| Friday, 24th May 2013, 10:55 am

റിലയന്‍സ് ഗ്രൂപ്പിന് വേണ്ടി ലക്ഷം കോടികളുടെ അഴിമതി: ഗുരുദാസ് ദാസ് ഗുപ്ത

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: പാചകവാതക മേഖലയില്‍ വന്‍ അഴിമതി നടക്കുന്നതായി സി.പി.ഐ എം.പി ഗുരുദാസ് ദാസ് ഗുപ്ത. പെട്രോളിയം മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് ഭീമമായ അഴിമതി നടക്കുന്നതെന്നും ഗുരുദാസ് ദാസ് ഗുപ്ത ആരോപിച്ചു.

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന് വേണ്ടിയാണ് ഈ അഴിമതി  നടത്തുന്നതെന്നും ഗുരുദാസ് ദാസ് ആരോപിച്ചു.

പാചകവാതകത്തിന്റെ വില വര്‍ധനവ് മുകേഷ് അംബാനിക്ക് അവിഹിതമായി പണം സമ്പാദിക്കാനുള്ള വഴിയാണെന്നും ഗുരുദാസ് വ്യക്തമാക്കി.

ഇന്നലെ നടന്ന പത്ര സമ്മേളനത്തിനിടെയാണ് ഗുരുദാസ് ദാസ് ഗുപ്ത പെട്രോളിയം മന്ത്രാലയത്തിനെതിരേയും റിലയന്‍സിനെതിരേയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

പാചകവാതകത്തിന്റെ വില വര്‍ധനവിനെ സംബന്ധിച്ച രേഖകളും ഗുരുദാസ് പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി. പാചകവാതക വര്‍ധനവ് ഇരട്ടിപ്പിക്കണമെന്ന രംഗരാജന്‍ പാനല്‍ ആവശ്യപ്പെട്ടതും പെട്രോളിയം മന്ത്രിയായ വീരപ്പ മൊയ്‌ലി ഈ ശുപാര്‍ശയ്ക്കുമപ്പുറത്തുള്ള കാര്യങ്ങളാണ് നിര്‍ദേശിച്ചിരിക്കുന്നതെന്നും ഗുരുദാസ് ദാസ് ഗുപ്ത വ്യ്ക്തമാക്കി.[]

ആദ്യ വര്‍ഷത്തില്‍ ഇന്ധന വില 8 ഡോളര്‍ mbtu ആയിരുന്നെങ്കില്‍ രണ്ടാമത്തെ വര്‍ഷത്തില്‍ ഇത് 10 ഡോളര്‍ ആക്കണമെന്നും മൂന്നാം വര്‍ഷം 12 ഡോളറും നാലാം വര്‍ഷം 14 ഡോളര്‍ mbtu ആക്കണമെന്നും മൊയ്‌ലി ശുപാര്‍ശ ചെയ്യുന്നു.

ഇത്തരത്തില്‍ വില വര്‍ധിപ്പിക്കുന്നത് റിലയന്‍സിന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങിയാണെന്നും ഗുരുദാസ് ദാസ് ഗുപ്ത പറയുന്നു. മൊയ്‌ലിയുടെ ശുപാര്‍ശകളെ പെട്രോളിയം സെക്രട്ടറിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും എതിര്‍ത്തിരുന്നെന്നും എന്നാല്‍ തന്റെ ശുപാര്‍ശകള്‍ പാസ്സാക്കാന്‍ മൊയ്‌ലി കടുത്ത സമ്മര്‍ദ്ദം നടത്തിയെന്നും ഗുരുദാസ് ആരോപിക്കുന്നു.

മൊയ്‌ലിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ചാല്‍ പാചകവാതകത്തില്‍ രാജ്യം 76000 കോടിയുടെ അധിക സബ്‌സിഡി ബാധ്യത കൂടി സഹിക്കേണ്ടി വരുമെന്നും ഗുരുദാസ് പറയുന്നു.

ഇതിന്റെ ലാഭം മുഴുവന്‍ ലഭിക്കുക റിലയന്‍സ് ഗ്രൂപ്പിനാണ്. പ്രധാനമന്ത്രി വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും മൊയ്‌ലിയെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

13.8 ഡോളര്‍mbtu എന്ന റിലയന്‍സിന്റെ ആവശ്യം അംഗീകരിച്ചാല്‍ സബ്‌സിഡി ബാധ്യത പ്രതിവര്‍ഷം 36000 കോടിയാകുമെന്നും ഇതുവഴി 32,400 കോടി റിലയന്‍സിന് അധികമായി ലഭിക്കുമെന്നും ഗുരുദാസ് പറയുന്നു.

അഞ്ച് വര്‍ഷത്തിനുള്ളില്‍ റിലയന്‍സിന് ഇങ്ങനെ ലഭിക്കുക 1,62,000 കോടി രൂപയാണ്. ഇത്രയും ഭീമമായ അഴിമതിയാണ് പെട്രോളിയം മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ നടക്കാന്‍ പോകുന്നതെന്നും ഗുരുദാസ് പറയുന്നു.

‘കോണ്‍ഗ്രസും ബി.ജെ.പിയും രാജ്യം ഭരിക്കുന്നത് റിലയന്‍സിന് വേണ്ടി’ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം

പെട്രോളിയം വകുപ്പ് ഏറ്റെടുക്കുന്നവര്‍ സമ്മര്‍ദ്ദത്തിലാവും: ജയ്പാല്‍ റെഡ്ഡി

We use cookies to give you the best possible experience. Learn more