കൊച്ചി: ഒരേ പേരുകാരുടെ പാചകവാതക കണക്ഷനുകള്‍ അടിയന്തരമായി തടയാന്‍ എണ്ണക്കമ്പനികളുടെ നിര്‍ദേശം. ഒരു പേരില്‍ ഒന്നില്‍ കൂടുതല്‍ കണക്ഷന്‍ ഉണ്ടെങ്കില്‍ കൂടുതലുള്ളവ റദ്ദാക്കണമെന്നാണ് മൂന്ന് എണ്ണക്കമ്പനികളും വിതരണക്കാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.
ഈ മാസം 25 മുതല്‍ ഇത്തരക്കാര്‍ക്ക് സ്‌റ്റോപ്പ് മെമ്മോ നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരക്കാരുടെ പേരുവിവരങ്ങളും ഏജന്‍സികള്‍ക്ക് കമ്പനികള്‍ അയച്ചുകൊടുത്തിട്ടുണ്ട്.[]
ഇതേതുടര്‍ന്ന് സംസ്ഥാനത്ത് ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഈ മാസം പാചക വാതക സിലിണ്ടര്‍ നഷ്ടമായേക്കും. കണക്ഷന്‍ തടയപ്പെടുന്നവര്‍ക്ക് 25 ന് ശേഷം സിലിണ്ടര്‍ അനുവദിക്കില്ല. അത്രയും കുറവ് സിലിണ്ടറേ കമ്പനിയില്‍ നിന്നും ഏജന്‍സികള്‍ക്ക് അനുവദിക്കൂ.
സംസ്ഥാനത്ത് ഐ.ഒ.സിക്ക് 260 ഏജന്‍സികളും ഭാരത് പെട്രോളിയത്തിന് 100 ഉം എച്ച്.പി.സിക്ക് 48 ഏജന്‍സിയുമാണുള്ളത്. ഇത്രയും ഏജന്‍സികളില്‍ ഒരേ പേരുള്ള ആയിരക്കണക്കിന് ഉപയോക്താക്കളുണ്ട്.
ലിസ്റ്റിലുള്ളവര്‍ 15 ദിവസത്തിനകം രേഖകള്‍ സഹിതം അപേക്ഷ നല്‍കി തങ്ങള്‍ വ്യത്യസ്ത വീട്ടുകാരാണെന്നും തന്റെ പേരില്‍ ഒരു കണക്ഷനേ ഉള്ളൂവെന്നും തെളിയിക്കേണ്ടതുണ്ട്.
വസ്തുത ബോധ്യപ്പെട്ടാല്‍ കണക്ഷന്‍ പുനഃനസ്ഥാപിക്കും. ഒരേ പേരുകാര്‍ വ്യത്യസ്ത ആളുകളാണെന്ന് തെളിയിക്കാന്‍ വില്ലേജില്‍ നിന്നും പഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന തിരിച്ചറിയല്‍രേഖ ഹാജരാക്കിയാലേ കണക്ഷന്‍ പുനഃസ്ഥാപിക്കൂ.
വിലാസവും സ്ഥലനാമവും വ്യത്യസ്തമായാലും പേര് ഒന്നായാല്‍ വിശദാംശങ്ങള്‍ നല്‍കി ബോധ്യപ്പെടുത്തേണ്ടതുണ്ട്.
എന്നാല്‍ നിര്‍ദേശം എങ്ങനെ നടപ്പാക്കണമെന്ന് ഉത്തരവില്‍ വിശദമാക്കാത്തതാണ് ഏജന്‍സികളെ കുഴക്കുന്നത്. ഇവരില്‍ എല്ലാവരും തന്നെ വ്യത്യസ്ത വിലാസക്കാരാണെന്ന് വിതരണക്കാര്‍ പറയുന്നു.
ഇക്കാര്യം എണ്ണക്കമ്പനിയെ എങ്ങനെ ബോധ്യപ്പെടുത്തുമെന്ന ആശയക്കുഴപ്പത്തിലാണവര്‍. ഇന്നോ നാളെയോ ഇതുസംബന്ധിച്ച് കൂടുതല്‍ നിര്‍ദേശങ്ങള്‍ നല്‍കാമെന്നാണ് എണ്ണക്കമ്പനികള്‍ അറിയിച്ചിരിക്കുന്നത്.
കേരളത്തില്‍ ഒരേ പേരുകാര്‍ കൂടുതലും ക്രിസ്ത്യന്‍, മുസ്ലിം സമുദായത്തില്‍പ്പെട്ടവരാണെന്നാണ് ഏജന്‍സികളുടെ വിലയിരുത്തല്‍. ഇവരില്‍ മിക്കവരുടെയും പേരിനൊപ്പം വീട്ടുപേരും മറ്റും ചേര്‍ക്കുന്ന രീതിയുള്ളതിനാല്‍ ഒരു ഏജന്‍സിയില്‍ തന്നെ ഒരേ പേരില്‍ നിരവധിപേരുള്ളതും പ്രശ്‌നമാണ്.