ന്യൂദല്‍ഹി: പാചക വാതക വില കൂട്ടി. ഗാര്‍ഗിക സിലിണ്ടറിന് 18 രൂപയും വ്യാവസായിക ഉപഭോഗത്തിനുള്ള സിലിണ്ടറിന് 20 രൂപയുമാണ് കൂട്ടിയത്.
ഇതോടെ സബ്‌സിഡി സിലിണ്ടറിന് വില 541.50 രൂപയാകും. 77 രൂപ സബ്‌സിഡിയായി ലഭിക്കും. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 1019.50 രൂപയുമാകും പുതിയ വില.
സബ്‌സിഡിയില്ലാത്ത എല്‍.പി.ജിയ്ക്കും മണ്ണെണ്ണയ്ക്കും ഇന്നലെ വില കൂട്ടിയിരുന്നു. സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 18 രൂപയാണ് ഉയര്‍ത്തിയത്. 546.50 രൂപയാണ് പുതിയ വില. മണ്ണെണ്ണയ്ക്കും മൂന്ന് രൂപ കൂട്ടിയിട്ടുണ്ട്.
ക്രൂഡ് ഓയില്‍ വിലയില്‍ വന്ന വര്‍ദ്ധനയാണ് വിലവര്‍ദ്ധനവിന് കാരണമായി പറയുന്നത്. കഴിഞ്ഞ ദിവസം പെട്രോള്‍ ഡീസല്‍ വിലകളും വര്‍ദ്ധിച്ചിരുന്നു. പെട്രോള്‍ ലിറ്ററിന് 1.06 രൂപയും ഡീസലിന് 2.94 രൂപയുമായിരുന്നു വര്‍ധിപ്പിച്ചത്.
ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ പാചകവാതക സിലിണ്ടറിന്റെ വിലയും വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇന്നലെ മുതല്‍ വിലവര്‍ദ്ധനവ് പ്രാബല്യത്തില്‍ വരും.
എണ്ണക്കമ്പനികളാണ് ആഭ്യന്തരവിലയില്‍ മാറ്റം വരുത്തുന്നതെങ്കില്‍ കൂടി തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വിലവര്‍ദ്ധനവ് വലിയവിഷയമായി തന്നെ രാഷ്ട്രീയപാര്‍ട്ടികളെ ബാധിക്കുമെന്നതില്‍ സംശയമില്ല.