[share]
[] തൃശ്ശൂര്‍: മുളങ്ങിലെ ആഭരണനിര്‍മ്മാണശാലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് സ്ഥാപന ഉടമ മുളങ്ങ് കൊറ്റിക്കല്‍ സലീഷിനെ (36) പോലീസ് അറസ്റ്റ് ചെയ്തു. മനഃപൂര്‍വ്വമല്ലാത്ത നരഹത്യ, അനുമതിയില്ലാതെ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിക്കല്‍, ലൈസന്‍സില്ലാത്ത സ്ഥാപനനടത്തിപ്പ്, തൊഴിലാളികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്താതിരിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.
അപകടം നടന്ന സ്ഥലം സ്‌ഫോടകവസ്തു വിദഗ്ധസംഘം പരിശോധിച്ചു. കൊച്ചിയില്‍നിന്നുള്ള ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ്‌സിലെ ടി.ഒ. ശശി, ടാംഗാഡ്ഗി എന്നിവരാണ് അപകടം നടന്നയിടത്ത് പരിശോധന നടത്തിയത്.
അപകടത്തില്‍ നാല് പേര്‍ മരിക്കുകയും എട്ടോളംപേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയുമാണ്.
ദയ ആശുപത്രിയില്‍ ബാപ്പു, ഗിരീഷ്, ജൂബിലി മിഷന്‍ ആശുപത്രിയില്‍ സഞ്ജയ്, ഹരിദാസ്, ബിജോയ് കൃഷ്ണ, സുധീഷ്, സൈമര്‍ എന്നിവരുടെ നില അതീവഗുരുതരമായി തുടരുകയാണ്. ചികിത്സയില്‍ കഴിയുന്ന വിനോദ്, സന്ദീപ്, മുരളി, തപസ്, പീത്രസ് എന്നിവര്‍ സുഖപ്പെട്ടുവരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
തൃശൂരിലെ പുതുക്കാട് മുളങ്ങിലില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. അപകട സമയത്ത് 25 പേരാണ് കെട്ടിടത്തിനുള്ളിലുണ്ടായിരുന്നത്. സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് സമീപമുണ്ടായിരുന്ന തെര്‍മോകോളിലേക്ക് തീ പടരുകയായിരുന്നു.
ആഭരണനിര്‍മ്മാണശാലയിലെ ജീവനക്കാരനായിരുന്ന നെന്മാറ സ്വദേശി സഞ്ജു (28) അപകടത്തെ തുടര്‍ന്ന് സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. പാലക്കാട് പൂങ്കുന്നം സ്വദേശി ധനേഷ്്(20) ,ബംഗാള്‍ സ്വദേശി പാപ്പി(18) ,തൃശ്ശീര്‍ മുളങ്ങ് മാലിപ്പറമ്പില്‍ പ്രസാദ് (35) എന്നിവരാണ് അപകടത്തില്‍ മരിച്ച മറ്റ് ജീവനക്കാര്‍.