസ്ഥിതി സൗഹൃദ ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഉടമകള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ ഇരുട്ടടി. ആറു ശതമാനം വിലയാണ് സി.എന്‍.ജിയ്ക്ക് വര്‍ധിപ്പിച്ചത്. പാചകവാതകമായ പി.എന്‍.ജിയ്ക്കും (പൈപ്പ്ഡ് നാചുറല്‍ ഗ്യാസ്) ആറു ശതമാനം വില വര്‍ധിപ്പിച്ചിട്ടുണ്ട്.
രണ്ടുവര്‍ഷങ്ങള്‍ക്കിടെ ഉണ്ടാകുന്ന ഏറ്റവും വലിയ വിലവര്‍ധനവാണ് ഇത്. ഞായറാഴ്ച മുതല്‍ വിലവര്‍ധനവ് പ്രാബല്യത്തില്‍ വരും. നരേന്ദ്രമോദി സര്‍ക്കാര്‍ അവതരിപ്പിച്ച ഗ്യാസ് വിലനിര്‍ണ്ണയ ഫോര്‍മുല പ്രകാരം അടുത്ത ആറുമാസത്തേക്ക് ഈ വിലവര്‍ധനവ് നിലനില്‍ക്കും.
പുതിയ വര്‍ധവനവ് യൂറിയ നിര്‍മ്മാണത്തിന്റെ ചെലവ് കൂട്ടുന്നതാണ്. യൂറിയ നിര്‍മ്മാണത്തിന്റെ അസംസ്‌കൃത വസ്തുക്കളില്‍ ഒന്നാണ് സി.എന്‍.ജി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് പോലുള്ള സ്വകാര്യ കമ്പനികള്‍ക്കും പൊതുമേഖലാ സ്ഥാപനമായ ഒ.എന്‍.ജി.സി, ഒ.ഐ.എല്‍ എന്നീ സ്ഥാപനങ്ങള്‍ക്കുമാണ് ഈ വിലവര്‍ധനവിന്റെ നേട്ടം. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കുക ഒ.എന്‍.ജി.സിയാണ്.
ഒ.എന്‍.ജി.സിയുടെ വാര്‍ഷിക വരുമാനം 4,100 കോടി രൂപയാണ്. എന്‍.ഡി.എ സര്‍ക്കാറിന്റെ പുതിയ നയപ്രകാരം ഓരോ ആറുമാസവും വാതകവില പുനര്‍നിര്‍ണ്ണയിക്കാമെന്നാണ് വ്യവസ്ഥ.