ഇന്ധന വിലയ്ക്ക് പിന്നാലെ പാചക വാതക വിലയും കൂട്ടി
national news
ഇന്ധന വിലയ്ക്ക് പിന്നാലെ പാചക വാതക വിലയും കൂട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd March 2022, 7:23 am

ന്യൂദല്‍ഹി : ഇന്ധന വില വര്‍ധനയ്ക്ക് പിന്നാലെ രാജ്യത്ത് പാചക വാതകത്തിനും വില കൂട്ടി. വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില 50 രൂപയാണ് കൂട്ടിയത്. കൊച്ചിയിലെ പുതിയ വില 956 രൂപയാണ്.

അഞ്ചു കിലോയുടെ സിലിണ്ടറിന്റെ വിലയും കൂട്ടിയിട്ടുണ്ട്. സിലിണ്ടറിന് 13 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ വില 352 രൂപയായി.

നേരത്തെ വാണിജ്യ സിലണ്ടറിന്റെ വില വര്‍ധിപ്പിച്ചിരുന്നു. ഈ മാസം ആദ്യം വാണിജ്യ സിലിണ്ടറിന് 106 രൂപ 50 പൈസയാണ് കൂട്ടിയത്. വില കൂട്ടിയതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 2009 രൂപയായി ഉയര്‍ന്നിരുന്നു.

രാജ്യത്ത് ഇന്ധന വിലയും വര്‍ധിപ്പിച്ചിരുന്നു. പെട്രോള്‍ ലീറ്ററിന് 87 പൈസയാണ് കൂട്ടിയത്. ഡീസല്‍ ലീറ്ററിന് 85 പൈസയും കൂട്ടി. 137 ദിവസത്തിന് ശേഷമാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്. വില വര്‍ധന ഇന്ന് പ്രാബല്യത്തില്‍ വരുമെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ഇന്ധന വിലയില്‍ വര്‍ധനവ് വരുത്തിയിരുന്നില്ല. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇന്ധന വില വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഫലം വന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്.

 

 

Content Highlights: gas cylinder price hike