ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ പാചക വാതക സിലിണ്ടറിന്റെ വില 2000 രൂപയായി ഉയര്‍ത്തും; മുന്നറിയിപ്പുമായി മമത
India
ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ പാചക വാതക സിലിണ്ടറിന്റെ വില 2000 രൂപയായി ഉയര്‍ത്തും; മുന്നറിയിപ്പുമായി മമത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st March 2024, 9:33 am

കൊല്‍ക്കത്ത: കേന്ദ്രത്തില്‍ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ പാചക വാതക സിലിണ്ടറിന്റെ വില 2000 രൂപയായി ഉയര്‍ത്തുമെന്ന മുന്നറിയിപ്പുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ജാര്‍ഗ്രാം ജില്ലയില്‍ സര്‍ക്കാര്‍ പരിപാടിയില്‍ സംസാരിക്കവെയാണ് മമതയുടെ പ്രതികരണം.

‘ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ പാചക വാതക സിലിണ്ടറിന്റെ വില 1500 രൂപയായോ 2000 രൂപയായോ ആയി ഉയര്‍ത്തിയേക്കും. പിന്നീട് നമുക്ക് അടുപ്പില്‍ തീ കൊളുത്തണമെങ്കില്‍ വിറക് ശേഖരിക്കുന്ന പഴയ കാലത്തേക്ക് മടങ്ങേണ്ടി വരും’, മമത പറഞ്ഞു.

ആവാസ് യോജനക്ക് കീഴിലുള്ള വീടുകളുടെ നിര്‍മാണം ഏപ്രില്‍ അവസാനത്തോടെ പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് മമത അന്ത്യശാസനം നല്‍കി. അല്ലാത്തപക്ഷം മെയ് മുതല്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് വീടുകള്‍ നിര്‍മിക്കുമെന്നും മമത അവകാശപ്പെട്ടു.

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് അവരുടെ വേതനം നല്‍കാന്‍ കേന്ദ്രം തയാറാകുന്നില്ലെന്നും മമത ആരോപിച്ചു. 59 ലക്ഷം വരുന്ന തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടാണ് വേതനം വിതണം ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സന്ദേശ്കാലി അതിക്രമക്കേസില്‍ അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖിനെ കുറിച്ച് പ്രതികരിക്കാന്‍ മമത തയ്യാറായില്ല. 50 ദിവസത്തോളം ഒളിവിലായിരുന്ന ഷാജഹാന്‍ ഷെയ്ഖിനെ വ്യാഴാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Contant Highlight: Gas Cylinder May Cost Rs 2,000 If BJP Returns To Power: Mamata Banerjee