പാചക വാതകത്തിന് ആധാര്‍: സമയപരിധി ഇന്ന് അവസാനിക്കും
India
പാചക വാതകത്തിന് ആധാര്‍: സമയപരിധി ഇന്ന് അവസാനിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st December 2013, 9:40 am

[]ന്യൂദല്‍ഹി: ആധാര്‍ നമ്പര്‍ പാചകവാതക സബ്‌സിഡിയുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത ഉപയോക്താക്കള്‍ സബ്‌സിഡിയില്ലാത്ത മുഴുവന്‍ തുകയും നല്‍കിയാല്‍ മാത്രമേ നാളെമുതല്‍ ഗ്യാസ് സിലിണ്ടര്‍ ലഭിക്കൂ.

ബാങ്ക് അക്കൗണ്ടുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിച്ച് സബ്‌സിഡി ലഭ്യമാക്കാനുള്ള തിയതി ഇന്ന് അവസാനിക്കും.

ഇനി മുതല്‍ സബ്‌സിഡിയില്ലാതെ സിലിണ്ടറിന് ഉപഭോക്താക്കള്‍ 1063 രൂപ നല്‍കണം. ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് എണ്ണക്കമ്പനികളില്‍ സമര്‍പ്പിച്ചവരുടെ അക്കൗണ്ടിലേക്ക് സബ്‌സിഡി തുകയായ 588 രൂപ ലഭിക്കും.

അല്ലാത്തവര്‍ 444 മുതല്‍ 480 രൂപവരെ നല്‍കിയിരുന്ന സ്ഥാനത്ത് ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കുന്നതുവരെ 1063 രൂപനല്‍കേണ്ടി വരും. വാഹനവിതരണക്കാരുടെ അനധികൃത കമ്മിഷന്‍ വേറെയും നല്‍കണം.

നവംബര്‍ 30 ആയിരുന്നു സബ്‌സിഡി ആധാറുമായി ബന്ധപ്പെടുത്താന്‍ നിശ്ചയിച്ചിരുന്ന പരിധി. വ്യാപകപ്രതിഷേധത്തെത്തുടര്‍ന്ന് ഒരുമാസം കൂടി സമയം നീട്ടിനല്‍കുകയായിരുന്നു.

കേരളത്തിലെ 14 ജില്ലകളിലും സബ്‌സിഡി നേരിട്ടു കൈമാറുന്ന പരിപാടി നടപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ 71.50 ശതമാനം ഉപയോക്താക്കള്‍ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ കമ്പനികള്‍ക്കു നല്‍കിയിട്ടുണ്ടെങ്കിലും ഇതില്‍ അറുപതുശതമാനം പേരെയേ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് സബ്‌സിഡി കൈമാറ്റാന്‍ സാധിച്ചിട്ടുള്ളു.

ആധാര്‍ നമ്പറുകളും അക്കൗണ്ടുകളും ബന്ധിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവതെ കുഴയുകയാണ് ഗ്യാസ് ഏജന്‍സികള്‍.

അതേസമയം പാചകവാതക സബ്‌സിഡി ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന ആവശ്യം ശക്തമായതിനിടെ കഴിഞ്ഞ മാസങ്ങളില്‍ കേരളത്തില്‍ മാത്രം 290 കോടിയോളം രൂപയുടെ സബ്‌സിഡി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറിയതായി പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു.